പത്തനംതിട്ട: നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഒടുവില്‍ തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശി ശ്യാം കൃഷ്ണന് കുടുംബാംഗങ്ങള്‍ക്ക് അരികിലെത്തി. പത്തു വര്‍ഷത്തെ പ്രവാസ ജീവിതത്തിലെ ദുരിതപര്‍വങ്ങള്‍ താണ്ടിയെത്തിയ മകനെ അടുത്തു കണ്ടപ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് കണ്ണുനിറഞ്ഞു.
ജയില്‍ മോചിതനായിട്ടും ദയാധനം നല്കാന് കഴിയാതെ ഖത്തറില്‍ തുടരേണ്ടിവന്ന ശ്യാം നിയമ നടപടികളെല്ലാം പൂര്‍ത്തിയാക്കി ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാത്തു നിന്ന ബന്ധുക്കള്‍ക്ക് അരികില്‍ എത്തിയത്.
അമ്മ ശാന്തകുമാരി, ഭാര്യ ഷീബ, മകന് ഗൗതംകൃഷ്ണ എന്നിവരും ശ്യാമിന്റെ മോചനത്തിനു നേതൃത്വം നല്കിയ ഖത്തര്‍ പുനര്‍ജനി മുന്‍ ഭാരവാഹി ഗോവിന്ദന് കുട്ടി എന്നിവര്‍ ഉള്‍പ്പെടെ ഒട്ടേറെ സുഹൃത്തുക്കളും ശ്യാമിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. നഴ്സിങ് വിദ്യാര്‍ത്ഥിനി ആയതിനാല്‍ മകള്‍ ഗൗരി കൃഷ്ണയ്ക്കു മാത്രം എത്താനായില്ല.
എസി മെക്കാനിക് ആയി 2013ല്‍ ഖത്തറില്‍ എത്തിയ ശ്യാം സഹപ്രവര്‍ത്തകനായ റിസ്വാന് ഉള് ഹഖിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ആവുകയായിരുന്നു. അഞ്ചുവര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കി 2019ല്‍ ജയില്‍ മോചിതനായിട്ടും വിചാരണ കോടതി വിധിച്ച രണ്ടു ലക്ഷം റിയാല്‍(45 ലക്ഷം രൂപ) ദയാധനമായി നല്കാന് ഇല്ലാഞ്ഞതിനാല്‍ രാജ്യം വിടാന്‍ ആയില്ല.
ശ്യാമിന്റെ ദുരിതജീവിതം അറിഞ്ഞ പുനര്‍ജനി പ്രവര്‍ത്തകര്‍ ആദ്യം താല്‍ക്കാലിക ജോലി ശരിയാക്കി നല്കി. പിന്നീട് റിസ്വാന്റെ ബന്ധുക്കളെ കണ്ടെത്തി കോടതി നിര്‍ദേശിച്ച ദയാധനവും കൈമാറി. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ സഹായത്തോടെ അഡ്വ. ജാഫര്‍ഖാനും സാമൂഹ്യ പ്രവര്ത്തകന് നൗഷാദും ശ്യാമിന് നിയമ സഹായവും ലഭ്യമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: