പാലക്കാട്: രാജ്യത്തെ ഏറ്റവും വലിയ സംസ്കൃത സര്‍വകലാശാലയായ കേന്ദ്രീയ സംസ്കൃത വിശ്വവിദ്യാലയം പ്രശസ്ത സംസ്കൃത പണ്ഡിതനും റിട്ട. കോളജ് പ്രിന്‍സിപ്പലുമായ ഡോ. പി.കെ. മാധവന് ഡി. ലിറ്റ് ബിരുദം നല്കി ആദരിച്ചു. ദല്‍ഹിയിലെ യശോഭൂമിയില്‍ നടന്ന കോണ്വൊക്കേഷന് സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ബിരുദദാനം നിര്‍വഹിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് അധ്യക്ഷത വഹിച്ചു. വിശ്വവിദ്യാലയം വൈസ് ചാന്‍സലര്‍ പ്രൊഫ. ശ്രീനിവാസ വര്‍ഖേഡി ആമുഖഭാഷണം നടത്തി.
കിള്ളിക്കുറിശ്ശിമംഗലത്തെ പ്രശസ്ത സംസ്കൃത പണ്ഡിതനായിരുന്ന വ്യാകരണഭൂഷണം മേലേടത്ത് ദാമോദരന്‍ നമ്പ്യാരുടെയും, നാട്യാചാര്യന് മാണിമാധവ ചാക്യാരുടെ മകളും വിദുഷിയുമായ പടിഞ്ഞാറെ കോച്ചാമ്പിള്ളിമഠത്തില്‍ തങ്കമ്മു നങ്ങ്യാരമ്മയുടെയും മകനാണ് ഇദ്ദേഹം.
കേരളത്തിലെ വിവിധ കോളേജുകളില്‍ പ്രൊഫസറായും പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസ്കൃത ഭാരതിയുടെ സംസ്ഥാന അധ്യക്ഷനും കാറല്‍മണ്ണ വേദഗുരുകുലത്തിന്റെ കുലപതിയുമാണ്. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷനും വിദ്യാഭാരതി അഖിലേന്ത്യ അധ്യക്ഷനും ദക്ഷിണ ക്ഷേത്രീയ അധ്യക്ഷനുമായിരുന്നു. വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമാണ്. വിവിധ സംസ്ഥാനങ്ങളില്‍ പഠനകേന്ദ്രങ്ങളും അംഗീകൃത കലാലയങ്ങളുമുള്ള കേന്ദ്രീയ സംസ്കൃത സര്‍വകലാശാല നല്കുന്ന ഒന്നാമത്തെ ഡി. ലിറ്റ് ബിരുദമാണ് ഇത്. ആചാര്യനും ഗ്രന്ഥകാരനും കവിയും വാഗ്മിയുമായ പ്രൊഫ. പി.കെ. മാധവന്റെ സംസ്കൃത ഭാഷാസാഹിത്യാദി രംഗങ്ങളിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് ഡി. ലിറ്റ് ബിരുദം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: