കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടു ദിവസത്തെ തിരക്കിട്ട രണ്ടാം പര്യടനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങുമ്പോള്‍ കൊല്‍ക്കത്തയിലെ മാധ്യമങ്ങളില്‍ നിറയുന്നത് അനുയാത്രയിലും രാജ്ഭവനിലെ താമസത്തിനിടയിലും അദ്ദേഹവുമായി ഗവര്‍ണര്‍ ആനന്ദബോസ് നടത്തിയ കൂടിക്കാഴ്ചകളും ചര്‍ച്ചകളുമാണ്.
ഈ പര്യടനത്തില്‍ പ്രധാനമന്ത്രിയുടെ പ്രധാനപരിപാടികളിലൊന്ന് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനലിന്റെ ഉദ്ഘാടനമാണ്. മലയാളിയായ ഗവര്‍ണര്‍ ആനന്ദബോസിനെ ഒപ്പം നിര്‍ത്തിയാണ് പ്രധാനമന്ത്രി ആ മഹത്കര്‍മം നിര്‍വഹിച്ചത്. എസ്എന്‍ ജംഗ്ഷന് മുതല്‍ തൃപ്പൂണിത്തുറ വരെ 1.16 കിലോമീറ്റര്‍ പാതയും തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനുമാണ് മോദി രാജ്യത്തിന് സമര്‍പ്പിച്ചത്.
കൊല്‍ക്കത്ത മെട്രോയുടെ കിഴക്ക്പടിഞ്ഞാറ് ഇടനാഴിയിലെ 4,965 കോടി രൂപ ചെലവ് വരുന്ന ഹൗറ മൈതാനംഎസ്പ്ലനേഡ് സെക്ഷനിലെ ആദ്യത്തെ ഗതാഗത തുരങ്കം ഉദ്ഘാടനചടങ്ങിലും ശേഷം സ്കൂള്‍ കുട്ടികളുമായി എസ്പ്ലനേഡില് നിന്ന് ഹൗറ മൈതാനത്തേക്ക് നടത്തിയ മെട്രോ സവാരിയിലും പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആനന്ദബോസ് അനുഗമിച്ചു. രാജ്ഭവനിലെ താമസത്തിനിടയിലും യാത്രയ്ക്കിടയിലും ബംഗാളിലെ സന്ദേശ്ഖാലിയടക്കമുള്ള പ്രശ്നങ്ങള്‍ക്കൊപ്പം കേരളത്തിലെ കാര്യങ്ങളും ചര്‍ച്ചാവിഷയമായതായി കൊല്‍ക്കത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങളും വന്യജീവി ആക്രമണം മൂലം മലയോരജനത അനുഭവിക്കുന്ന യാതനകളും ആനന്ദ ബോസ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. രണ്ടുവിഷയങ്ങളിലും പ്രശ്നപരിഹാരത്തിനുള്ള സമഗ്രമായ കര്‍മപരിപാടി അദ്ദേഹം കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു.
ഭാരതത്തിന്റെ ആന്തരിക ശക്തിയായ കല, സാഹിത്യം, പൈതൃകം എന്നിവ പരിപോഷിപ്പിക്കുന്നതിനുള്ള മിഷന് കലാക്രാന്തിയുടെ ഭാഗമായി ബംഗാള്‍ രാജ്ഭവനില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആനന്ദബോസ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ആ പ്രവര്‍ത്തനം ദേശീയതലത്തില്‍ വ്യാപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളും ചര്‍ച്ചാവിഷയമായി എന്നറിയുന്നു.
തിരക്കിട്ട പരിപാടികള്‍ക്കിടയിലും ഗവര്‍ണര്‍ എഴുതിയ പുസ്തകങ്ങള്‍ സസൂക്ഷ്മം മറിച്ചുനോക്കാനും കുടുംബാംഗങ്ങളെ പരിചയപ്പെടാനും അദ്ദേഹം സമയം കണ്ടെത്തി. ഗവര്‍ണറുടെ മകന്, ഹോളിവുഡില്‍ അഭിനയപരിശീലനം പൂര്‍ത്തിയാക്കിയെത്തിയ വാസുദേവുമായി അദ്ദേഹം ദീര്‍ഘനേരം കുശലാന്വേഷണം നടത്തി.
പ്രധാനമന്ത്രിയെ യാത്രയാക്കിയശേഷം ഗവര്‍ണര്‍ നേരെ പോയത് കൊല്‍ക്കത്തയിലെ ആര്ക്കോപോളിസ് മാളിലേക്കാണ് ആര്‍ട്ടിക്കിള്‍ 370 സിനിമ കാണാന്‍. അതും കൊല്‍ക്കത്തയിലെ ദൃശ്യ മാധ്യമങ്ങള്‍ക്ക്, പ്രത്യേകിച്ച് ദൃശ്യ മാധ്യമങ്ങള്‍ക്ക് കൗതുക വാര്‍ത്തയായി. ആര്‍ട്ടിക്കിള്‍ 370 ഭേദഗതി സംബന്ധിച്ച ആശങ്കകള്‍ വടക്കുകിഴക്കന്‍ പ്രദേശത്തേക്ക് പടര്‍ന്നപ്പോള്‍ വാസ്തവം ബോധ്യപ്പെടുത്താനുള്ള പ്രചാരണത്തിന് കേന്ദ്രം നിയോഗിച്ചത് ആനന്ദബോസിനെയായിരുന്നു എന്നത് ചില മാധ്യമപ്രവര്‍ത്തകര്‍ ഓര്‍ത്തെടുത്തു.
ചലച്ചിത്രം കണ്ടിറങ്ങിയ ഗവര്‍ണര്‍ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന സവിശേഷാധികാരം അസാധുവാക്കിയ ചരിത്രനിയോഗത്തിന്റെ സിനിമാവിഷ്കാരത്തെ അഭിനന്ദിച്ചു. ‘നിങ്ങള്‍ക്ക് കുറേപ്പേരെ എല്ലാ കാലവും കബളിപ്പിക്കാം. എല്ലാവരെയും കുറെ കാലത്തേക്കും കബളിപ്പിക്കാം. എന്നാല്‍ എല്ലാ പേരെയും, എല്ലാ കാലവും കബളിപ്പിക്കാന്‍ കഴിയില്ല’ എന്ന് ഇന്ത്യ തെളിയിച്ചു അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: