ന്യൂദല്‍ഹി: ക്രിയേറ്റ് ഓണ്‍ ഇന്ത്യ (ഭാരതത്തെക്കുറിച്ചുള്ള സൃഷ്ടികള്‍ അവതരിപ്പിക്കൂ) പ്രസ്ഥാനത്തിന് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. പ്രഥമ നാഷണല്‍ ക്രിയേറ്റേഴ്സ് അവാര്‍ഡുകള്‍ ഭാരത് മണ്ഡപത്തിലെ ചടങ്ങില്‍ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സോഷ്യല്‍മീഡിയയിലൂടെ മികച്ച ഉള്ളടക്കം സൃഷ്ടിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരെ പ്രചോദിപ്പിക്കുന്നവര്ക്കാണ് നാഷണല്‍ ക്രിയേറ്റേഴ് അവാര്‍ഡ്.
ഭാരതത്തിന്റെ മുന്നേറ്റത്തെക്കുറിച്ചുള്ള ഉള്ളടക്കങ്ങള്‍ തയാറാക്കി ലോകത്തെ അറിയിക്കാന്‍ മോദി ആവശ്യപ്പെട്ടു. ഭാരതത്തിന്റെ കഥകള്‍, സംസ്കാരം, പൈതൃകം, പാരമ്പര്യം എന്നിവ ലോകമെമ്പാടും പങ്കുവയ്ക്കാം. നിങ്ങള്‍ക്ക് മാത്രമല്ല ഭാരതത്തിനും പരമാവധി ലൈക്കുകള്‍ കിട്ടണം. ഇതിലൂടെ നിങ്ങളോരോരുത്തരും ഭാരതത്തിന്റെ ഡിജിറ്റല്‍ അംബാസഡര്മാരാവുകയാണ്. വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന പ്രചാരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് നിങ്ങള്‍. സെക്കന്‍ഡിലൊരംശം സമയം മാത്രം മതി, ലോകത്തിന്റെ ഏതുകോണിലേക്കും നിങ്ങളുടെ ഉള്ളടക്കം എത്തിപ്പെടും.
ഭാരതത്തെക്കുറിച്ച് അറിയാന്‍ ലോകത്തിന് ജിജ്ഞാസയുണ്ട്. അതിനാല്‍ ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയ യുഎന്‍ ഭാഷകളില്‍ തങ്ങളുടെ വ്യാപ്തി വര്ദ്ധിപ്പിക്കണമെന്നൂം മോദി നിര്‍ദേശിച്ചു. എഐയെക്കുറിച്ച് ബില്‍ ഗേറ്റ്സുമായുള്ള ആശയവിനിമയം മോദി ഓര്‍മിപ്പിച്ചു. ഭാരതത്തിന്റെ എഐ ദൗത്യത്തിനുള്ള മന്ത്രിസഭയുടെ അംഗീകാരത്തെക്കുറിച്ച് ബില്‍ ഗേറ്റ്സിനെ അറിയിച്ചു. ഭാരതത്തിലെ യുവാക്കളെയും പ്രതിഭകളെയും അദ്ദേഹം പ്രശംസിച്ചു.
തന്റെ പ്രസംഗം ചുരുങ്ങിയ സമയത്തിനുള്ളില്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ എഐ ഉപയോഗിക്കുന്നതിനെക്കുറിച്ചും നമോ ആപ്പില്‍ നിന്നുള്ള ഫോട്ടോഗ്രാഫുകളെക്കുറിച്ചും പ്രധാനമന്ത്രി യോഗത്തെ അറിയിച്ചു. ഡാറ്റാ വിപ്ലവം മുതല്‍ കുറഞ്ഞ വിലയ്ക്ക് മൊബൈല്‍ ഫോണുകള്‍ വരെ സംഭവിച്ചു. അതോടെ പുതിയ ലോകമാണ് കണ്ടന്റ് ക്രിയേറ്റേഴ്സിനായി അവിടെ രചിക്കപ്പെട്ടത്. ഭാരതത്തിന്റെ യുവാക്കള്‍ക്ക് അര്‍ഹതപ്പെട്ടതാണ് ഈ പുരസ്കാരം. ഭാരതത്തിലെ ഓരോ ഡിജിറ്റല്‍ ക്രിയേറ്റര്‍മാര്‍ക്കും ലഭിച്ച അംഗീകാരമാണിത്.
മഹാശിവരാത്രിയുടെ മഹത്തായ അവസരത്തിലാണ് ആദ്യമായി ദേശീയ ക്രിയേറ്റര്‍ അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. ഭാഷയുടെയും കലയുടെയും സര്‍ഗാത്മകതയുടെയും സ്രഷ്ടാവായാണു ശിവന് വാഴ്ത്തപ്പെടുന്നത്. ശിവന് നടരാജനാണ്, അദ്ദേഹത്തിന്റെ ഡമരു ‘മഹേശ്വര് സൂത്ര’ സൃഷ്ടിക്കുന്നു, അദ്ദേഹത്തിന്റെ താണ്ഡവം താളത്തിനും സൃഷ്ടിക്കും അടിത്തറയിടുന്നു, പ്രധാനമന്ത്രി പറഞ്ഞു. ജി 20 ഉച്ചകോടിയില്‍ ലോക നേതാക്കള്‍ ഭാവിക്കു ദിശാബോധം നല്കിയ അതേ സ്ഥലത്ത് ദേശീയതലത്തിലുള്ള ഉള്ളടക്കസ്രഷ്ടാക്കള്‍ ഒത്തുകൂടിയിരിക്കുന്നത്. പുരസ്കാരം ലഭിച്ച എല്ലാവരെയും മോദി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: