ന്യൂദല്‍ഹി: ഭാരതവുമായുള്ള ബന്ധം വഷളായതോടെ മാലദ്വീപിന്റെ ടൂറിസം മേഖലയിലുണ്ടായ തിരിച്ചടിയെത്തുടര്‍ന്ന് ഭാരതത്തോട് മാപ്പ് പറഞ്ഞ് മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്. ബന്ധം വഷളായതിന് പിന്നാലെ ടൂറിസം അടക്കമുള്ള മേഖലകളില്‍ ഭാരതീയര്‍ മാലദ്വീപിനെ ബഹിഷ്കരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മാലദ്വീപിലുണ്ടായ പ്രത്യാഘാതങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചാണ് മുഹമ്മദ് നഷീദ് മാപ്പ് പറഞ്ഞത്. നിലവില്‍ ഭാരതത്തിലുള്ള നഷീദ് മാലദ്വീപിലെ ജനങ്ങളുടെ പേരില്‍ ക്ഷമാപണവും നടത്തി.
‘ഞാന്‍ ഇപ്പോള്‍ ഭാരതത്തിലുണ്ട്. ഭാരതവുമായുള്ള ബന്ധം ഉലഞ്ഞത് മാലദ്വീപിനെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഇതില്‍ ഞാന്‍ വളരെ ആശങ്കപ്പെടുന്നു. ഇങ്ങനെ സംഭവിച്ചതില്‍ മാലദ്വീപിലെ ജനങ്ങളുടെ പേരില്‍ ക്ഷമ ചോദിക്കുന്നു. അവധിക്കാലം ആഘോഷിക്കാന്‍ ഭാരതീയര്‍ മാലദ്വീപില്‍ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങളുടെ ആതിഥ്യ മര്യാദയില്‍ ഒരു മാറ്റവും ഉണ്ടായിരിക്കില്ല’. നഷീദ് പറഞ്ഞു.
അതേസമയം മേയ് പത്തിന് മുമ്പ് ഭാരത ഉദ്യോഗസ്ഥരും സൈനികരും മാലദ്വീപ് വിടണമെന്ന് പ്രസിഡന്റ് മുഹമ്മദ് മൊയിസു പ്രഖ്യാപിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ഭാരതവുമായുള്ള ബന്ധം എല്ലാതരത്തിലും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് മൊയിസു. ഇതിന് പിന്നാലെയാണ് ടൂറിസം മേഖലയിലടക്കം ഭാരതത്തിന്റെ ബഹിഷ്കരണം വന്നത്. രാജ്യങ്ങള്‍ തമ്മിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഭാരതം സ്വീകരിച്ചിട്ടുള്ള ഉത്തരവാദിത്ത സമീപനത്തെ നഷീദ് പ്രശംസിച്ചു. സമ്മര്‍ദ്ദം ചെലുത്തുന്നതിന് പകരം നയതന്ത്ര ചര്‍ച്ചയാണ് ഭാരതം നിര്‍ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈനികര്‍ രാജ്യത്ത് നിന്ന് മടങ്ങിപ്പോകണമെന്ന് മാലദ്വീപ് പ്രസിഡന്റ് ആവശ്യപ്പെട്ടപ്പോള്‍, ഭാരതം മസില്‍പവര്‍ കാണിച്ചില്ല, മറിച്ച് വിഷയം ചര്‍ച്ച ചെയ്യാമെന്നാണ് പറഞ്ഞത്. റബര്‍ ബുള്ളറ്റ്, കണ്ണീര് വാതകം പോലുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ മൊയിസു പദ്ധതിയിടുന്നുണ്ടെന്നാണ് കരുതുന്നത്. കൂടുതല്‍ കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും വേണ്ടിവരുമെന്ന് സര്‍ക്കാര്‍ ചിന്തിച്ചതുതന്നെ ഖേദകരമാണ്. തോക്കിന് കുഴലിലൂടെയല്ല ഭരണം നടക്കേണ്ടത്, നഷീദ് വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം അധികാരത്തിലെത്തിയത് മുതല്‍ കടുത്ത ഭാരതവിരുദ്ധ നടപടികളാണ് മൊയിസു സ്വീകരിക്കുന്നത്. ഭാരതവിരുദ്ധ നിലപാടുകള്‍ക്കെതിരെ മാലദ്വീപില്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രസിഡന്റ് മൊയിസു ഭാരത വിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോകുകയാണ്. ചൈനയുമായി സൈനിക ഉടമ്പടി രൂപീകരിച്ചതിന് ശേഷമാണ് ഭാരത സൈനികരെ പിന്‍വലിക്കാന്‍ മാലദ്വീപ് ആവശ്യപ്പെട്ടത്.
എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണേണ്ടത് നയതന്ത്ര ചര്‍ച്ചകളിലൂടെയാണെന്ന് നേരത്ത വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: