തൃശൂര്‍: കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനെന്നറിയപ്പെട്ടിരുന്ന ലീഡര്‍ കെ.കരുണാകരന്റെ രാഷ്ട്രീയ തട്ടകമാണ് തൃശൂര്‍. എന്നാല്‍ കരുണാകരനേയും മകള്‍ പത്മജയേയും വീഴ്ത്തിയത് അതേ തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കളും.
ചിത്രംവര പഠിയ്ക്കാനായി കണ്ണൂരില്‍ നിന്ന് തൃശൂരിലെത്തിയ കണ്ണോത്ത് കരുണാകരന് പിന്നീട് കേരളത്തിന്റെ രാഷ്ട്രീയചരിത്രമെഴുതി. എന്നാല്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ട അതേ തൃശൂരില്‍ നിന്നു തന്നെ അദ്ദേഹം വേദന അറിഞ്ഞു. 1996ല്‍ തൃശൂര്‍ ലോക്സഭാ സീറ്റില്‍ വി.വി.രാഘവനോട് തോറ്റപ്പോള്‍, പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തിയെന്ന കരുണാകരന്റെ വിലാപം കാലങ്ങളോളം കേരള രാഷ്ട്രീയത്തില്‍ മുഴങ്ങി.
കെട്ടിച്ചമച്ച ചാരക്കേസ് വഴി മുഖ്യമന്ത്രിക്കസേരയില്‍ നിന്നും നിഷ്കാസിതനായ കരുണാകരനെ രാഷ്ട്രീയ വനവാസത്തിന് അയക്കാനായിരുന്നു പാര്‍ട്ടിയിലെ എതിര് ചേരിയുടെ നീക്കം. മക്കളെപ്പോലെ കരുതി കൂടെ നിര്‍ത്തി വളര്‍ത്തി വലുതാക്കിയവര്‍ പോലും ലീഡറെ ചതിച്ചു.
ലീഡര്‍ പറഞ്ഞ അതേ വാചകം പറയാതെ പറഞ്ഞാണ് മകള്‍ പത്മജയും കോണ്‍ഗ്രസിന്റെ പടിയിറങ്ങുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാലണ മെമ്പര്‍ഷിപ്പുമായി തൃശൂര്‍ നഗരത്തില്‍ നിന്നാണ് കരുണാകരന് പൊതുപ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിച്ചതും അടവുകള്‍ പഠിച്ചതും. പൂങ്കുന്നത്തെ സീതാറാം മില്ലിന്റെ പടിക്കലെ ചായപ്പീടികയിലാണ് തൃശൂരിന്റെ തൊഴിലാളി രാഷ്ട്രീയവും കെ.കരുണാകരനെന്ന നേതാവും തഴച്ചുവളര്‍ന്നത്.
ചേറ്റുപുഴക്കാരന്‍ പടിഞ്ഞാറേ തലയ്ക്കല്‍ നാണു എഴുത്തച്ഛന്റെ ചായക്കടയിലെ മരബഞ്ചിലിരുന്നാണ് കരുണാകരന് തൊഴിലാളികളെ ചാക്കിട്ട് പിടിച്ച് കോണ്‍ഗ്രസിന് സീതാറാമില്‍ യൂണിയനുണ്ടാക്കിയത്. 1960 തൊഴിലാളികള്‍ കൈയില്‍ ചെങ്കൊടി പിടിച്ചപ്പോള്‍ 40 പേര് കരുണാകരനൊപ്പം മൂവര്‍ണ്ണക്കൊടി പിടിച്ചു.
കേരളരാഷ്ട്രീയത്തിലെ ചില ഭാഷാപ്രയോഗങ്ങളും തന്ത്രങ്ങളും തൃശൂരിലെ രാഷ്ട്രീയത്തില്‍ നിന്നാണ് പിറന്നത്. കരിങ്കാലിയും ഗൂഢാലോചനയും കരിഞ്ചന്തയുമെല്ലാം രാഷ്ട്രീയക്കാരുടെ പ്രയോഗമായി മാറിയതും ഇവിടെ നിന്നാണ്. കൊച്ചി രാജ്യപ്രജാ മണ്ഡലത്തിലെ ഒരു പ്രവര്‍ത്തകനായി തുടങ്ങിയ കരുണാകരന്, പിന്നീട് തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി. 1945ല്‍ ചെമ്പൂക്കാവില്‍ നിന്നാണ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കരുണാകരനെന്ന രാഷ്ട്രീയനേതാവിന്റെ ആദ്യതിരഞ്ഞെടുപ്പ് വിജയം. മാളയായിരുന്നു പിന്നീട് കരുണാകരന്റെ തറവാട്. 1967 മുതല്‍ 1991 വരെ ഇവിടെ നിന്നും നിയമസഭയിലെത്തിയപ്പോള്‍ മാളയുടെ മാണിക്യമെന്ന് ലീഡര്‍ വിശേഷിപ്പിക്കപ്പെട്ടു. കരുണാകരന് രണ്ട് തവണ തോല്‍വിയറിഞ്ഞതും അതേ തൃശൂരില്‍ തന്നെയായിരുന്നു. 1957ല്‍ തൃശൂര്‍ നിയമസഭാസീറ്റില്‍ എ.ആര്.മേനോനോടും 96 ല്‍ ലോക്സഭ സീറ്റില്‍ വി.വി.രാഘവനോടും. വിസ്മയിപ്പിക്കുന്ന രാഷ്ട്രീയനീക്കങ്ങളിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കുന്ന ചാണക്യതന്ത്രജ്ഞന്റെ മകളും കോണ്‍ഗ്രസിന്റെ പടിയിറങ്ങുകയാണ്. ആ നഷ്ടം കോണ്‍ഗ്രസിന് ചെറുതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: