തൃശ്ശൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പദ്മജാ വേണുഗോപാല്‍. കോണ്‍ഗ്രസ് നേതാക്കളില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നത് കെ. സുധാകരന് മാത്രമെന്നും പദ്മജ. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം ആദ്യമായി തൃശ്ശൂരില്‍ എത്തിയ പദ്മജ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തന്റെ പരാതികള്‍ അനുഭാവപൂര്‍വ്വം കേട്ടത് കെ. സുധാകരന് മാത്രമാണ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പ്രിയങ്കയുടെ പരിപാടി സംഘടിപ്പിക്കാന്‍ എന്ന പേരില്‍ ഡിസിസി പ്രസിഡന്റ് ആയിരുന്ന എം.പി. വിന്‍സെന്റ് 22.5 ലക്ഷം തന്റെ കൈയില്‍ നിന്ന് വാങ്ങി. ആദ്യം താന്‍ പണം കൊടുക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ ചേച്ചി സ്വന്തം കാര്യം നോക്കിക്കോ, എന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം എന്നായിരുന്നു ഭീഷണി. തെരഞ്ഞെടുപ്പു സമയമായതിനാല്‍ പണം കൊടുത്തു.
എന്നാല്‍ പ്രിയങ്കയോടൊപ്പം പ്രചരണ വാഹനത്തില്‍ കയറാന്‍ പോലും തന്നെ അനുവദിച്ചില്ല. പ്രചരണ വാഹനത്തിന്റെ റൂട്ട് പോലും തന്നെ അറിയിക്കാതെ രഹസ്യമാക്കി വെച്ചു. ഇടതുപക്ഷത്തുനിന്ന് പോലും തനിക്ക് വോട്ടുകിട്ടി. ചതിച്ചത് കോണ്‍ഗ്രസ് നേതാക്കളാണ്. അന്ന് തന്നെ ചതിച്ച നേതാക്കളാണ് ഇന്ന് തൃശ്ശൂരില്‍ കെ. മുരളീധരന്റെ ഇടവും വലവും നില്‍ക്കുന്നത്.
തൃശ്ശൂരില്‍ കെ. മുരളീധരനെ കോണ്‍ഗ്രസുകാര്‍ തന്നെ തോല്‍പ്പിക്കുമെന്നും പദ്മജ പറഞ്ഞു. ഇന്നലെ പൊട്ടിമുളച്ച നേതാക്കളാണ് എനിക്കെതിരെ വിമര്‍ശനം നടത്തുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍, പദ്മജ പരിഹസിച്ചു.
ആവേശകരമായ സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ തൃശ്ശൂരില്‍ പദ്മജക്ക് നല്‍കിയത്. രാവിലെ 11 മണിയോടെ പൂങ്കുന്നത്തെ മുരളിമന്ദിരത്തിലെത്തിയ പദ്മജയെ ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ബി.രാധാകൃഷ്ണ മേനോന്, എ.നാഗേഷ്, രവികുമാര്‍ ഉപ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ഒട്ടേറെ വനിതാ പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: