പോർട്ട് ലൂയിസ്: ത്രിദിന സംസ്ഥാന സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപതി മുർമു മൗറീഷ്യസിൽ എത്തി. നാളെ നടക്കുന്ന രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി അവർ പങ്കെടുക്കും. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്ത് രാഷ്രപതി മുർമുവിനെ സ്വീകരിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്‌ട്രവുമായുള്ള ഭാരതത്തിന്റെ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി നിരവധി ചർച്ചകൾ രാഷ്‌ട്രപതി നടത്തും. സന്ദർശന വേളയിൽ രാജ്യത്തെ ഉന്നത നേതൃത്വവുമായും കൂടിക്കാഴ്ചകൾ നടത്തുമെന്ന് രാഷ്‌ട്രപതി ഭവൻ വൃത്തങ്ങൾ അറിയിച്ചു.
ഇതിനു പുറമെ രാഷ്‌ട്രപതി മുർമു ആയുർവേദ ഗാർഡൻ സന്ദർശിച്ച് മൗറീഷ്യസ് പ്രസിഡൻ്റിന് റുപേ കാർഡ് സമ്മാനിക്കും. തുടർന്ന് രാഷ്‌ട്രപതി സർ സീവൂസാഗൂർ രാംഗൂലം ബൊട്ടാണിക് ഗാർഡനും സന്ദർശിക്കും. 33 ഹെക്ടർ വിസ്തൃതിയുള്ള ഈ ബൊട്ടാണിക്കൽ ഗാർഡനിൽ ഭീമൻ വാട്ടർ ലില്ലി, താമര എന്നിവയുൾപ്പെടെ 700-ലധികം ഇനം സസ്യങ്ങളാണ് പ്രധാന ആകർഷണങ്ങൾ.
മൗറീഷ്യസിന്റെ മുൻ പ്രധാനമന്ത്രിമാരായ സർ സീവൂസാഗൗർ രാംഗൂലം, സർ അനെറൂദ് ജുഗ്‌നാഥ് എന്നിവരുടെ സമാധിയിലും രാഷ്‌ട്രപതി ആദരാഞ്ജലി അർപ്പിക്കും. ഭാരതവും മൗറീഷ്യസും ശക്തമായ ചരിത്രപരവും സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ ദീർഘകാലവുമായ ബന്ധങ്ങൾ പങ്കിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: