വര്‍ക്കല: പാപനാശത്ത് ഫ്ളോട്ടിംഗ് ബ്രിഡ്ജ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ നഗരസഭയില്‍ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. പദ്ധതി നടപ്പാക്കിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു.
അഴിമതിക്ക് കൂട്ടുനിന്ന ടൂറിസം മന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ബിജെപി അംഗങ്ങളുടെ ആവശ്യത്തിനെതിരെ സിപിഎം അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം ഉണ്ടാക്കുകയും ബിജെപി അംഗങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു.
കൗണ്‍സില്‍ അജണ്ടകള്‍ പാസായതായി പ്രഖ്യാപിച്ച് ചെയര്മാന് സഭവിടാന് ശ്രമിക്കവെ ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞു. തുടര്‍ന്ന് സിപിഎം കൗണ്‍സിലര്‍മാര്‍ ചെയര്മാന് വഴി ഒരുക്കാനെന്ന വ്യാജേന ബിജെപി അംഗങ്ങളെ ശക്തമായി തള്ളിമാറ്റി. ഇതോടെ ഇരുപക്ഷവും നേര്‍ക്കുനേര്‍ വരികയും കൗണ്‍സില്‍ ഹാള്‍ സംഘര്‍ഷഭരിതമാകുകയും ചെയ്തു.
വര്‍ക്കല നഗരസഭയില്‍ മനുഷ്യ ജീവന് വിലയില്ലാതായായെന്ന് ബിജെപി അംഗങ്ങള്‍ ആരോപിച്ചു. എന്നും ഹോട്ടലുകളില്‍ സ്ഥിരമായി ഭക്ഷ്യ വിഷബാധയുണ്ടാകുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ അഴിമതിക്കുവേണ്ടി പദ്ധതികള്‍ നടപ്പാക്കി മനുഷ്യജീവന് അപകടമുണ്ടാക്കുന്നു. എന്തൊക്കെ സംഭവിച്ചാലും നഗരസഭ ചെയര്‍മാനും ഭരണസമിതും വായ് തുറക്കില്ല എന്ന സമീപനമാണ്. ഇവര്‍ സ്വയം രാജിവച്ച് പോകുന്നതാണ് ജനങ്ങള്‍ക്ക് നല്ലതെന്നും വരുംദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി കൗണ്‍സലര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: