ശ്രീനഗര്‍: ഇന്നോളമുള്ള ചരിത്രങ്ങളെല്ലാം തകര്‍ത്ത് ശ്രീനഗര്‍ ബക്ഷി സ്റ്റേഡിയത്തിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. സ്ത്രീകളുള്‍പ്പെടെ ജനസഞ്ചയം സ്റ്റേഡിയത്തിനു പുറത്തു കാത്തുനിന്നു, 370-ാം വകുപ്പു റദ്ദാക്കിയ ശേഷം ജമ്മു കശ്മീരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധനയ്ക്കു സാക്ഷ്യം വഹിക്കാന്‍.
മാറിയ കശ്മീരിലാണ് താന്‍ നില്ക്കുന്നതെന്നു സൂചിപ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ചില രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നു കശ്മീര്‍ രക്ഷപ്പെട്ടത് 370-ാം വകുപ്പു റദ്ദാക്കിയപ്പോഴാണ്. നിയന്ത്രണങ്ങളില്‍ നിന്നു കശ്മീര്‍ പുറത്തുവന്നു. ടൂറിസം രംഗത്ത് പഴയ പ്രതാപം വീണ്ടെടുക്കുന്നു. വികസനത്തിന്റെ പുത്തന്‍ ഉയരങ്ങളിലേക്കു കശ്മീര്‍ കുതിക്കുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.
മുന്നൂറ്റെഴുപതാം വകുപ്പിന്റെ പേരില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും കാലങ്ങളോളം ജമ്മു കശ്മീരിലെ ജനങ്ങളെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിച്ചു. ചില രാഷ്ട്രീയ കുടുംബങ്ങള്‍ക്കല്ലാതെ ഈ വകുപ്പില്‍ നിന്ന് ആര്‍ക്കാണു നേട്ടമുണ്ടായത്. അവര്‍ക്കു വേണ്ടി കശ്മീരിനെ ചങ്ങലയ്ക്കിട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കിത്തുടങ്ങി. മുന്നൂറ്റെഴുപതാം വകുപ്പ് റദ്ദാക്കിയപ്പോള്‍ അതിനെതിരേ കശ്മീരിലെ യുവാക്കള്‍ കല്ലെറിഞ്ഞില്ല. അവര്‍ക്ക് രാജ്യത്തെ മറ്റേതു യുവ സമൂഹത്തിനുമെന്ന പോലെ അവസരങ്ങള്‍ ലഭിക്കുന്നു, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരില്‍ 6400 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ബക്ഷി സ്റ്റേഡിയത്തിലെ പ്രത്യേക വേദിയില്‍ വികസിത് ഭാരത് ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു. ഉത്പന്നങ്ങളുടെ പവലിയനും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: