Categories: Samskriti

‘തത്പ്രണമാമി സദാശിവലിംഗം…’

Published by

ലിംഗ നല്‍പീഠം ഇശ യാര്‍ന്ന ഓങ്കാരം
ലിംഗ നല്‍ കണ്ഠം നിറവാര്‍ന്ന ‘മ’ കാരം
ലിംഗത്തില്‍ വട്ടം നിറമാര്‍ന്ന ‘ഉ’ കാരം
ലിംഗം ‘അ’ കാരം നിറമാര്‍ന്ന വിന്ദു നാദം.

സദാശിവ ലിംഗത്തിന്റെ പീഠം ശക്തിശിവം ചേര്‍ന്ന ഓങ്കാരമായ പ്രണവ ബ്രഹ്മമാണ്. ലിംഗത്തിന്റെ അധോമുഖ നിലയിലുള്ള കണ്ഠഭാഗമടങ്ങിയ മ കാരം കാരണ പ്രപഞ്ചത്തേയും ലിംഗം ഒടുങ്ങി നില്ക്കുന്ന ഉള്‍വട്ടമായ ഉ കാരം സൂക്ഷ്മ പ്രപഞ്ചത്തെയും ലിംഗത്തിന്റെ മേല്‍ഭാഗം അഥവാ ബാണഭാഗം വിന്ദുനാദ ശക്തികളടങ്ങിയ ശിവശക്തി സംഗമമായ സ്ഥൂലപ്രപഞ്ചത്തിന്റെയും സൂചനാ സൂത്രങ്ങളാണെന്ന് സദാശിവലിംഗത്തെക്കുറിച്ച് തിരുമന്ത്രത്തില്‍ പറയുന്നു.

മകരമാസത്തിന്റെയും കുംഭമാസത്തിന്റെയും മദ്ധ്യത്തില്‍ കറുത്ത ചതുര്‍ദ്ദശിയിലാണ് ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നത്. മഹാവിഷ്ണുവിന്റെ നാഭിയില്‍ നിന്നും മുളച്ചു വന്ന താമരയില്‍ ബ്രാഹ്മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആര് എന്ന് ബ്രഹ്മാവ് ചോദിച്ചപ്പോള്‍ ഞാന്‍ നിന്റെ ജനകനാണെന്ന് വിഷ്ണു പറഞ്ഞു. ബ്രഹ്മാവിന് മറുപടി തൃപ്തികരമായി തോന്നിയില്ല. അത് യുദ്ധത്തില്‍ കലാശിച്ചു. ബ്രഹ്മാവ് ബ്രഹ്മാസ്ത്രം ഉപയോഗിച്ചു. വിഷ്ണു അതിനെതിരെ പാശുപതാസ്ത്രം പ്രയോഗിച്ചു. ലോകം മുഴുവന്‍ പാറിനടന്ന പാശുപതാസ്ത്രത്തെ ഉപസംഹരിക്കാന്‍ ബ്രഹ്മാവിനോ വിഷ്ണുവിനോ കഴിഞ്ഞില്ല. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച അവസരത്തില്‍ അവരുടെ മദ്ധ്യത്തിലായി ശിവലിംഗം ഉയര്‍ന്നു വന്നു. അതിന്റെ മേലഗ്രവും കീഴഗ്രവും അദൃശ്യമായിരുന്നു. അഗ്രങ്ങള്‍ കണ്ടുപിടിക്കുന്നതിന് ഒരാള്‍ മുകളിലോട്ടും മറ്റേയാള്‍ താഴോട്ടും സഞ്ചരിച്ചു. ഉദ്ദേശ്യം ഫലിക്കാതെ രണ്ടുപേരും പൂര്‍വസ്ഥാനത്ത് വന്നിരുന്നു. ഉടനെ ശിവഭഗവാന്‍ പ്രത്യക്ഷപ്പെട്ട് പാശുപതാസ്ത്രത്തെ ഉപസംഹരിച്ചു. മാഘമാസത്തിലെ കറുത്തപക്ഷ ചതുര്‍ദശി രാത്രിയിലായിരുന്നു ഭഗവാന്‍ പ്രത്യക്ഷപ്പെട്ടത്. എല്ലാ വര്‍ഷവും പ്രസ്തുതരാത്രി വ്രതമായി അനുഷ്ഠിക്കണമെന്ന് ഭഗവാന്‍ അരുളിചെയ്തു. ഈ വ്രതം ശിവരാത്രിവ്രതം എന്നറിയപ്പെടുമെന്നും അറിയിച്ചു. ശിവരാത്രി വ്രതം അനുഷ്ഠിച്ചാല്‍ ഏത് പാപിയും ശിവലോകം പ്രാപിക്കും. പാപിയായാല്‍ പോലും ശിവരാത്രി മഹോത്സവത്താല്‍ പങ്കെടുത്ത് പൂക്കള്‍ ശിവലിംഗത്തിലര്‍പ്പിച്ചാല്‍ അയാളുടെ ആത്മാവ് ശിവലോകത്തെത്തുമെന്ന് ശിവപുരാണത്തിലും അഗ്നിപുരാണത്തിലും കാണുന്നുണ്ട്.

ശിവരാത്രിയോടനുബന്ധിച്ച് തിരുവന്തപുരം കന്യാകുമാരി ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന ആചാരമാണ് ശിവാലയ ഓട്ടം. കന്യാകുമാരി ജില്ലയില്‍ വിളവന്‍കോട്, കല്‍ക്കുളം താലുക്കുകളിലായുള്ള 12 ശിവക്ഷേത്രങ്ങളില്‍ ഒരു രാത്രിയും ഒരു പകലും കൊണ്ട് നടത്തുന്ന ദര്‍ശനമാണ് ശിവാലയ ഓട്ടം എന്ന് അറിയപ്പെടുന്നത്. തിരുമല, തക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കല്‍ക്കുളം,മേലാങ്കോട്, തിരുവിടയ്‌ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നിവയാണ് 12 ശിവക്ഷേത്രങ്ങള്‍.

വ്യാഘ്രപാദമുനിയും ഭീമസേനനും തമ്മിലുള്ള കഥയാണ് ഇതിന് പിറകിലുള്ള ഐതിഹ്യം. ശിവനും വിഷ്ണുവും ഒന്നു തന്നെയാണെന്ന് ഈ കഥ തെളിയിക്കുന്നു. തപസ്സനുഷ്ഠിക്കുന്ന മുനിയെ ധര്‍മ്മപുത്രരുടെ യാഗത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ കോപിച്ച വ്യാഘ്രപാദന്‍ ഭീമന്റെ പുറകെ ഓടുന്നു. അടുത്തെത്തുമ്പോള്‍ ഭീമന്‍ ഒരു രുദ്രാക്ഷം നിക്ഷേപിക്കും അപ്പോള്‍ അവിടെ ശിവലിംഗം ഉയര്‍ന്നു വരും മുനി അവിടെ ശിവപൂജ നടത്തും. അങ്ങനെ 11 രുദ്രാക്ഷങ്ങളിലൂടെ ശിവലിംഗവും ഉയര്‍ന്നു വന്നു. 12ാമത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടു. വ്യാഘ്രപാദന് ശിവനായും, ഭീമന് കൃഷ്ണനായും ദര്‍ശനം നല്‍കി.

ആഗ്രഹ സാഫല്യവും സര്‍വപാപശമനവും നല്‍കുന്നതാണ് ശിവരാത്രി. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കുളിച്ച് ഭസ്മക്കുറി പൂശി ശിവക്ഷേത്രത്തിലെത്തി നിര്‍മ്മാല്യം തൊഴുത് പഞ്ചാക്ഷരി ജപിച്ച് ഒരു നേരത്തെ സസ്യാഹാരം വേവിച്ച് കഴിയുക ശിവപുരാണങ്ങളിലും നാമജപത്തിലും ഹാലാസ്യപാരായണത്തിലും സഹസ്രനാമജപത്തിലും പങ്കെടുത്ത് രാത്രി മുഴുവന്‍ ഉറങ്ങാതിരിക്കണം. നാല് യാമപൂജയിലും പങ്കെടുക്കണം. ധാര,ജപം, ധ്യാനം എന്നിവ അനുഷ്ഠിച്ച് ആത്മസമര്‍പ്പണത്തോടെ മഹാശിവരാത്രി വ്രതം നോല്ക്കണം. നേരം പുലര്‍ന്ന് വസതിയില്‍ ചെന്ന് ശിവസ്മരണയോടെ കഴിയണം. സന്ധ്യക്കു ശിവക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ ശേഷമേ ഉറങ്ങാവൂ എന്നാണ് വിശ്വാസം വലിപ്പചെറുപ്പമില്ലാതെ എല്ലാ ഭക്തര്‍ക്കും ശിവരാത്രി വ്രതം അനുഷ്ഠിക്കാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by