കോഴിക്കോട്: നീന്തല്‍ കുളത്തില്‍ അടങ്ങാത്ത ആവേശവുമായി അറുപതാം വയസില്‍ ചാത്തമംഗലം സ്വദേശി സ്നേഹപ്രഭ. 2010ല്‍ കൈവേദനയെ തുടര്‍ന്ന് ഡോക്ടറുടെ നി
ര്‍ദേശപ്രകാരം ആരംഭിച്ചതാണ് നീന്തല്‍ പരിശീലനം. അച്ഛനാണ് നീന്തല്‍ പഠിപ്പിച്ചത്. നാട്ടിലെ കുളത്തിലും കല്ലുവെട്ട് കുഴിയിലും നീന്താന്‍ തുടങ്ങിയതോടെ സമീപപ്രദേശങ്ങളിലെ കുട്ടികളും നീന്തല്‍ പഠിക്കാന്‍ ഒപ്പം കൂടി. ഇതോടെ ആവേശമായി. ഇത്തരത്തില്‍ ഒപ്പം കൂടിയ 3570 പേരെയാണ് സ്നേഹപ്രഭ സൗജന്യമായി നീന്തല്‍ പഠിപ്പിച്ചത്. ആദ്യകാലങ്ങളില്‍ കന്നാസുകള്‍ കെട്ടി ലൈഫ് ജാക്കറ്റ് ആക്കിയായിരുന്നു പഠിപ്പിച്ചത്. പിന്നീട് അഗ്നിരക്ഷാസേനയുടെ സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍ ആയതോടെ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ലൈഫ് ജാക്കറ്റുകള്‍ നിര്‍മിച്ചായി പരിശീലനം. രണ്ടു വയസ്സു മുതല്‍ 62 വയസുവരെയുള്ളവര്‍ സ്നേഹപ്രഭയുടെ ശിക്ഷണത്തില്‍ നീന്തല്‍ പഠിച്ചിട്ടുണ്ട്.
പരിശീലനത്തിനിടെ യോഗ്യത ചോദിച്ച് എത്തിയവര്‍ക്ക് മുന്‍പിലേക്ക് പ്രായത്തെ തോല്‍പ്പിച്ച് നേടിയെടുത്ത അമേരിക്കന്‍ സിമ്മിങ് കോച്ചേഴ്സ് അസോസിയേഷന് (അസ്ക) ഒന്നാം ലെവല്‍ ട്രെയിനര്‍, കേരള അക്വാട്ടിക്ക് അസോസിയേഷന് ലൈഫ് ഗാര്‍ഡ് നേട്ടങ്ങളും നീട്ടി. സ്നേഹപ്രഭ 50 വയസ്സു മുതല്‍ നേടിയെടുത്ത നേട്ടങ്ങളും ഒട്ടനവധിയാണ്. 2022ല്‍ കേരള അക്വാട്ടിക് അസോസിയേഷന്റ നീന്തല്‍ മത്സരത്തില്‍ 100 മീറ്റര്‍ ഫ്രീസ്റ്റയിലില്‍ ഒന്നാം സ്ഥാനം നേടി. ബെംഗളൂരുവില്‍ നടന്ന 19 മത് നാഷണല്‍ മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഫ്രീസ്റ്റയിലില്‍ രണ്ടാം സ്ഥാനവും നേടിയതോടെ വേള്‍ഡ് മാസ്റ്റേഴ്സിലേക്ക് യോഗ്യത നേടി. രണ്ട് മാസം മുന്‍പാണ് വീട്ടില്‍ തന്നെ സ്വിമ്മിങ് പൂള് നിര്‍മിച്ച് ‘സ്നേഹപ്രഭ സ്വിമ്മിങ് അക്കാദമി’ രജിസ്റ്റര്‍ ചെയ്ത് ക്ലാസ് ആരംഭിച്ചത്. ഇപ്പോള്‍ പൂളിന്റെ ചെലവുകള്‍ മാത്രം വഹിക്കാനുള്ള ഫീസും ഈടാക്കുന്നുണ്ട്.
വിമുക്തഭടനും റിട്ട. ആര്‍ബിഐ ഉദ്യോഗസ്ഥനുമായ ഭര്‍ത്താവ് വസന്തകുമാറും മക്കളായ പ്രവിത വസന്ത്, പ്രവീണ വസന്ത് എന്നിവരും സ്നേഹപ്രഭയ്ക്ക് പിന്തുണയുമായി കൂടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: