Categories: News

ടെസ്റ്റ് ക്രിക്കറ്റ്: ഭാരതം ഒന്നാം നമ്പര്‍ തിരിച്ചുപിടിച്ചു

Published by

ദുബായ്: ലോക ടെസ്റ്റ് റാങ്കിങ്ങില്‍ നഷ്ടപ്പെട്ട ഒന്നാം നമ്പര്‍ ഭാരതം തിരിച്ചുപിടിച്ചു. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര 4-1ന് വിജയിച്ചതിന് തൊട്ടുപിന്നാലെ അന്താരാഷ്‌ട്ര ക്രിക്കറ്റ് സംഘടന(ഐസിസി) പുതുക്കിയ റാങ്ക് പട്ടികയിലാണ് ഭാരതം മുന്നിലേക്കെത്തിയത്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ഭാരതമാണ് ഇപ്പോള്‍ ഒന്നാമത്.

ടെസ്റ്റ് റാങ്കിങ്ങിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഓസ്‌ട്രേലിയയെ മറികടന്നാണ് ഭാരതം മുന്നിലെത്തിയിരിക്കുന്നത്. ടെസ്റ്റില്‍ ഭാരതത്തിന്റെ റേറ്റിങ് പോയിന്റ് 122 ആണ്. 117 പോയിന്റുമായി ഓസീസ് തൊട്ടുപിന്നാലെയുണ്ട്. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 111 പോയിന്റുണ്ട്. ഏകദിനത്തില്‍ 121 റേറ്റിങ് പോയിന്റോടെയാണ് ഭാരതം മുന്നിലുള്ളത്. തൊട്ടുപിന്നില്‍ ഓസ്‌ട്രേലിയ ആണ്(118). ട്വന്റി20യില്‍ ഭാരതത്തിന്റെ റേറ്റിങ് പോയിന്റ് 266 ആണ്. രണ്ടാമത് ഇംഗ്ലണ്ടും(256).

ഇതിന് മുമ്പ് 2023 സപ്തംബറില്‍ ടെസ്റ്റില്‍ ഒന്നാം റാങ്കിലെത്തിയ ഭാരതം കഴിഞ്ഞ ജനുവരിയിലാണ് രണ്ടാം സ്ഥാനത്തേക്ക് ഇടിഞ്ഞത്. രണ്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷം ഒന്നാം നമ്പര്‍ പദവി തിരിച്ചുപിടിച്ചിരിക്കുകയാണ്. ഇതിനിടെ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ്യക്ക് സ്വന്തം നാട്ടില്‍ മൂന്ന് മത്സര പരമ്പര കളിക്കുകയും തൂത്തുവാരുകയും ചെയ്തത് നേട്ടമാകുകയായിരുന്നു. അതോടെ മുന്നിലെത്തിയ അവരെ ഇപ്പോള്‍ ഭാരതം മറികടന്നു.

ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ ഹൈദരാബാദില്‍ 28 റണ്‍സിന്റെ തോല്‍വി നേരിട്ടപ്പോള്‍ വലിയ തിരച്ചടിയാണുണ്ടായത്. എന്നാല്‍ പിന്നീടുള്ള ഓരോ മത്സരവും ജയിച്ചു. വിസാഗിലും രാജ്‌കോട്ടും റാഞ്ചിയിലും ജയിച്ചതോടെ പരമ്പര സ്വന്തമായി. ധര്‍മശാലയില്‍ നടന്ന അഞ്ചാം മത്സരവും ജയിച്ച് രോഹിത്തും കൂട്ടരും ആധിപത്യത്തോടെ പരമ്പര പൂര്‍ത്തിയാക്കി.

ഒന്നാം റാങ്ക് തിരിച്ചുപിടിച്ചതിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും(ഡബ്ല്യുടിസി) ഭാരതം മുന്നിലേക്ക് കുതിച്ചു. അതേസമയം നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലത്തെ ആശ്രയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് നിലയില്‍ ചിലപ്പോള്‍ മാറ്റമുണ്ടായേക്കാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by