അകമഴിഞ്ഞ ഭക്തിക്ക് ഈശ്വരന്റെ ദൃഷ്ടിയില് വലിപ്പച്ചെറുപ്പങ്ങളില്ല. കൃഷ്ണകുചേലന്മാരുടെ കഥ തുടങ്ങി പുരാണങ്ങള്‍ പോലും എത്രയോ സന്ദര്‍ഭങ്ങള്‍ ഇതിന് ഉദാഹരിക്കുന്നുണ്ട്.
ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിനുമുണ്ട് ഹൃദയസ്പര്‍ശിയായ അത്തരമൊരു ഐതിഹ്യം. കര്‍ണാടകത്തിലെ ആത്മീയാചാര്യനും കവിയും സംഗീതജ്ഞനുമായിരുന്നു കനകദാന്.
തികഞ്ഞ ശ്രീകൃഷ്ണഭക്തനുമായിരുന്നു അദ്ദേഹം.
ഒരിക്കല്‍ ഭഗവാനെ ദര്‍ശിക്കാനായി കനകദാസന് ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലെത്തി. പക്ഷേ അദ്ദേഹത്തെ ക്ഷേത്രത്തിനകത്തു കയറ്റാന്‍ അധികാരികള്‍ സമ്മതിച്ചില്ല. അന്നത്തെ സാമൂഹ്യ സാഹചര്യത്തിലെ, ജാതീയ വിവേചനമായിരുന്നു കാരണം.
ഭഗവാനെ ദര്‍ശിക്കാനാകാതെ മനസ്സുനൊന്തു കനകദാസന് നിന്നു. കണ്ണനെക്കാണാതെ പോകുന്നതെങ്ങനെയെന്ന് അദ്ദേഹം വിലപിച്ചു. കിഴക്കു ദര്‍ശനമായ ശ്രീകോവിലിന് എതിര്‍വശത്തായിരുന്നു ഉള്ളുരുകിയ പ്രാര്‍ഥനയുമായി അദ്ദേഹം നിന്നത്. ആ സമയം ക്ഷേത്രച്ചുമരിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു വിള്ളലുണ്ടായെന്നും ഭക്തന്റെ മനസ്സറിഞ്ഞ ഭഗവാന് കിഴക്കു നിന്ന് പടിഞ്ഞാറോട്ടു തിരിഞ്ഞ് ആ വിള്ളലിലൂടെ കനകദാസന് ദര്‍ശനം നല്‍കിയെന്നുമാണ് കഥ. ഇപ്പോഴും ഭഗവദ്വിഗ്രഹം അതേ സ്ഥിതിയിലത്രേ. കാലാന്തരത്തില്‍ വിള്ളല്‍ വീണ ഭാഗം ജനാലരൂപത്തിലാക്കി. ‘കനകന കിണ്ടി’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്നും ഭഗവദ് ദര്‍ശനം സാധ്യമാകണമെങ്കില്‍ ഈ ജനാലയിലൂടെ നോക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: