തിരുവനന്തപുരം: ‘രാവിലെ ആറുമണിയോടെ എത്തി മൈമിന് മേക്കപ്പിട്ടതാ…രാവിലെ ഒമ്പതിന് തുടങ്ങേണ്ട മത്സരമാണ്…. സമയം മൂന്നായി…മേക്കപ്പ് ഇട്ടേക്കുന്നത് കൊണ്ടു ഇതുവരെ ഭക്ഷണം പോലും കഴിച്ചിട്ടില്ല…’ മൈമിനെത്തിയ സംഘം പറഞ്ഞുനിര്‍ത്തി. കുച്ചുപ്പുടിക്കും ഒപ്പനയക്കും വട്ടപ്പാട്ടിനുമൊക്കെ എത്തി രാവിലെ മേക്കപ്പ് ഇട്ടവരെല്ലാം കുഴഞ്ഞു. മത്സരാര്‍ത്ഥികള്‍ മാത്രമല്ല, മേക്കപ്പും ഡ്രസ്സുമായി എത്തിയ കലാകാരന്മാരും മത്സരം നിര്‍ത്തി വച്ചതോടെ വെട്ടിലായി.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് ഒപ്പനയക്ക് ഡ്രസ്സും ആഭരണങ്ങളും മേക്കപ്പിനുമായി കലാകാരന്മാര് എത്തിയത്. ഒമ്പതിന് മത്സരങ്ങള്‍ ആരംഭിക്കുമെന്നതിനാല്‍ പുലര്‍ച്ചെ തന്നെ കലാകാരന്മാര് യൂണിവേഴ്സിറ്റി കോളേജിലും സെനറ്റിലും എത്തി. പക്ഷെ മത്സരം നിര്‍ത്തിവച്ചതോടെ അവരും കുടുങ്ങി. വലിയ ബാഗുകളുമായി സംഘം മത്സരം തുടങ്ങുന്നതും കാത്ത് വൈകിട്ടുവരെ ഇരുന്നു.
മാര്‍ഗംകളിയുടെ വിധിയെച്ചൊല്ലിയുള്ള ആരോപണങ്ങളെത്തുടര്‍ന്ന് എല്ലാ വേദിയിലേയും മത്സരങ്ങള്‍ നിറുത്തിവച്ചത് സംഘാടകപിഴാവാണെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറഞ്ഞു. പ്രശ്നത്തില്‍ തീരുമാനമാകാതെ പരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ സ്റ്റേജില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കലോല്‍സവം ഉപേക്ഷിക്കുന്നെന്ന അറിയിപ്പ് സംഘാടകരുടെ ഭാഗത്ത് നിന്നും പലതവണയുണ്ടായി. പിന്നീട് വൈകിട്ട് ആറോടെ മത്സരങ്ങള്‍ പുനരാരംഭിക്കുകയായിരുന്നു.
പ്രധാനവേദിയായ സെനറ്റ് ഹാളില്‍ രാവിലെ 9ന് ആദ്യം നടക്കേണ്ടിയിരുന്ന ഇനം മൂകാഭിനയം ആയിരുന്നു. പക്ഷെ വെള്ളിയാഴ്ച രാത്രി 8.30ന് നടക്കേണ്ട അവസാന ഇനമായ വട്ടപ്പാട്ടായിരുന്നു ഇന്നലെ ആദ്യം നടന്നത്. അതും പലതവണ നിര്‍ത്തിവച്ചു. അത് കഴിഞ്ഞ് മൂകാഭിനയം ആരംഭിച്ചപ്പോള്‍ രാത്രി എറെ വൈകി.
ഗവ.വനിതാ കോളേജില്‍ ആണ്‍കുട്ടികളുടെ കുച്ചിപ്പുടി, യൂണിവേഴ്സിറ്റി കോളേജില്‍ സംഘഗാനം, സംസ്കൃത കോളേജില്‍ ആണ്‍കുട്ടികളുടെ മിമിക്രി എന്നിങ്ങനെ രാവിലെ നടക്കേണ്ടിയിരുന്ന എല്ലാ ഇനങ്ങളും വൈകിട്ടോടെയാണ് ആരംഭിച്ചത്. ഇടയ്ക്ക് ചില വേദികളില്‍ മത്സരങ്ങള്‍ പുനരാരംഭിച്ചെങ്കിലും ബഹളം കാരണം വീണ്ടും നിറുത്തിവയ്ച്ചു. വ്യക്തിഗത ഇനങ്ങളില്‍ പങ്കെടുക്കാന്‍ മറ്റുജില്ലകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ബഹളം വച്ചു. സമയം താമസിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നിന്ന് വന്ന പെണ്‍കുട്ടികളില്‍ പലരും മത്സരിക്കാതെ തിരികെ പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: