കൊച്ചി: ഐഎസ്എല്‍ പാതി സീസണ്‍ പിന്നിട്ട ശേഷം സ്ഥിരത പുലര്‍ത്താന്‍ പാടുപെടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരെ. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. നിലവില്‍ അഞ്ചാം സ്ഥാനത്ത് തുടരുന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഈ കളി ജയിച്ചാല്‍ പ്ലേ ഓഫ് ഏറെക്കുറേ ഉറപ്പിക്കാം.
ഇന്നത്തേതുള്‍പ്പെടെ അഞ്ച് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ഇനി അവശേഷിക്കുന്നത്. ലീഗ് ഘട്ടത്തില്‍ പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് സെമിയില്‍ എത്തും. മറ്റു നാലു സ്ഥാനക്കാര്‍ പരസ്പരം കളിച്ച് യോഗ്യത നേടണം. ഇന്ന് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍ക്കെതിരെ ഇറങ്ങുമ്പോള്‍ ജയത്തോടെ പ്ലേഓഫ് ഉറപ്പിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. മോഹന്‍ ബഗാന് പുറമേ, മുംബൈ, ഒഡീഷ, ഗോവ ടീമുകളാണ് ഇതിനകം പ്ലേഓഫ് ഉറപ്പാക്കിയിട്ടുള്ളത്. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായി അഞ്ച് ടീമുകള്‍ രംഗത്തുണ്ട്.
ഇതുവരെയുള്ള 17 കളിയില്‍ നിന്ന് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 36 പോയിന്റുള്ള ബഗാന്‍ ഒന്നാം സ്ഥാനത്തും. ഡിസംബറില്‍ കൊല്‍ക്കത്തയില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 1-0ന് ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം.
ഇടവേളയ്‌ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന് കൂടുതല്‍ തിരിച്ചടികളുണ്ടായിട്ടുള്ളത്. സൂപ്പര്‍ താരങ്ങളില്‍ പലരെയും പരിക്ക് കാരണം നഷ്ടപ്പെട്ടു. സീസണില്‍ ഇതുവരെ ടീം പരാജയപ്പെട്ട ആറ് മത്സരങ്ങളില്‍ നാലെണ്ണവും ഇടവേളയ്‌ക്ക് ശേഷമാണ്. കഴിഞ്ഞ ഹോം മാച്ചില്‍ 4-2ന് കരുത്തരായ ഗോവയെ തോല്‍പ്പിച്ച മത്സരമാണ് ഇവാനും സംഘത്തിനും വീണ്ടും ഉണര്‍വേകിയത്. ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ട് ഗോളുകള്‍ക്ക് പിന്നിലായ ശേഷം തിരിച്ചടിനല്‍കി ജയിച്ച മത്സരമായിരുന്നു അത്. മഞ്ഞപ്പടയുടെ ആരാധകര്‍ അന്നത്തെ അതേ ആവേശത്തിലായിരിക്കും ഇന്നും കലൂര്‍ സ്റ്റേഡിയത്തിലെത്തുക. പക്ഷെ കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയോട് പരാജയപ്പെട്ടതിന്റെ ക്ഷീണം ടീമിനുണ്ട്. നന്നായി പൊരുതി നിന്നെങ്കിലും കളി അവസാനത്തോടടുത്തപ്പോള്‍ പ്രതിരോധത്തില്‍ വന്ന പിഴവില്‍ ടീം ഗോള്‍ വഴങ്ങുകയായിരുന്നു. ബെംഗളൂരുവിനെതിരെ ഗോളടിക്കാനുള്ള നാല് അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സ് പാഴാക്കുകയും ചെയ്തു. മാറ്റങ്ങളില്ലാതെയായിരിക്കും ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുക. പരിക്കുകളും മറ്റെല്ലാ പ്രശ്നങ്ങളും ഉണ്ടെങ്കിലും അവയെല്ലാം നേരിടാനും സാഹചര്യങ്ങളെ മറികടക്കാനും ടീം ശ്രമിച്ചിട്ടുണ്ടെന്ന് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് പറയുന്നു.
കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ 3-1ന് തകര്‍ത്ത ആവേശത്തിലാണ് ബഗാന്റെ വരവ്. ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് മോഹന്‍ ബഗാന്‍ പരിശീലകന്‍ അന്റോണിയോ ലോപസ് ഹബാസ് സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: