ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന സൂചന ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു. പ്രതിയുടെ മുഖം വ്യക്തമായതോടെ ഇയാള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎ സംഘം പരിശോധന നടത്തുകയാണ്. പ്രതിയുടെ കൂട്ടാളികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതിയുടെ തൊപ്പി ധരിക്കാതെയുള്ള ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിരുന്നു. സ്ഫോടനം നടന്ന ദിവസം വൈകുന്നേരം ബെല്ലാരി ബസ്സ്റ്റാന്‍ഡിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിവ. അവിടെനിന്ന് ഓട്ടോയിലാണ് ഇയാള്‍ നഗരത്തിലേക്ക് പോയത്. രണ്ടുപേരുമായി ഇയാള്‍ സംസാരിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇവര്‍ കലബുറഗി സ്വദേശികളാണ്. ബസിലാണ് ഇരുവരും ബെല്ലാരിയില്‍ നിന്ന് കലബുറഗിയിലേക്ക് യാത്ര ചെയ്തത്. അതിലൊരാള്‍ കലബുറഗിയിലെ രാംമന്ദിര്‍ സര്‍ക്കിളില്‍ ഇറങ്ങിയിരുന്നു. എന്‍ഐഎ സംഘം ബസ്സ്റ്റാന്‍ഡിലെയും റെയില്‍വേ സ്റ്റേഷനിലെയും മറ്റ് സ്ഥലങ്ങളിലെയും സിസിടിവികള്‍ പരിശോധിച്ചുവരികയാണ്.
കലബുറഗിക്ക് സമീപം ബിദാര്‍ ജില്ലയിലെ ഹുമ്നാബാദ് കേന്ദ്രീകരിച്ചും എന്‍ഐഎ സംഘം തെരച്ചില്‍ നടത്തുന്നുണ്ട്. തെലങ്കാന അതിര്‍ത്തിയാണ് ഈ പ്രദേശം. നിരോധിത ഭീകരസംഘടനയായ പിഎഫ്ഐയുടെ തെലങ്കാന മൊഡ്യൂളിലെ അംഗമായ അബ്ദുള്‍ സലീമിനെ ഇവിടെ നിന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ബെംഗളൂരു സ്ഫോടനത്തിന്റെ രണ്ടാം ദിവസമായിരുന്നു അറസ്റ്റ്. ഇയാള്‍ക്ക് സ്ഫോടനവുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ സംഘത്തിന് ലഭിച്ച വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: