ശിവഗിരി : ഗുരുധര്‍മ്മപ്രചരണസഭയുടെ നേതൃത്വത്തില്‍ ശിവരാത്രി ദിനം ശിവഗിരിയില്‍ നിന്നും അരുവിപ്പുറത്തേക്ക് സംഘടിപ്പിച്ച ശൈവസങ്കേത യാത്ര ഭക്തിയും വിജ്ഞാനവും പ്രദാനം ചെയ്തു. ശിവഗിരിയുടെ സമീപപ്രദേശങ്ങളില്‍ ഗുരുദേവന് പ്രതിഷ്ഠാകര്‍മ്മം നിര്വ്വഹിച്ചവ ഉള്‍പ്പെടെ ഗുരുദേവനുമായി ബന്ധപ്പെട്ട പുണ്യ സങ്കേതങ്ങളുണ്ട്. ഗുരുപാദം പതിഞ്ഞ ഈ കേന്ദ്രങ്ങളില്‍ ദര്‍ശനവും സത്സംഗവും നടത്തിയായിരുന്നു തുടര്‍യാത്ര.
ഗുരുദേവന് പ്രതിഷ്ഠാകര്‍മ്മം നടത്തിയിട്ടുള്ള പ്ലാവഴികംദേവീ ക്ഷേത്രം കായിക്കര ശ്രീകപാലേശ്വരം ക്ഷേത്രം, ഏറത്ത് ശ്രീസുബ്രഹ്മണ്യ ക്ഷേത്രം, അഞ്ചുതെങ്ങ് ശ്രീജ്ഞാനേശ്വര ക്ഷേത്രം, കടയ്ക്കാവൂര്‍ ശ്രീഅര്ദ്ധനാരീശ്വര ക്ഷേത്രം, വക്കം ശ്രീദേവേശ്വര ക്ഷേത്രം, ശ്രീവേലായുധന്‍ നട ക്ഷേത്രം, പുതിയകാവ് ആനന്ദവല്ലീശ്വരം ക്ഷേത്രം, കുളത്തൂര്‍ കോലത്തുകരക്ഷേത്രം, മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രം, മണ്ണന്തല ദേവീക്ഷേത്രം, കുന്നുംപാറശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം എന്നിവിടങ്ങളിലൊക്കെയും ദര്‍ശനവും സത്സംഗവും നടത്തി തീര്‍ത്ഥം സ്വീകരിച്ചുമാണ് യാത്ര ഗുരുദേവന് കര്‍മ്മകാണ്ഡ ത്തിന് തുടക്കം കുറിച്ച അരുവിപ്പുറം ക്ഷേത്രത്തില്‍ എത്തിയത് . അരുവിപ്പുറത്തെ അഭിഷേക കര്‍മ്മത്തിലും ഇവര്‍ പങ്കാളികളായി.
പലര്‍ക്കും പറഞ്ഞറിവുമാത്രമുള്ളതായിരുന്നു ഈ പുണ്യകേന്ദ്രങ്ങളൊക്കെയും. തനിച്ചു പോകാന്‍ പറ്റാതെ ഇവിടങ്ങളില്‍ ദര്‍ശനം നടത്തണമെന്നുള്ള ആഗ്രഹം വര്‍ഷങ്ങളായി ഉള്ളിലൊതുക്കി കഴിഞ്ഞവര്‍ക്ക് കൈവന്ന അനുഗ്രഹമായി ഗുരുധര്‍മ്മ പ്രചരണ സഭ നേതൃത്വം നല്കിയ ഈ ശൈവസങ്കേതയാത്ര. യാത്രയ്ക്ക് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നല്‍കിയത് സഭാ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമികളാണ്.
ഇന്നലെ പുലര്‍ച്ചെ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വാഹനങ്ങളില്‍ ഭക്തര്‍ ശിവഗിരിയില്‍ എത്തിക്കൊണ്ടിരുന്നു. മഹാസമാധിയില്‍ സംന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരിമാരും ഭക്തജനങ്ങളും ചേര്‍ന്ന് നടത്തിയ പ്രാര്‍ത്ഥനയെത്തുടര്‍ന്ന് സമാധിപീഠത്തില്‍ നിന്നും കൊളുത്തിയ ദീപം ഗുരുദേവ വിഗ്രഹം പ്രതിഷ്ഠിച്ച രഥത്തിലേക്ക് ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ട്രഷറര്‍ പരാനന്ദ സ്വാമി പകര്‍ന്നു. ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ട്രഷറര്‍ സ്വാമി വിശാലാനന്ദ, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി വിരജാനന്ദഗിരി, സ്വാമി ശ്രീനാരായണദാസ്, സഭാ ഭാരവാഹിക ളായ വൈസ് പ്രസിഡന്റ് അനില്‍ തടാലില്‍, രജിസ്ട്രാര്‍ അഡ്വ: പി. എം. മധു യുവജനസഭാ ചെയര്മാന് രാജേഷ് അമ്പലപ്പുഴ, തുടങ്ങിയവര്‍ നേതൃത്വം നല്കി.
യാത്രാ വേളയില്‍ എത്തിച്ചേര്‍ന്ന കേന്ദ്രങ്ങളില്‍ എല്ലാ ക്ഷേത്രഭാരവാഹികളും മറ്റു ഭക്തരും ചേര്‍ന്ന് സ്വീകരണങ്ങളും നല്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: