Categories: World

ചൈനയില്‍ വന്‍ സ്‌ഫോടനം: 1 മരണം, 22 പേര്‍ക്ക് പരിക്ക്; നിരവധി വാഹനങ്ങള്‍ക്കും കെട്ടിടങ്ങളും നശിച്ചു; വീഡിയോ പുറത്ത്

Published by

ഹെബെയ് (ചൈന): വടക്കന്‍ ചൈനയിലെ ഹെബെയ് പ്രവിശ്യയില്‍ വന്‍ സ്‌ഫോടനം. സംഭവത്തില്‍ നിരവധി വാഹനങ്ങള്‍ക്കും കെട്ടിടങ്ങളും നശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. യാന്‍ജിയാവോ റസ്‌റ്റോറന്റിലുണ്ടായ വാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാധമിക വിവരം.

സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, കെട്ടിടത്തിനും നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാമൂഹിക മാധ്യമങ്ങില്‍ ഇതിനോടകം തന്നെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

യാന്‍ജിയാവോ ടൗണ്‍ഷിപ്പിലെ ഫ്രൈഡ് ചിക്കന്‍ കടയിലുണ്ടായ വാതക ചോര്‍ച്ചയാണ് സ്‌ഫോടനത്തിന് കാരണമെന്ന് സംശയിക്കുന്നതായി സര്‍ക്കാര്‍ നടത്തുന്ന സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബെയ്ജിംഗിന്റെ പ്രാന്തപ്രദേശത്താണ് യാന്‍ജിയാവോ ടൗണ്‍ഷിപ്പ് സ്ഥിതി ചെയ്യുന്നത്. ഹെബെയ് പ്രവിശ്യയിലെ ഒരു പഴയ പാര്‍പ്പിട സമുച്ചയത്തിന്റെ താഴത്തെ നിലയിലുള്ള ഒരു റെസ്‌റ്റോറന്റിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വലിയ പുകയും, ചിലയിടങ്ങളില്‍ കത്തുന്ന വണ്ടികളും കെടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങളും കാറുകളുമാണ് കാണാന്‍ സാധിക്കുന്നത്. പ്രാദേശിക അധികാരികള്‍ അന്വേഷണ സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്‌ഫോടനത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പോലീസ് ഏറ്റെടുത്തു. തീയണക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. തലസ്ഥാനമായ ബെയ്ജിംഗില്‍ നിന്ന് 50 കിലോമീറ്ററില്‍ താഴെ കിഴക്കുള്ള സാന്‍ഹെ സിറ്റിയിലെ യാന്‍ജിയാവോയിലെ സിയാവോഷാംഗ്ഷുവാങ് ഗ്രാമത്തിലെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയില്‍ രാവിലെ 7:55 ഓടെയാണ് സ്‌ഫോടനം നടന്നത്. ഒരു കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു വീണുവെന്നും റിപ്പോര്‍ട്ടുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by