കൊച്ചി: അഭിമന്യു കേസിലെ അട്ടിമറികള്‍ തുടരുന്നു. കേസിലെ കുറ്റപത്രം അടക്കം മുഴുവന്‍ സുപ്രധാന രേഖകളും കോടതിയില്‍ നിന്ന് കാണാതായ സംഭവമാണ് അട്ടിമറി ശ്രമങ്ങളിലെ ഏറ്റവും ഒടുവിലത്തേത്. രേഖകള്‍ എങ്ങനെ കാണാതായി എന്നത് വിശദമായി അന്വേഷിച്ചാലേ അതിനുപിന്നില്‍ ഗൂഢാലോചന നടന്നോയെന്ന് വ്യക്തമാകൂ.
രേഖകള്‍ കാണാതായത് കേസിന്റെ തുടര്‍നടപടികള്‍ വൈകിപ്പിക്കും. കേസിലെ 11 നിര്‍ണായക രേഖകളാണ് എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍നിന്നു കാണാതായത്. വിഷയം കേരള ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഇവ പുനഃസൃഷ്ടിക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് നിര്‍ദേശം നല്കി. 2023 നവംബറില്‍ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താന്‍ കേസ് പരിഗണിച്ചപ്പോള്‍, 11 രേഖകള്‍ കോടതിയില്‍നിന്ന് കാണാതായതായി കണ്ടെത്തി. കുറ്റപത്രം, കവറിങ് ലെറ്ററോടുകൂടിയ കേസിന്റെ വിശദാംശങ്ങള്‍, ജയില്‍ പരിശോധനയില്‍ കണ്ടെത്തിയ സ്വത്തിന്റെ രജിസ്റ്ററിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, അര്ജുന് എന്ന വ്യക്തിക്ക് പോലീസ് നല്കിയ അറിയിപ്പ്, കാഷ്വാലിറ്റി രജിസ്റ്റര്‍, വിനീത് എന്ന വ്യക്തിയുടെ ആശുപത്രി കാര്‍ഡ്, രാഹുലിന്റെ മുറിവ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് കാണാതായവ. സിം കാര്‍ഡുകള്‍ വാങ്ങാന്‍ സമര്‍പ്പിച്ച 15 ഉപഭോക്തൃ അപേക്ഷാ ഫോമുകള്‍, സൈറ്റ് പ്ലാന്‍, മഹാരാജാസ് കോളജില്‍ നിന്ന് നല്കിയ സര്‍ട്ടിഫിക്കറ്റ്, ചോദ്യം ചെയ്യലില്‍ പ്രതികള്‍ നല്കിയ 161 സിആര്‍പിസി മൊഴി എന്നിവയും കാണാതായിട്ടുണ്ട്.
രേഖകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്, പരിശോധന നടത്താന്‍ കോടതി ജീവനക്കാരോട് നിര്‍ദേശിച്ചെങ്കിലും ഫലമുണ്ടായില്ല. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 16 പേര് ഉള്‍പ്പെടെ 26 പ്രതികളാണ് കേസിലുള്ളത്. കാണാതായ രേഖകള്‍ പുനര്‍നിര്‍മിക്കാന്‍ ഹൈക്കോടതി ജില്ലാ കോടതിയോട് നിര്‍ദേശിച്ചു.
കേസില്‍ ഗൂഢാലോചന അന്വേഷിക്കാത്തതാണ് ആദ്യ അട്ടിമറി. മുഖ്യപ്രതിയുടെ അറസ്റ്റ് വൈകിപ്പിച്ചതും പ്രധാന തൊണ്ടിമുതലായ കുത്തിയ കത്തി കണ്ടെടുക്കാത്തതും രണ്ടാമത്തെ അട്ടിമറി. അടിയന്തര വിചാരണ നടത്താന്‍ നടപടികള്‍ സ്വീകരിക്കാത്തത് മറ്റൊരു അട്ടിമറി. കോടികള്‍ രക്തസാക്ഷി ഫണ്ട് പിരിച്ച് നാമമാത്രമായ തുക അഭിമന്യുവിന്റെ കുടുംബത്തിന് നല്കി കബളിപ്പിക്കല്‍.
മഹാരാജാസ് കോളജില്‍ എസ്എഫ്ഐക്കായി ജീവിതം ഹോമിച്ച അഭിമന്യുവിന്റെ ആത്മാവിനോട് സിപിഎം കാണിക്കുന്ന അനീതിയുടെ എണ്ണമില്ലാത്ത സംഭവങ്ങളാണ് പുറത്ത് വരുന്നത്. അഭിമന്യുവിനെ ഉന്മൂലനം ചെയ്ത് കാമ്പസില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ടിന്റെ ആവശ്യമായിരുന്നു. അതിനുള്ള ആസൂത്രണത്തിന് എസ്എഫ്ഐയും കുടപിടിച്ചു.
വട്ടവടയിലെ വീട്ടിലായിരുന്ന അഭിമന്യുവിനെ വിളിച്ച് വരുത്തി കൊലയാളികള്‍ക്ക് മുന്നില്‍ ഇട്ടുകൊടുത്തത് എസ്എഫ്ഐ ആണ്. കൊലപാതകം നടന്ന് ഒരു വര്‍ഷം പിന്നിട്ടതിന്ശേഷം അഭിമന്യുവിന്റെ പിതാവ് പ്രതിഷേധവുമായി രംഗത്ത് വന്നതിന് ശേഷമാണ് മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന് ഒരു പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ പോലും ആഭ്യന്തര വകുപ്പ് തയാറായില്ല.
അതേസമയം സംഭവത്തില്‍ ദുരൂഹതയെന്ന് സഹോദരന് പരിജിത്ത്. രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായതിന്റെ ഞെട്ടലിലാണ് വട്ടവടയിലെ അഭിമന്യുവിന്റെ കുടുംബം. വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണിത്. രേഖകള്‍ വീണ്ടെടുക്കുന്നതിനൊപ്പം ഇവ മാറ്റിയവരെ പൊതുസമൂഹത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും സഹോദരന് പറഞ്ഞു.
അഭിമന്യൂ കൊലക്കേസുമായി ബന്ധപ്പെട്ട് നിര്‍ണായകമായ പതിനൊന്നു രേഖകള്‍ കാണാനായ സംഭവം ബുധനാഴ്ചയാണ് പുറംലോകം അറിഞ്ഞത്. കുറ്റപത്രം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റ്, മുറിവ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളാണ് നഷ്ടപ്പെട്ടത്. രേഖകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലമായതോടെ വിവരം സെഷന്‍സ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ശേഖകള്‍ കാണാതായ സാഹചര്യത്തില്‍ വിചാരണ നടപടികള്‍ നീളുമോ എന്ന ആശങ്കയും കുടുംബത്തിനുണ്ട്. എന്നാല്‍ കാണാതായ രേഖകളുടെ കോപ്പികള്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും കൈവശം ഉള്ളതിനാല്‍ ശേഖകള്‍ നഷ്ട്ടമായത് വിചാരണ നടപടികളെ ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
മഹാരാജാസ് കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെ 2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെടുന്നത്. 2018 സപ്തംബര്‍ 26നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: