കേരളത്തിലെ അറിയപ്പെടുന്ന ഒരു സാമ്പത്തിക വിദഗ്ധനായ ഡോ. ജോസ് സെബാസ്റ്റ്യന്‍ ഈയിടെ പ്രസിദ്ധീകരിച്ച ‘കേരള ധനകാര്യം’ എന്ന ഗ്രന്ഥത്തില്‍ നമ്മുടെ സംസ്ഥാനം കടക്കെണിയില്‍പ്പെട്ട് മുങ്ങിത്താഴുന്നു എന്ന് കണക്കുകള്‍ നിരത്തി സ്ഥാപിക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?
നമുക്കറിയാം, ചാണക്യന്റെ അര്‍ത്ഥശാസ്ത്രം മുതല്‍ ഇങ്ങോട്ട് രാജാക്കന്മാരും അവരെ നിയന്ത്രിച്ചിരുന്ന ചക്രവര്‍ത്തിമാരും നികുതിപിരിവിലൂടെയാണ് ധനസമാഹരണം നടത്തിയിരുന്നത്. സാമ്പത്തിക അസമത്വം ഉണ്ടാകാതിരിക്കാന്‍ നികുതിയുടെ മുക്കാല്‍ പങ്കും ധനികരില്‍നിന്നു വേണം പിരിക്കേണ്ടത് എന്നൊരു അലിഖിത നിയമം പണ്ടേയുണ്ട്. ഇതൊടുവില്‍ ‘സ്ഥിതി സമത്വ സിദ്ധാന്ത’ത്തില്‍ വരെയെത്തിയതും, പിന്നീട് ആ സംവിധാനം അതിന്റെ ഭാരത്താല്‍ തന്നെ തകര്‍ന്നതും നാം കണ്ടു. പക്ഷേ ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത് നികുതി വരുമാനത്തില്‍ വമ്പിച്ച വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് കേരളത്തില്‍ മാത്രം എന്തുകൊണ്ട് പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്നില്ലായെന്ന അടിസ്ഥാന പ്രശ്നമാണ് ഡോ. ജോസ് സെബാസ്റ്റ്യന്‍ ഉയര്‍ത്തുന്നത്.
കേരള സംസ്ഥാന രൂപീകരണം നടന്ന കാലഘട്ടത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ മൊത്തം നികുതി വരുമാനത്തിന്റെ 4.45 ശതമാനമായിരുന്നു കേരളത്തിന്റെ പങ്ക്. ഇത് 1986-87 ല്‍ 4.49 ആയി ഉയര്‍ന്നുവെങ്കില്‍ പിന്നീടത് കുറഞ്ഞുവരികയാണുണ്ടായത്. ഏറ്റവും ഒടുവില്‍ അത് 4.5 ശതമാനമാണ്. കാര്യമായ മുന്നേറ്റമുണ്ടായില്ലെന്ന് സാരം. എന്നാല്‍ ഇപ്പോള്‍ കേരളത്തിന്റെ മൊത്തം നികുതി-നികുതിയിതര വരുമാനത്തിന്റെ 58 ശതമാനവും ലഭിക്കുന്നത്, ഭാഗ്യക്കുറി, മദ്യം, മോട്ടോര്‍വാഹനം, പെട്രോള്‍ എന്നീ നാല് മേഖലകളില്‍നിന്നാണ് എന്ന വസ്തുത കേരളത്തില്‍ നടക്കുന്ന ഭീകരമായ നികുതി വെട്ടിപ്പിന്റെ ഒരു നേര്‍ചിത്രം നമുക്ക് നല്കുന്നു.
ഇടത്-വലത് മുന്നണികള്‍ മാറി മാറി ഭരിച്ച കേരളത്തില്‍ രാഷ്ട്രീയ അഴിമതിയുടെ അളവ് എത്രമാത്രം വര്‍ധിച്ചിരിക്കുന്നു എന്ന്, വിഭവസമാഹരണ മേഖലയിലെ കെടുകാര്യസ്ഥതയില്‍ വന്ന ഈ മാറ്റം നമ്മെ സുതാര്യമായി ബോധ്യപ്പെടുത്തുന്നു. കേരളത്തിലെ റവന്യൂ ചെലവുകളില്‍ വന്ന ഭീമമായ വര്‍ധനവിന്റെ പ്രധാന കാരണം വോട്ടുബാങ്ക് രാഷ്ട്രീയക്കളികള്‍ കൊണ്ടുണ്ടായ ശമ്പള-പെന്ഷന് ചെലവുകളില്‍ വന്ന വര്‍ധനയാണെന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആളോഹരി റവന്യു ചെലവ് സംബന്ധിച്ച പട്ടിക നിരത്തി ഡോ. സെബാസ്റ്റ്യന്‍ തെളിയിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഇത് 11,991 രൂപ ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 28,603 രൂപയാണ്!! വ്യാവസായികമായി മുന്നിട്ടു നില്ക്കുന്ന മഹാരാഷ്ട്രയില്‍ പോലും ഇത് 19,962 രൂപ മാത്രം!! പോലീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ സര്‍വീസുകളില്‍ ട്രേഡ് യൂണിയനുകള്‍ അനുവദിച്ചതോടെ ഈ മേഖലയില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാനുള്ള സര്‍വീസ് സംഘടനകളുടെ സമ്മര്‍ദ്ദം ഒരു തസ്തികയുടെ സ്ഥാനത്ത് ഒമ്പത് തസ്തികകള്‍ വരെ സൃഷ്ടിക്കേണ്ട ഗതികേട് സര്‍ക്കാരുകള്‍ക്ക് ഉണ്ടാക്കിക്കൊണ്ടേയിരുന്നു. അതുകൊണ്ടാണ് ശമ്പളവും പെന്‍ഷനും പോലുള്ള ‘ഏറ്റുപോയ ചെലവുകള്‍’ റവന്യൂ വരുമാനത്തിന്റെയും റവന്യു ചെലവിന്റെയും ശതമാനത്തില്‍ കേരളം മറ്റം സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിട്ട് നില്‍ക്കുന്നത്.
ഉദാഹരണമായി ബീഹാര്‍, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത് 30-40 ശതമാനമായിരിക്കെ കേരളത്തില്‍ അത് യഥാക്രമം 81 ഉം 67 ഉം ആണ്! അതുപോലെ ആളോഹരി ചെലവും ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ 13,000 ത്തിനും 40,000 ത്തിനും ഇടയില്‍ വരുമ്പോള്‍ കേരളത്തില്‍ 62,000 രൂപയാണ്! ”വര്‍ഗ സമരാധിഷ്ഠിത വിലപേശലിലൂടെ ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ശമ്പളം പരിഷ്കരിച്ചെടുത്തു. അതോടെ പെന്‍ഷനും വര്‍ധിച്ചു. ഇന്നിപ്പോള്‍ പെന്ഷന് ഒരുതരം ശമ്പളമായി മാറിയിട്ടുണ്ട്. നേരത്തെ നാം കണ്ടതുപോലെ 1,30,000 രൂപയൊക്കെയല്ലേ പ്രതിമാസ പെന്ഷന് ഈ കൊച്ചു കേരളത്തില്‍!” ഇതേപോലെയുള്ള അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഡോ.ജോസ് സെബാസ്റ്റ്യന്‍ തന്റെ ഏറ്റവും പുതിയ ഗ്രന്ഥത്തില്‍ ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: