മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ച തുടരുന്നതിനിടെ മഹാരാഷ്്ട്രയിലെ മഹാ വികാസ് അഘാഡി(എംവിഎ) സഖ്യത്തില്‍ ഭിന്നത രൂക്ഷമാവുന്നു.
ചര്‍ച്ച പൂര്‍ത്തിയാവാതെ മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം രൂക്ഷമായി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച് രംഗത്തു വന്നു. അവശേഷിക്കുന്ന ശിവസേനാ നേതാവ് എന്നു ഉദ്ധവിനെ വിശേഷിപ്പിച്ചാണ് സഞ്ജയ് എക്സ് പ്ലാറ്റ് ഫോമില്‍ കോണ്‍ഗ്രസിന്റെ നിലപാടു വ്യക്തമാക്കിയത്. ഉദ്ധവിനെ ഇത്തരത്തില്‍ വിശേഷിപ്പിച്ചതിനെ ഉദ്ധവ് താക്കറെയുടെ അനുയായികളും രൂക്ഷമായി വിമര്‍ശിച്ചു.
കോണ്‍ഗ്രസും ശിവസേന ഉദ്ധവ് താക്കറെ പക്ഷവും എന്‍സിപി ശരദ് പവാര്‍ പക്ഷവും ചേര്‍ന്നുള്ള മഹാ അഖാഡി സഖ്യം ഇരുപതിലെറെ തവണ ചര്‍ച്ച നടത്തിയെങ്കിലും സീറ്റ് സംബന്ധിച്ച് ധാരണയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് അമോല്‍ കിര്‍തികാറിനെ മുംബൈ നോര്‍ത്ത് വെസ്റ്റ് സ്ഥാനാര്‍ത്ഥിയായി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചത്. ഏകപക്ഷീയമായ ഈ പ്രഖ്യാപനം അംഗീകരിക്കാനാവില്ലെന്ന് സഞ്ജയ് നിരുപം എക്സില്‍ കുറിച്ചു.
എങ്ങിനെ ഇതു സംഭവിച്ചു? ഇത് കോണ്‍ഗ്രസിനെ അവഹേളിക്കുന്നതിനു തുല്യമാണ്, സഞ്ജയ് കുറിച്ചു. അമോല്‍ കിര്തികാറിനെതിരെ ഗുരുതരമായ അഴിമതി ആരോപണം നിലവിലുള്ളതും സഞ്ജയ് ഓര്‍മിപ്പിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി മുംബൈയില്‍ എത്തിയവര്‍ക്ക് കൊവിഡ് കാലത്ത് ഭക്ഷണം സൗജന്യമായി വിതരണം ചെയ്യാന്‍ ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് നടപ്പാക്കിയ പദ്ധതിയില്‍ അമോല്‍ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് ആരോപണം നിലനില്ക്കുന്നു. സൗജന്യ ഭക്ഷണ പദ്ധതി നടപ്പാക്കാന്‍ നിയോഗിച്ച കമ്പനിയില്‍ നിന്ന് അമോല്‍ കമ്മിഷന് വാങ്ങി എന്നാണ് ആരോപണം. ഇക്കാര്യം ഇപ്പോള്‍ ഇ ഡി അന്വേഷിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ എങ്ങിനെയാണ് അമോലിനെ ഉദ്ധവ് ഏകപക്ഷീയമായി സ്ഥാനര്‍ഥിയാക്കുന്നത്? സഞ്ജയ് നിരുപം ചോദിച്ചു.
എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ പോലും ഉത്തരവാദിത്തമില്ലാത്ത സഞ്ജയിന് ഉദ്ധവിനെ വിമര്‍ശിക്കാന്‍ യോഗ്യതയില്ലെന്ന് ശിവസേനാ വക്താവ് ആനന്ദ് ദുബെ തിരിച്ചടിച്ചു. 2019ല്‍ മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ വിജയിച്ചത് ശിവസേനയാണ്. ഇത്തവണയും അവിടെ മത്സരിക്കാന്‍ ശിവസേനയ്ക്ക് അവകാശമുണ്ട്. ഉത്തരവാദിത്തം ഒന്നും നല്‍കാതെ കോണ്‍ഗ്രസ് മാറ്റി നിര്‍ത്തിയിരിക്കുന്ന നേതാവാണ് സഞ്ജയ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സഞ്ജയിന് താത്പര്യമുണ്ടെങ്കില്‍ അത് കോണ്‍ഗ്രസിലാണ് പറയേണ്ടത്. അല്ലാതെ ശിവസേനയെ വിമര്‍ശിക്കുകയല്ല വേണ്ടത്, ആനന്ദ ദുബെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: