കോഴിക്കോട്: ഭാരതത്തിന്റെ ജിഡിപി വളര്‍ച്ച എട്ടുശതമാനംവരെ എത്തുമെന്ന് ആര്‍ബിഐ ഡയറക്ടര്‍ സതീഷ് മറാത്തെ. അമേരിക്കയും ചൈനയും യൂറോപ്യന്‍ രാജ്യങ്ങളെല്ലാംതന്നെയും ആഭ്യന്തര ഉത്പാദനത്തില്‍ പിന്നാക്കം പോകുമ്പോള്‍ ഭാരതത്തിന്റെ വളര്‍ച്ചാ നിരക്കും വേഗവും അസാമാന്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് വര്‍ഷത്തിനുള്ളില്‍ ഭാരതം ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നത് ഉറപ്പാണ്, സഹകാര്‍ ഭാരതി സംഘടിപ്പിച്ച കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്കിങ് മേഖല വളരെ ഭദ്രമായി. കിട്ടാക്കടം വന്‍തോതില്‍ കുറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ഭാരതവുമായി യുപിഐ വഴി പണിമിടപാട് നടത്തുന്നു. ഡിജിറ്റല്‍ ബാങ്കിങ് ശക്തമായി.
നോട്ടുനിരോധനം കൃത്യമായ ലക്ഷ്യം കണ്ടു. അതിനെ തുടര്‍ന്നുണ്ടായ എല്ലാ താല്കാലിക സാങ്കേതിക തടസങ്ങളും നീങ്ങി. ജിഎസ്ടിയുടെ കാര്യത്തില്‍ ആദ്യമുണ്ടായിരുന്ന സാങ്കേതിക പ്രശ്നങ്ങള്‍ മറികടന്ന് നികുതി പിരിവ് സാധാരണഗതിയിലായി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിയന്ത്രണ നിയമം കൊണ്ടുവന്നതോടെ അവിടെ വിശ്വാസം വര്‍ധിച്ച് അസാധാരണ ഉണര്‍വ് വന്നു, ഇതെല്ലാം സാമ്പത്തിക ഭദ്രതയ്ക്കും വളര്‍ച്ചയ്ക്കും സഹായകമായി.
കാര്‍ഷിക മേഖലയിലെ അഭിവൃദ്ധി വലിയ കുതിപ്പാണുണ്ടാക്കുന്നത്. ഭാരതം ഇന്ന് ഭക്ഷ്യ ഉല്പാദനത്തിലും സംസ്കരണത്തിലും ലോകത്ത് മുമ്പിലായി. ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതിത്തോത് കൂടി. വൈകാതെ ഈ രംഗത്ത് ഭാരതം ഒന്നാമതെത്തും. നാണ്യപ്പെരുപ്പം കുറഞ്ഞു. അതേസമയം ഫാര്‍മര്‍ പ്രൊഡ്യൂസ് ഓര്‍ഗനൈസേഷനുകള്‍ ഉണ്ടാക്കി കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കാന്‍ സംവിധാനമുണ്ടാക്കി. ഹരിത ഊര്‍ജ മേഖലയിലെ കുതിപ്പും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്തി, സതീഷ് മറാത്തെ പറഞ്ഞു.
സഹകാര്‍ ഭാരതി ജില്ലാ സെക്രട്ടറി എന്‍.ആര്. പ്രതാപന്, സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍. സദാനന്ദന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മോഹന ചന്ദ്രന്, എം. കുഞ്ഞാപ്പു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: