കാലിഫോര്‍ണിയ: ലോക ഒന്നാം നമ്പര്‍ പുരുഷ ടെന്നിസ് താരം നോവാക് ദ്യോക്കേവിച്ചിനെ ഇറ്റലിയുടെ ലൂക്കാ നാര്‍ദി അട്ടിമറിച്ചു. 20കാരനായ നാര്‍ദി ഇന്ത്യന്‍ വെല്‍സ് ടെന്നിസ് മൂന്നാം റൗണ്ടിലാണ് സെര്‍ബിയയില്‍ നിന്നുള്ള സൂപ്പര്‍ താരത്തെ തോല്‍പ്പിച്ചത്. ലോക റാങ്കിങ്ങില്‍ ഭാരതത്തിന്റെ സുമിത് നാഗലിനെക്കാള്‍ ഏറെ പുറകിലാണ് നാര്‍ദി. 123-ാമത്. സ്കോര്‍: 6-4, 3-6, 6-3നാണ് നാര്‍ദി വമ്പന്‍ താരത്തെ തോല്‍പ്പിച്ചത്.
ഇന്ത്യന്‍ വെല്‍സ് ഫൈനല്‍സിലേക്കുള്ള യോഗ്യതാ മത്സരത്തില്‍ തോറ്റ് പുറത്തായതാണ് ഈ ഇറ്റലിക്കാരന്. യോഗ്യത നേടിയ മറ്റൊരു താരം പിന്മാറിയതിനെ തുടര്‍ന്നാണ് ഫൈനല്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം റൗണ്ടിലായിരുന്നു നാര്‍ദിയുടെ ആദ്യ മത്സരം ചൈനയുടെ ചാങ് ചിചെനെ തോല്‍പ്പിച്ച് മൂന്നാം റൗണ്ടിലേത്തുകയായിരുന്നു.
ഇതൊരു അത്ഭുതമായാണ് കാണുന്നത്. തന്നെ പോലൊരു 20കാരന് നോവാക്കിനെ തോല്‍പ്പിക്കുകയെന്നത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല- മത്സരശേഷം നാര്‍ദി പറഞ്ഞു. 17-ാം സീഡ് താരം അമേരിക്കയുടെ ടോമി പോള്‍ ആണ് നാര്‍ദിയുടെ പ്രീക്വാര്‍ട്ടര്‍ പോരിലെ എതിരാളി. ഇന്ന് രാത്രിയാണ് മത്സരം.
എന്റെ കരിയറില്‍ ഇതുവരെ ഓരോ വര്‍ഷവും തുടങ്ങിയിട്ടുള്ളത് ഒന്നുകില്‍ ഗ്രാന്‍ഡ് സ്ലാം നേട്ടത്തോടെയായിരിക്കും(ഓസ്ട്രേലിയന്‍ ഓപ്പണ്‍) അല്ലെങ്കില്‍ ദുബായി ഓപ്പണ്‍ സ്വന്തമാക്കിക്കൊണ്ട്. ഇത്തവണ രണ്ടിലും പരാജയപ്പെട്ടു. ഇപ്പോള്‍ ഇതും. മത്സരങ്ങള്‍ അങ്ങനെയാണ് ചിലപ്പോള്‍ തോല്‍വികളും ഉണ്ടാകും. എന്റെ മികച്ച മത്സരങ്ങള്‍ ഇനിയും വരും-ദ്യോക്കോവിച്ച് മത്സരശേഷം പ്രതികരിച്ചു.
24 ഗ്രാന്‍ഡ് സ്ലാം കിരീടം നേടി റിക്കാര്‍ഡിട്ട ദ്യോക്കോവിച്ച് ഇത്തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ ഇറ്റലിയുടെ യാനിക് സിന്നറിനോടാണ് പരാജയപ്പെട്ടത്.
മൂന്നാം റൗണ്ടിലെ മറ്റ് പുരുഷ സിംഗിള്‍സ് മത്സരങ്ങളില്‍ ഇന്നലെ നാലാം സീഡ് താരം റഷ്യയുടെ ദാനില് മെദ്വെദെവ് വിജയിച്ച് മുന്നേറി. അമേരിക്കയുടെ സെബാസ്റ്റ്യന്‍ കോര്‍ഡയെ ആണ് തോല്‍പ്പിച്ചത്. ഗ്രിഗറി ദിമിത്രോവ്, ടയ്ലര്‍ ഫ്രിറ്റ്സ്, കാസ്പര്‍ റൂഡ്, ടോമി പോള്‍ എന്നിവരും പ്രക്വാര്‍ട്ടറിലേക്ക് മുന്നേറി.
വനിതാ സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം നവോമി ഒസാക്കയെ എലിസെ മെര്‍ട്ടെന്‍സ് തോല്‍പ്പിച്ചു. മൂന്നാം റൗണ്ട് പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒസാക്ക പരാജയപ്പെട്ടത്. സ്കോര്‍: 7-5, 6-4
ലോക രണ്ടാം നമ്പര്‍ താരം അരൈന സബലെങ്കയും നേരിട്ടുള്ള സെറ്റിന് മൂന്നാം റൗണ്ട് മത്സരം വിജയിച്ചു. ബ്രിട്ടന്റെ കരുത്തന് താരം എമ്മാ റാഡുക്കാനുവിനെയാണ് സബലെങ്ക തോല്‍പ്പിച്ചത്. സ്കോര്‍: 6-3, 7-5
മറ്റ് മത്സരങ്ങളില്‍ എലിന സ്വിറ്റോലിനയെ തോല്‍പ്പിച്ച് എമ്മ നവാറോയും അന്ന ബ്ലിങ്കോവയെ തോല്‍പ്പിച്ച ഡിയേന് പാരിയും സ്ലാവേന് സ്റ്റെഫെന്‍സിനെ തോല്‍പ്പിച്ച് ഡാറിയ കസാറ്റ്കിനയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഏഴാം സിഡ് താരമായി ഇറങ്ങിയ മാര്‍കെറ്റാ വോന്ഡ്രുസോവയെ 31-ാം സീഡ് താരം മാര്‍ത്താ കോസ്റ്റിയൂക്ക് പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: