പ്രൊഫ. ഹിമാന്‍ശു റായ്
ഡയറക്ടര്‍, ഐഐഎം ഇന്ദോര്‍
ഇന്ത്യപുരോഗതിയിലേക്ക് കുതിക്കുമ്പോള്‍, ഉന്നതവിദ്യാഭ്യാസരംഗത്തെ പരിവര്‍ത്തനത്തിന് അതില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. അതനുഭവിച്ച കാലമാണ് കഴിഞ്ഞ ദശകം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേവലം പഠനത്തിന്റെ ക്ഷേത്രങ്ങള്‍ മാത്രമല്ല; മറിച്ച്, മനസ്സിനെയും സമൂഹത്തെയും ഒരുപോലെ രൂപപ്പെടുത്തുന്ന നവീകരണത്തിന്റെ കേന്ദ്രങ്ങളാകുന്ന പരിവര്‍ത്തനത്തെ ഈ കാലഘട്ടം പ്രതിഫലിപ്പിക്കുന്നു. മാറ്റത്തിന്റെ ആഗോളചലനങ്ങള്ക്കിടയില്, ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ മേഖല വികസിച്ചു. എണ്ണത്തിലെ വളര്‍ച്ചയെ മാത്രമല്ല, സാധ്യതകളുടെ ഉണര്‍വിനെയും ഇതു സൂചിപ്പിക്കുന്നു, അറിവിന്റെയും നൈപുണ്യത്തിന്റെയും കാഴ്ചപ്പാടിന്റെയും ഇഴകള്‍കൊണ്ടു ഭാവി നെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ മാനവവിഭവശേഷി ഉല്‍പ്പാദകരായി ഇന്ത്യ ക്രമേണ മുന്നേറുമ്പോള്‍, കഴിഞ്ഞ ദശകത്തില്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെയും നാം പ്രതിഫലിപ്പിക്കുന്നു. ഭാവിയിലെ സംഭവവികാസങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുള്ള വഴികള്‍ നാം മുന്‍കൂട്ടി കാണുന്നു.
വലിയ പരിവര്ത്തനത്തിലേക്കടുക്കുന്ന സാഹചര്യത്തില്‍ 2013-14ലെ ഇന്ത്യന്‍ ഉന്നതവിദ്യാഭ്യാസരംഗം നിര്‍ണായക ഘട്ടത്തിലായിരുന്നു. പുരോഗതി പ്രകടമാണെങ്കിലും, പ്രവേശനം വിപുലീകരിക്കുന്നതിലും ഗുണനിലവാരം ഉറപ്പാക്കുന്നതിലും ഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിലും കാര്യമായ വെല്ലുവിളികള്‍ അവശേഷിച്ചു. മൊത്തം പ്രവേശന അനുപാതം (Gross Enrollment Ratio GER) 18 -23 പ്രായപരിധിയിലുള്ളവര്‍ക്ക് ഏകദേശം 23% ആയിരുന്നു. ഇതു പ്രാദേശിക അസമത്വങ്ങളും സാമൂഹ്യ-സാമ്പത്തിക പ്രതിസന്ധികളും വെളിപ്പെടുത്തുന്നു. 723 സര്‍വകലാശാലകളും 36,634 കോളജുകളും ഉള്‍പ്പെടുന്ന സ്ഥാപനപരമായ ഭൂപ്രകൃതി, അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതികള്‍ നേരിടുന്നു; വിശേഷിച്ചും, ഗ്രാമപ്രദേശങ്ങളില്‍. ജിഡിപിയുടെ 3.84% എന്ന നിലയില്‍ മൊത്തം വിദ്യാഭ്യാസച്ചെലവില്നിന്ന് ഉന്നത വിദ്യാഭ്യാസത്തിനു പരിമിതമായ വിഹിതം മാത്രം ലഭിക്കുന്നതിനാല്‍, ധനസഹായം മറ്റൊരു നിര്‍ണായക പ്രശ്നമായിരുന്നു. ഡിജിറ്റല്‍ സംരംഭങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍, അസന്തുലിതമായ ഇന്റര്‍നെറ്റ് സൗകര്യവും അടിസ്ഥാനസൗകര്യ വെല്ലുവിളികളും കാരണം അവയുടെ വ്യാപ്തി പരിമിതമായി. ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ആശയ്ക്കു വകനല്‍കുന്നുവെങ്കിലും, മുഖ്യധാരാ പഠനാനുഭവങ്ങളിലേക്കുള്ള സമ്പൂര്‍ണ സംയോജനത്തിന്റെ സാധ്യതയോടെ, അതിന്റെ പ്രാരംഭഘട്ടത്തില്‍ത്തന്നെ തുടര്‍ന്നു.
ഈ വെല്ലുവിളികള്‍ക്കിടയിലും, 2013-14 ആത്മപരിശോധനയുടെയും പരിഷ്കരണത്തിന്റെയും കാലഘട്ടത്തെ അടയാളപ്പെടുത്തി. ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസം പ്രവേശനവിടവു നികത്താനും ഗുണനിലവാരം വര്‍ധിപ്പിക്കാനും പരിവര്‍ത്തന സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനും പരിശ്രമിക്കുന്ന ഭാവിയിലേക്കു നിര്‍ണായക കുതിപ്പേകുന്ന സംവിധാനമായി ഇതു പ്രവര്‍ത്തിച്ചു.
2014 മുതലുള്ള വര്‍ഷങ്ങള്‍ ഇന്ത്യന്‍ ഉന്നതവിദ്യാഭ്യാസത്തെ പരിവര്‍ത്തന പാതയിലേക്കു നയിക്കാനുള്ള യോജിച്ച ശ്രമത്തിനു സാക്ഷ്യം വഹിച്ചു. പ്രവേശനം വിപുലീകരിക്കുന്നതിനും ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും സാങ്കേതിക മുന്നേറ്റങ്ങള്‍ സ്വീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങളുടെയും സംരംഭങ്ങളുടെയും തരംഗം ഈ മേഖലയെ പുനര്‍നിര്‍മിച്ചു.
പുതിയ സര്‍വകലാശാലകളും കോളജുകളും സ്ഥാപിക്കുന്നത്, പ്രത്യേകിച്ച് ആനുകൂല്യങ്ങള്‍ വളരെക്കുറച്ചുമാത്രം ലഭിച്ച പ്രദേശങ്ങളില്‍, സ്ഥാപനശൃംഖലയില് ഗണ്യമായ വര്‍ധനയ്ക്കു കാരണമായി. ശ്രേയസ് പദ്ധതി, പ്രധാനമന്ത്രിയുടെ ഉച്ചതര്‍ ശിക്ഷാ യോജന, സബ്സിഡികളിലൂടെ വിദ്യാര്ഥിവായ്പകള് താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ (കേന്ദ്രമേഖലാ പലിശ സബ്സിഡി പദ്ധതി 2009 ശക്തിപ്പെടുത്തല്‍), വായ്പ ഈട് ഫണ്ട് അനുവദിക്കല്‍ (സിസിഎഫ് പദ്ധതി 2015) മുതലായവ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കു പ്രവേശനം വിശാലമാക്കുകയും രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു.
AISHE 2021-22 പ്രകാരം, 2014-15 ലെ 3.42 കോടിയില്‍നിന്ന് 2021-22ല്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനം 4.33 കോടിയായി വര്‍ധിച്ചു. ജിഇആര്‍ 2014-15ലെ 23.7ല്‍നിന്ന് 2021-22ല്‍ 28.4 ആയി ഉയര്‍ന്നു. സ്ത്രീകളുടെ ജിഇആര്‍ 2014-15ലെ 22.4ല്‍നിന്ന് 2021-22ല്‍ 28.5 ആയി ഉയര്‍ന്നു. ഈ വിപുലീകരണം ദശലക്ഷക്കണക്കിനു യുവാക്കള്‍ ഉന്നത വിദ്യാഭ്യാസത്തിലേക്കു പ്രവേശിക്കുന്നതിനു കാരണമായി. മുമ്പു പ്രാതിനിധ്യം കുറഞ്ഞ വിഭാഗങ്ങളില്‍നിന്നുള്ള പ്രാതിനിധ്യത്തില്‍ ശ്രദ്ധേയമായ പുരോഗതിയുണ്ടായി.
വിഷയവൈവിധ്യമാര്ന്ന പഠനം, നൈപുണ്യവികസനം, വ്യവസായ പങ്കാളിത്തം എന്നിവയ്ക്ക് ഊന്നല്‍ നല്കുന്ന പരിവര്‍ത്തന മാര്‍ഗരേഖയായി 2020ലെ ദേശീയ വിദ്യാഭ്യാസ നയം ഉയര്‍ന്നു. ബിരുദധാരികളെ പ്രസക്തമായ കഴിവുകളോടെ സജ്ജരാക്കുന്നതിനും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന തൊഴില്‍ വിപണിയില്‍ തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും മാതൃകാപരമായ ഈ മാറ്റം ലക്ഷ്യമിടുന്നു. അളവുകളുടെ കാര്യത്തില്‍ മാത്രമല്ല, ഇന്ത്യയിലെ വിദ്യാഭ്യാസ സാഹചര്യത്തെ സമൂലമായി പുനര്‍നിര്‍വചിക്കാനുള്ള ശ്രമത്തിലൂടെ ദേശീയ വിദ്യാഭ്യാസ നയം, ഈ മേഖലയിലെ പങ്കാളികള്‍ക്കിടയില്‍ പ്രചോദനവും ഉന്മേഷവും ഉണര്‍ത്തിയിട്ടുണ്ട്.
സര്‍വകലാശാലകള്‍ പാഠ്യപദ്ധതി പരിഷ്കരങ്ങള് സ്വീകരിച്ചു. ഇഷ്ടാനുസൃത ക്രെഡിറ്റ് സംവിധാനങ്ങള്‍, മുന്‍ഗണന അടിസ്ഥാനമാക്കിയുള്ള കോഴ്സുകള്‍, വ്യവസായവുമായി പൊരുത്തപ്പെടുന്ന സ്പെഷ്യലൈസേഷനുകള്‍ എന്നിവ അവതരിപ്പിച്ചു. ആഭ്യന്തരവും അന്തര്‍ദേശീയവുമായ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള ഗവേഷണ സംരംഭങ്ങള്‍ അഭിവൃദ്ധിപ്പെട്ടു. ഇത് ഇന്ത്യയുടെ ഗവേഷണ ഉല്‍പ്പാദനത്തെ ആഗോള തലത്തിലേക്ക് ഉയര്‍ത്തി. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ ദേശീയ അധ്യാപക-അധ്യാപന ദൗത്യം, ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പരിപാടി, മാര്‍ഗദര്‍ശനത്തിനായുള്ള ദേശീയ ദൗത്യം, ATAL FDPകള്‍ തുടങ്ങിയ അധ്യാപക പരിശീലന ശ്രമങ്ങള്‍ ഈ മേഖലയിലെ വികസനത്തിനു ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്.
സ്വയം (ഇത് 2016ല്‍ കോഴ്സുകളുടെ അടിസ്ഥാനത്തില്‍ വിപുലീകരിക്കുകയും സമ്പന്നമാക്കുകയും ചെയ്തു) പോലുള്ള ഡിജിറ്റല്‍ വിദ്യാഭ്യാസ സംവിധാനങ്ങളുടെ ഉയര്‍ച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തില്‍ വിപ്ലവം സൃഷ്ടിച്ചു. ഓണ്‍ലൈന്‍ ബിരുദ കോഴ്സുകള്‍ ഓപ്ഷനുകള്‍ കൂടുതല്‍ വിപുലീകരിച്ചു. ദേശീയ ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കുന്നതു പരിവര്‍ത്തനാത്മകമാണ്. ‘ഡിജിറ്റല്‍ ഇന്ത്യ’, ‘ഭാരത് നെറ്റ്’ തുടങ്ങിയ സംരംഭങ്ങള്‍ രാജ്യത്തുടനീളമുള്ള ഇന്റര്‍നെറ്റ് സൗകര്യം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഡിജിറ്റല്‍ പഠനസങ്കേതങ്ങള്‍ വ്യാപകമായി സ്വീകരിക്കുന്നതിനു വഴിയൊരുക്കി.
ഉന്നതവിദ്യാഭ്യാസരംഗത്തെ ഇന്ത്യയുടെ കുതിച്ചുചാട്ടത്തിന് അതിന്റെ ശ്രദ്ധേയമായ ഗവേഷണ ഫലങ്ങളും നൂതനാശയങ്ങളും തെളിവാണ്. യുഎസ് ദേശീയ ശാസ്ത്രഫൗണ്ടേഷന്റെ 2022ലെ റിപ്പോര്‍ട്ട് പ്രകാരം, 2020ല്‍ ശാസ്ത്രപ്രസിദ്ധീകരണങ്ങളില്‍ ആഗോളതലത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. 2010ലെ ഏഴാം സ്ഥാനത്തുനിന്നാണ് ഈ കുതിച്ചുചാട്ടം. 2017-നും 2022-നും ഇടയില്‍ ഗവേഷണ ഉല്‍പ്പാദനം 54% വര്‍ധിച്ചു. ഇത് ആഗോള ശരാശരിയെ മറികടന്നു. ഈ കാലയളവില്‍ 1.3 ദശലക്ഷം അക്കാദമിക് പേപ്പറുകളും 8.9 ദശലക്ഷം അവലംബങ്ങളും കണ്ടു. നവീകരണത്തില്‍, 2016-17 മുതല്‍ 2020-21 വരെ പേറ്റന്റ് സമര്‍പ്പണം 30% വര്‍ധിച്ചു.
കഴിഞ്ഞ ദശകത്തില്‍, ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ മേഖല ആഗോള പ്രവണതകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുക മാത്രമല്ല, പലപ്പോഴും വഴിതെളിക്കുകയും ചെയ്തു. ഗണ്യമായ നയപരിഷ്കരണങ്ങളിലൂടെയും നൂതന സാങ്കേതിക ഉപകരണങ്ങളുടെ സംയോജനത്തിലൂടെയും, യുവത്വമാര്‍ന്നതും ചലനാത്മകവുമായ ഇന്ത്യയുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി ഇതു പുനര്‍നിര്‍മിച്ചിട്ടുണ്ട്. ഡാറ്റയില്‍ പുരോഗതി പ്രകടമാണെങ്കിലും, തുല്യമായ പ്രവേശനം, ഗുണനിലവാരം മെച്ചപ്പെടുത്തല്‍, വൈവിധ്യമാര്‍ന്ന ഗവേഷണ മേഖലകളെ പരിപോഷിപ്പിക്കല്‍ തുടങ്ങിയ വെല്ലുവിളികള്‍ നിലനില്ക്കുന്നു. വിദ്യാഭ്യാസ പരിവര്‍ത്തനത്തിന്റെ ശ്രദ്ധേയമായ ഈ യാത്രയെ സുസ്ഥിരമാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും നിക്ഷേപം, നയപരിഷ്കരണം, നവീകരണം എന്നിവയ്ക്കുള്ള തുടര്‍ച്ചയായ പ്രതിബദ്ധത അത്യന്താപേക്ഷിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: