തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സിദ്ധാര്‍ത്ഥന്റെ മരണം കേന്ദ്ര ഏജന്‍സിക്ക് വിട്ടില്ലെങ്കില്‍ രാഷ്ട്രീയപരമായി തിരിച്ചടി നേരിടുമെന്ന ഘട്ടത്തിലായതോടെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് തടിയൂരി പിണറായി.
സിദ്ധാര്‍ത്ഥന്റെ സംസ്കാര ചടങ്ങുകള്‍ നടന്ന് പിറ്റേദിവസം മുതല്‍ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടതായിരുന്നു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം. എന്നാല്‍ പ്രതികള്‍ എസ്എഫ്ഐ ആയതിനാല്‍ സര്‍ക്കാര്‍ മുഖംതിരിച്ചു.
ആത്മഹത്യയെന്ന് പോലീസ് എഴുതിത്തള്ളിയ കേസില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് ഗതി മാറിയത്. സിദ്ധാര്‍ത്ഥന്റെ ശരീരത്തില്‍ കണ്ട മുറിവുകളും സുഹൃത്തുക്കള്‍ പറഞ്ഞ വിവരങ്ങളും അനുസരിച്ച് മാതാപിതാക്കള്‍ ശക്തമായി രംഗത്ത് വന്നു. മര്‍ദനമുറകള്‍ തീവ്രവാദസ്വഭാവമുള്ളവരുടേതെന്ന വിവരങ്ങളും പുറത്തുവന്നു. എന്നിട്ടും സര്‍ക്കാരിന്റെ കണ്ണ് തുറന്നില്ല. പ്രതിഷേധങ്ങള്‍ വ്യാപകമായതോടെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് മുഖ്യമന്ത്രി തടിയൂരാന്‍ ശ്രമിച്ചു.
ആന്റി റാഗിങ് സ്ക്വാഡിന്റെ കണ്ടെത്തലില്‍ 31 ഓളം പേര് കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടും പോലീസ് റിപ്പോര്‍ട്ടില്‍ 18 പേര്‍ക്കെതിരെ മാത്രമാണ് കേസെടുത്തത്. പ്രതികള്‍ എസ്എഫ്ഐക്കാരും ഇവര്‍ക്ക് വേണ്ടി പോലീസ് സ്റ്റേഷനിലും കോടതിയിലും പോയത് സിപിഎം നേതാക്കളുമായതിനാലാണ് കൂടുതല്‍ പേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്നും അന്വേഷണ സംഘം പിന്നോട്ട് പോയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതെല്ലാം നിയന്ത്രിക്കുന്നുണ്ടായിരുന്നു.
എസ്എഫ്ഐ ആകട്ടെ പ്രതികള്‍ക്ക് വെള്ളപൂശുന്ന നിലപാടുമായി രംഗത്ത് വന്നു. എസ്എഫ്ഐയുടെ മെക്കിട്ട് കയറാന്‍ ആരുംവരണ്ടെന്ന് ഡിവൈഎഫ്ഐയും പറഞ്ഞു. തുടര്‍ന്ന് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ ഗവര്‍ണറെ സമീപിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി. കൃത്യവിലോപം ആരോപിച്ച് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിസി എം.ആര്. ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സസ്പെന്റ് ചെയ്തു. ഗവര്‍ണറുടെ നടപടിക്കെതിരെ മന്ത്രി ചിഞ്ചുറാണി രംഗത്ത് വന്നെങ്കിലും റാഗിങ് മറച്ചുവച്ച ഡീനിനെയും അസി. വാര്‍ഡനെയും അടുത്ത ദിവസങ്ങളില്‍ മന്ത്രിക്ക് സസ്പെന്റ് ചെയ്യേണ്ടിവന്നു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എബിവിപി ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിക്കുമെന്ന ഘട്ടം വരെയെത്തി. ഇതോടെ എസ്എഫ്ഐക്കാരാണ് പ്രതികളെങ്കിലും മനസില്ലാമനസോടെയാണ് സിദ്ധാര്ത്ഥന് മരണപ്പെട്ട് 21 ദിവസം പിന്നിട്ടപ്പോള്‍ മുഖ്യമന്ത്രിക്ക് സിബിഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: