ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമാണെന്ന് ഉറപ്പാക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍. ദല്‍ഹിയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബലപ്രയോഗം, ഭീഷണി, ഏതെങ്കിലും തരത്തിലുള്ള പ്രേരണകള്‍ എന്നിവയുടെ അടിസ്ഥാനത്തിലല്ല വോട്ടെടുപ്പ് എന്ന് നിരീക്ഷകര്‍ ഉറപ്പാക്കണം. നിരീക്ഷകരുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്പക്ഷമാകണം. ഏതെങ്കിലും പാര്‍ട്ടിക്ക് അനുകൂലമാകരുത്. കേന്ദ്ര- സംസ്ഥാന സേനകളെ വിവേകപൂര്‍വ്വം വിന്യസിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
നിരീക്ഷകര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെയാണ് പ്രതിനിധീകരിക്കുന്നത്. അവരുടെ പ്രവര്‍ത്തനം ഉന്നതനിലവാരം പുലര്‍ത്തണം. സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമീപിക്കാന്‍ കഴിയുന്ന രീതിയിലാകണം ഇടപെടലുകള്‍. തങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന പാര്‍ലമെന്റ് മണ്ഡലത്തിന്റെ അതിരുകള്‍ക്കുള്ളിലായിരിക്കണം പൂര്‍ണമായും പ്രവര്‍ത്തനങ്ങള്‍. വാഹനങ്ങളില്‍ ജിപിഎസ് ട്രാക്കിങ് ഘടിപ്പിക്കണമെന്നും രാജീവ്കുമാര്‍ നിര്‍ദേശിച്ചു.
നിരീക്ഷകര്‍ ഫോണ്‍, ഇ- മെയില്‍ സംവിധാനങ്ങളില്‍ എപ്പോഴും ലഭ്യമായിരിക്കണം. സ്ഥാനാര്‍ത്ഥികള്‍, പാര്‍ട്ടികള്‍, വോട്ടര്‍മാര്‍, പോളിങ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കണം. ഇതുമായി ബന്ധപ്പെട്ട ഏത് പരാതികളും കമ്മിഷന്‍ ഗൗരവമായി കാണുമെന്നും രാജീവ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: