ഇടുക്കി: അഭിമന്യുവധക്കേസിലെ സുപ്രധാന രേഖകള്‍ 2022ല്‍ തന്നെ കോടതിയില്‍ നിന്നും നഷ്ടപ്പെട്ടെന്ന് മനോരമ റിപ്പോര്‍ട്ട്. ഇതോടെ ഈ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്. കേസില്‍ വിചാരണ നടക്കാനിരിക്കേയാണ് അസ്സല്‍ രേഖകള്‍ കാണാതായിരിക്കുന്നത്. ഈ രഹസ്യം കോടതി ജീവനക്കാര്‍ മൂടിവെച്ചു എന്ന വസ്തുത കൂടുതല്‍ ഞെട്ടിപ്പിക്കുന്നു.
എന്‍ഐഎ ഉദ്യോഗസ്ഥര്‍ 2022ല്‍ കോടതിയില്‍ എത്തി അഭിമന്യുവധക്കേസിലെ രേഖകള്‍ അന്വേഷിച്ചിപ്പോള്‍ തന്നെ ഈ രേഖകളുടെ ഫയല്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നതായി മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കാന്‍ ഉണ്ടായ കാരണങ്ങളില്‍ ഒന്നായി അഭിമന്യുവധക്കേസും എന്‍ഐഎ ഉള്‍പ്പെടുത്തിയിരുന്നു. അതും കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് 2023ല്‍ ഹൈക്കോടതിയില്‍ ഫയല്‍ നഷ്ടപ്പെട്ട കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ക്ക് ഞങ്ങള്‍ നഷ്ടപ്പെട്ട ഫയലുകള്‍ പുനസൃഷ്ടിക്കാന്‍ പോവുകയാണ് എന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് കത്തയച്ചപ്പോഴാണ് പുറം ലോകം ഇക്കാര്യം അറിയുന്നത്.
അഭിമന്യു വധക്കേസ് അട്ടിമറിക്കുന്നതിന് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് മതതീവ്രവാദികളുടെ ഏജന്റുമാരായി കോടതിയില്‍ പ്രവര്‍ത്തിച്ചതാര് എന്നതിനെ സംബന്ധിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്നെ നേരിട്ട് അന്വേഷിക്കണമെന്ന് എസ്എഫ്‌ഐ . വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു കേസിലെ സുപ്രധാന രേഖകൾ നഷ്ടമായത് ദുരൂഹമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അഭിമന്യുവിന്റെ ജ്യേഷ്ഠന്‍.
അഭിമന്യുവിന് നീതി ഉറപ്പാക്കുന്നതിൽ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും ആത്മാര്‍തഥ ഇല്ലെന്ന ആക്ഷേപങ്ങൾ തുടക്കം മുതലേ ഉണ്ട്. ഒടുവിൽ ഇപ്പോൾ വിചാരണയ്‌ക്ക് തൊട്ട് മുൻപെ കുറ്റപത്രവും പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പടെയുള്ള സുപ്രധാന രേഖകളും കോടതിയിൽ നിന്നും കാണാതായി. ഇതിലെല്ലാം ദുരൂഹതയെന്ന് അഭിമന്യുവിന്റെ ജ്യേഷ്ഠന്‍ ആരോപിക്കുന്നു.
വിചാരണ നടക്കാനിരിക്കേ ശേഖകൾ കാണാതെ പോയതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി രേഖകള്‍ ഉടൻ വീണ്ടെടുക്കണമെന്നും അഭിമന്യുവിന്റെ ജ്യേഷ്ഠന്‍ പരിജിത്ത് ആവശ്യപ്പെട്ടു.
രേഖകൾ കാണാതായത് കേസിന്റെ വിചാരണയെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും പകർപ്പ് പ്രതിഭാഗത്തിന് ലഭ്യമാക്കിയ ശേഷം തിരികെ വയ്‌ക്കുന്നതിൽ വീഴ്ച സംഭവിച്ചതാകാം. കാണാതായ രേഖകളുടെ എല്ലാം പകർപ്പ് പ്രോസിക്യൂഷന്റെ പക്കലുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ യഥാർത്ഥ കോപ്പി ഉൾപ്പടെ ഫോറൻസിക് ലാബിലും സൂക്ഷിച്ചിട്ടുണ്ട്.
2018 ജൂൺ 1 നാണ് മഹാരാജസ് കോളേജിലെ എസ് എഫ്ഐ പ്രവർത്തകനായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുത്തി കൊലപ്പെടുത്തിയത്. മുഖ്യപ്രതിയെ പിടികൂടിയത് ഏറെ വൈകിയാണ്. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല.
വിഷയത്തില്‍ പൊടുന്നനെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലനും മന്ത്രി പി രാജീവും ഇടപെട്ടതിനെയും ചിലര്‍ വിമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: