ഉത്പത്തിയെന്ന വാക്കിനുടമയായ്
അമ്മയെന്നല്ലാതൊരു മറു വാക്കില്ലൂഴിയില്‍
സ്‌നേഹത്തിന്‍ പര്യായപദത്തിന്നുടയോളായി
അമ്മയെന്നല്ലാതൊരു പര്യായവുമില്ല
ദേഹിയൊരു ദേഹം ധരിക്കുന്ന നാള്‍ മുതല്‍
സ്‌നേഹ സംരക്ഷണ വല തീര്‍ത്തിടും അമ്മ
അന്നേ തുടങ്ങുന്ന നവജീവല്‍ പരാക്രമം
ആമോദമോടെ രസിക്കുമാ മാതൃത്വം
നവരസങ്ങളാദി മറ്റു രസങ്ങളും
സ്വഭോജനമാക്കിക്കരുതി വെക്കുമമ്മ
സംതൃപ്തി സ്ഥായീ ഭാവമാക്കി സദാ
നവ മുകുളനത്തിന്നായ് കാത്തിരിപ്പൂ അമ്മ
ഞാനെന്ന ദേഹത്തോടൊപ്പം ദേഹി
ക്ഷിതിയിലെത്തുമാ നിമിഷം മുതല്‍
മല്‍ ദേഹം വെടിഞ്ഞാ ദേഹി മടങ്ങും വരെ
അല്ലലകറ്റിയെന്‍ സ്വത്വം വിളങ്ങു വാന്‍
ജനിതക കാന്തിതന്‍ ഉശിരേകും അമ്മമനം
ഒരു തരി പരിഭവം ഒരു വെറുപ്പിന്‍ കണം
കലരാത്ത സ്‌നേഹക്കവചമായ് നില്‍പ്പവള്‍
ത്യാഗ ഹസ്തങ്ങളാല്‍ താങ്ങിനിര്‍ത്തീടുന്ന
ജീവനപാലനാമുണ്മയല്ലോ അമ്മ
വളര്‍ന്നേറി എത്ര പടര്‍ന്നു നിന്നാകിലും
മരണം പുല്കീടുന്ന നിമിഷം വരെ
അമ്മിഞ്ഞപ്പാലമൃത് മടിയില്ലാതൂട്ടിയൊരാ
ഉയിരിന്‍ മാതൃത്വം ദൈവീക ഭാവം
മാതാവിന്‍ കണ്ണുനീരിന്‍ കറ വീണാല്‍
ഗംഗയില്‍ കുളിച്ചാലും മായുകില്ല
അനിതരസാധാരണ മാതൃത്വഭാവമീ
പാരിന്നേകിയ കാലവൈഭവമേ
നിന്നോടെനിക്കിന്നുണ്ടൊരു ചോദ്യം
മാതൃമഹത്വം ഈ മനുജന്റെ പ്രജ്ഞയില്‍
എന്തേ കാലമേ നീ തെളിക്കാത്തൂ
കലിയുഗമിതെന്നു നീ ചൊല്ലും കാരണം
കളിവാക്കു മാത്രമാണതെന്നു ഞാന്‍ പറയും
യുഗാന്തരങ്ങളല്ലയിതിനു കാരണം
മാതൃത്വഹീനമെന്നും ഭവിച്ചതു
പുരാണേതിഹാസങ്ങളെല്ലാം സാക്ഷി
കാരണമിനിയാരോടു ചോദിക്കേണ്ടതിന്നുമേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: