ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരി ഓസ്ട്രേലിയ. ഒരു ദിവസത്തിലേറെ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് കംഗാരുക്കള്‍ പരമ്പര തൂത്തുവാരിയത്.
ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റിന് 220 റണ്‍സ് എന്ന നിലയില്‍ തോല്‍വി മുന്നില്‍ക്കണ്ട ഓസീസിനെ മിച്ചല്‍ മാര്‍ഷ് (80), അലക്സ് ക്യാരി (123 പന്തില്‍ പുറത്താവാതെ 98), നായകന് പാറ്റ് കമ്മിന്‍സ് (32 നോട്ടൗട്ട്) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് വിജയത്തിലേക്ക് നയിച്ചത്. എട്ടാം വിക്കറ്റില്‍ അലക്സ് ക്യാരിയും കമ്മിന്‍സും ചേര്‍ന്ന് നേടിയ 61 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഓസീസിനെ ജയത്തിലേക്ക് നയിച്ചത്. സ്കോര്‍: ന്യൂസിലന്‍ഡ് 162, 372. ഓസ്ട്രേലിയ 256, 281/7. നിര്‍ണായക പ്രകടനം പുറത്തെടുത്ത ക്യാരി തന്നെയാണ് മത്സരത്തിലെ താരം. മാറ്റ് ഹെന്റി പരമ്പരയുടെ താരമായി.
ഇന്നലെ നാലിന് 77 എന്ന നിലയിലാണ് ഓസീസ് നാലാംദിനം ആരംഭിച്ചത്. ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷുമാണ് ബാറ്റിങ് തുടര്‍ന്നത്. 17 റണ്‍സുമായി ബാറ്റിങ് ആരംഭിച്ച ട്രാവിസ് ഹെഡ് തലേന്നത്തെ സ്കോറിനോട് ഒരു റണ്‍ കൂട്ടിച്ചേര്‍ത്ത് പുറത്തായി. സൗത്തിക്കാണ് വിക്കറ്റ്. ഇതോടെ അഞ്ചിന് 80 എന്ന നിലയിലായി ഓസീസ്. പിന്നാലെ ക്രീസിലുറച്ച മാര്‍ഷ്-ക്യാരി സഖ്യം ഏകദിന ശൈലില് ബാറ്റ് വീശിയതോടെ ന്യൂസിലന്‍ഡ് ബൗളര്‍മാരുടെ പിടിയയഞ്ഞു. ഇരുവരും 140 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ മിച്ചല്‍ മാര്‍ഷിനേയും മിച്ചല്‍ സ്റ്റാര്‍ക്കിനേയും (0) അടുത്തടുത്ത പന്തുകളില്‍ ബെന്‍ സീര്‍സ് പുറത്താക്കിയതോടെ കിവീസ് മത്സരത്തിലേക്ക് തിരിച്ചുവന്നു. 102 പന്തുകള്‍ നേരിട്ട മാര്‍ഷ് ഒരു സിക്സും 10 ഫോറുമടക്കം 80 റണ്‍സ് നേടിയാണ് മാര്‍ഷ് മടങ്ങിയത്. അതിനുശേഷം പാറ്റ് കമ്മിന്‍സ് (44 പന്തില്‍ 32) ക്യാരി സഖ്യം കിവീസിനെ വിജയത്തിലേക്ക് നയിച്ചു. കിവീസിന് വേണ്ടി ബെന്‍ സീര്‍സ് നാല് വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: