Categories: World

ഭാരതത്തെ ജപ്പാന്‍ അഭിനന്ദിച്ചതിന് പ്രാധാന്യമേറെയെന്ന് എസ്. ജയശങ്കര്‍

Published by

ടോക്കിയോ: ഭാരതത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ വേഗതയെ ജപ്പാന്‍ അഭിനന്ദിക്കുന്നുവെന്നത് ഏറെ പ്രാധാന്യമുള്ള ഒന്നാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ത്രിദിന സന്ദര്‍ശനത്തിനായി ജപ്പാനിലെത്തിയ അദ്ദേഹം ടോക്കിയോയിലെ ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

ഭാരതത്തിലുണ്ടാകുന്ന വികസനത്തേയും മാറ്റങ്ങളുടെ വേഗതയേയും ജപ്പാന്‍ അഭിനന്ദിക്കുന്നു. അത് നിസാരമായ ഒന്നല്ല. ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമായാണ് കരുതുന്നത്. പ്രതിദിനം 28 കിലോമീറ്റര്‍ ഹൈവേ നിര്‍മിക്കുന്ന ഒരു രാജ്യമാണ് ജപ്പാന്‍. ഇവിടെ എല്ലാ വര്‍ഷവും എട്ടു പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നു, രണ്ട് വീതം മെട്രോ സര്‍വീസുകള്‍ ആരംഭിക്കുന്നു. വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്കി പുതിയ കോളജുകള്‍ നിര്‍മിക്കുന്നു. ഇത്തരത്തില്‍ അതിവേഗമാണ് അവര്‍ മുന്നേറിക്കൊണ്ടിരിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാരതവും ഇന്ന് വളര്‍ച്ചയുടെ പാതയിലാണ്. ഈ മാറ്റമാണ് ഭാരതത്തെ വിശ്വസനീയമായ പങ്കാളിയായി മറ്റുള്ളവര്‍ കാണാന്‍ കാരണം. ബിസിനസ്, ജനജീവിതം, സ്റ്റാര്‍ട്ടപ്, സംസ്‌കാരം എന്നിങ്ങനെ രാഷ്‌ട്രത്തിലെ ഓരോ മേഖലയിലെയും ഓരോ ഘടകങ്ങളേയും ഇത് സ്വാധീനിക്കുന്നു. അറേബ്യന്‍ ഉപദ്വീപിലൂടെയുള്ള ഭാരത മധ്യപൂര്‍വ- യൂറോപ്പ് ഇടനാഴിയുടെയും ഇന്റര്‍ നാഷണല്‍ നോര്‍ത്ത്- സൗത്ത് ഇടനാഴിയുടെയും ഈസ്റ്റ് ട്രൈലാറ്ററല്‍ ഹൈവേയുടെയും ഉള്‍പ്പെടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഏഷ്യയിലൂടെ അറ്റ്ലാന്റിക്കിനെ പസഫിക്കിലേക്ക് ബന്ധിപ്പിക്കാനാകും. ഈ ബന്ധത്തിന്റെ ആവശ്യകതയെ കുറിച്ച് ഭാരതത്തിനും ജപ്പാനും കൃത്യമായ വീക്ഷണമുണ്ട്. സമുദ്ര സുരക്ഷ ഉള്‍പ്പെടെ നിര്‍ണായക മേഖലകളില്‍ ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക