ജയ്പൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജസ്ഥാനില്‍ കോണ്‍ഗ്രസിനു വന്‍ തിരിച്ചടി. മുന്‍ മന്ത്രിമാരായ രാജേന്ദ്ര യാദവും ലാല്‍ ചന്ദ് കടാരിയയും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു.
കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എമരായ റിച്ച്പാല്‍ മിര്‍ധ, വിജയ്പാല്‍ മിര്‍ധ, ഖിലാഡി ബൈര്‍വ, പാര്‍ട്ടി മുന്‍ വക്താവ് സുരേഷ് ചൗധരി, നേതാക്കളായ രാംപാല്‍ ശര്‍മ, റിജു ഝുന്‍ഝുന്‍വാല, മുന്‍ സ്വതന്ത്ര എംഎല്‍എ അലോക് ബൈന്‍വാല്‍ എന്നിവരാണ് പ്രവര്‍ത്തകര്‍ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ, ഉപമുഖ്യമന്ത്രി ദിയാ കുമാരി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.പി. ജോഷി എന്നിവരുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്.
കഴിഞ്ഞ മാസം 19തിന് ബാന്‍സ്വര ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ജീത് സിങ് മാല്‍വിയ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബാന്‍സ്വര ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ ബിജെപിയുടെ സ്ഥാനാര്‍ഥിയാണ് ജീത് സിങ്. 2018ല്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മൂല്‍ ചന്ദ് മീണ ഈ മാസം ആദ്യം തിരികെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് വരും ദിവസങ്ങളില്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി വക്താവ് ഡോ. അരുണ്‍ ചതുര്‍വേദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: