മകരക്കുളിരില്‍ വിറങ്ങലിച്ച പ്രകൃതിയെ ഊഷ്മളമാക്കാന്‍ ഫാല്‍ഗുനമാസം പിറന്നു. മഹാശിവരാത്രിയുടെ വ്രതപുണ്യത്തിനായി ഭക്തര്‍ ജാഗരൂഗരായി. കുംഭമാസത്തിലെ ത്രയോദശിയും ചതുര്‍ദ്ദശിയും അതീവ പുണ്യദിനങ്ങളാണ്. ചന്ദ്രന്റെ വൃദ്ധിക്ഷയം പൂര്ണ്ണമാകുന്നത്തിന്റെ (അമാവാസി )തലേ ദിവസമാണ്, വര്‍ഷത്തിലൊരിക്കല്‍ മഹാശിവരാത്രി ആഘോഷിക്കുന്നത്. ചിലവര്‍ഷങ്ങളില്‍ പ്രദോഷത്തോടു ചേര്‍ന്നും ശിവരാത്രിവരുന്നുണ്ട്.
മനുഷ്യരിലെ ആത്മീയ ശക്തി ഉണര്‍ത്തുവാന്‍ അനുയോജ്യമായ സമയമാണ് മഹാശിവരാത്രി നാളിലെ ഗ്രഹങ്ങളുടെ നില. വ്രതം, ജപം, യോഗ, ധ്യാനം എന്നീ സാധനകള്‍ക്കെല്ലാം പൂര്‍വ്വാധികം ഫലം ലഭിക്കുന്ന അവസരം കൂടിയാണിത്. ശിവഭഗവാന്റെ കരുണാര്‍ദ്രമായ കടാക്ഷത്താല്‍ അനുഗ്രഹിക്കപ്പെട്ടതാണീ പവിത്രദിനം. ഈ പുണ്യ ദിനത്തില്‍ വ്രതനിഷ്ഠയോടെ അഹോരാത്രം ശിവ പഞ്ചാക്ഷരി ജപിച്ചിരിക്കണമെന്നതാണ് ആചാര്യ മതം.
ഭൂമണ്ഡലത്തിന്റെ ഉത്തരഭാഗത്തുനിന്നുമുള്ള ഊര്‍ജപ്രവാഹം ഈ പുണ്യദിനത്തില്‍ മനുഷ്യരിലേക്കും വ്യാപിച്ച് ആത്മബോധത്തെ ഉണര്‍ത്താന്‍ സഹായകമാകുന്നു. അതിനാലാണ് പൂര്‍വികര്‍ ശിവരാത്രിനാളില്‍ ജാഗരണം നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഉണര്‍ന്നു നിവര്‍ന്നിരിക്കുന്നവരുടെ നട്ടെല്ലിലൂടെ ഈ ഊര്‍ജപ്രവാഹം നിര്‍ബാധം കടന്നു പോകുമ്പോള്‍ നമ്മളില്‍ മന്ദീഭവിച്ചിരിക്കുന്ന ആത്മീയശക്തി ഉണരുന്നതിനു സഹായകമാകുന്നു. ഒരേ സമയം ജ്ഞാനവും പുണ്യവും നേടാന്‍ കഴിയുന്ന മംഗളമുഹൂര്‍ത്തമാണിത്. ഭോഗലാലസവെടിഞ്ഞ് വ്രതശുദ്ധിയോടെ ജാഗരണം ചെയ്ത് ജപ ധ്യാനാദികളില്‍ മുഴുകണമെന്നതാണ് ശിവരാത്രിയുടെ സന്ദേശം.
ഓരോ കാലത്തും മനസ്സിലടിഞ്ഞു കൂടുന്ന അജ്ഞാനാന്ധകാരത്തെയകറ്റി, വിജ്ഞാനത്തിന്റെ ജ്യോതിസ്സ് നിറയുന്ന തിരിച്ചറിവിന്റെ വേളയാണിത്. അറിഞ്ഞോ അറിയാതേയോ തെറ്റു കുറ്റങ്ങള്‍ ചെയ്തിട്ടില്ലാത്തവര്‍ വിരളമാണ്. തെറ്റില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മനസ്സിനെ നേരായ മാര്‍ഗത്തിലേക്ക് നയിക്കുവാന്‍ ആത്മീയ ചോദന പകരുന്ന അവസരവുമാണിത്.
ശിവരാത്രി വ്രതമനുഷ്ഠിക്കുന്നവരുടെ ജന്മജന്മാന്തര പാപങ്ങളകന്ന് മരണാനന്തരം മോക്ഷം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ദുഷ്കര്‍മ്മവശാല്‍ ഭവിച്ചിട്ടുള്ള പാപങ്ങള്‍ മാറാനും ഗുരുഭൂതന്മാരുടെ മനഃസ്താപങ്ങളകറ്റുന്നതിനും പര്യാപ്തമാണ് ശിവരാത്രി വ്രതം. ഭഗവദ്കൃപയാല്‍ മനസിലെ കാലുഷ്യഭാവമകന്ന് സ്വച്ഛവും ശാന്തവുമാകുന്നു. അഹംബോധം കൈവിട്ട് ശുദ്ധബോധമുണരുന്നു.നിഷ്ഠയോടെ വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് ലൗകികാസക്തി വെടിയാനും പ്രലോഭങ്ങളെ അതിജീവിക്കുവാനും കഴിയുന്നു . കോപം, അത്യാഗ്രഹം, നിഷേധാത്മക പ്രവണതകള്‍ എന്നിവയെല്ലാം തന്നെ നിയന്ത്രിക്കുവാന്‍ മനസ്സിന്റെ സംയമനം കൊണ്ട് ഇവര്‍ക്കു സാധിക്കുന്നു.
ശിവരാത്രി വ്രതാനുഷ്ഠാനത്തില്‍ പ്രാതസ്നാനം ഉപവാസം, ജപം, ജാഗരണം എന്നിവ ആചാര്യന്മാര് നിഷ്ക്കര്‍ഷിച്ചിട്ടുള്ളതാകുന്നു.സ്വഗൃഹത്തിലോ, ശിവാലയങ്ങളിലൊ, പുണ്യവാഹിനി തീരത്തോ ‘ഓം നമഃശിവായ’ ജപിച്ചിരിക്കുന്നത് ആത്മചൈതന്യം വര്‍ധിപ്പിക്കുവാന്‍ ഉതകുന്നതാണ്. സമ്പൂര്‍ണ ഉപവാസത്തോടെയോ അതിനു കഴിയാത്തവര്‍ ഭാഗികമായി അവരവരുടെ ആരോഗ്യസ്ഥിതിയനുസരിച്ച് ഇളനീര്, പാല്, പഴം ഇവ സേവിച്ചോ വ്രതം അനുഷ്ഠിക്കാവുന്നതാണ്. ശിവരാത്രിയുടെ തലേ നാള് മുതല്‍ വ്രതാരംഭം കുറിക്കേണ്ടതാണ്. അന്ന് ഒരു നേരം അരിയാഹാരമാവാം. ശിവക്ഷേത്ര ദര്‍ശനം നടത്തി ഭഗവാന്റെ വെള്ളനിവേദ്യം കഴിക്കുന്നത് ഉത്തമമാകുന്നു. വ്രതകാലങ്ങളില്‍ യാതൊരുവിധ ലഹരി വസ്തുക്കളും ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. ശാരീരിക സുഖങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാതെ ഈശ്വരചിന്തകള്‍ക്ക് പ്രാധാന്യമേകണം. അനാവശ്യമായ സംസാരവും, തര്‍ക്കങ്ങളും, പരദൂഷണവും നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. ഇത്തരം പ്രവണതകള്‍ മനസ്സിന്റെ നീചത്വം വര്‍ധിപ്പിച്ചു നാശത്തിലേക്കു നയിക്കുന്നു. മഹാമൃത്യുഞ്ജയ മന്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതു പോലെ എപ്രകാരമാണോ ഒരു വെള്ളരി അതിന്റെ തായ് ചെടിയില്‍ നിന്നും പൊട്ടി അടര്‍ന്നു പോകുന്നത്, അതുപോലെ മനുഷ്യരും ബന്ധബന്ധനങ്ങളില്‍ നിന്നും അകന്നു നില്ക്കുവാന് പരിശീലിക്കേണ്ടതാണ്. അതിനായി ഭഗവാന്റെ പാദാരവിന്ദത്തില്‍ അഭയം പ്രാപിക്കാം.
ശിവരാത്രിക്കാലത്ത് പിതൃപ്രീത്യര്ത്ഥം ബലികര്‍മ്മങ്ങള്‍ ചെയ്താല്‍ അത് സമ്പൂര്‍ണവും സഫലവുമാകുന്നു. ഏതെങ്കിലും കാരണംകൊണ്ട് പിതൃശ്രാദ്ധം മുടങ്ങിപ്പോയിട്ടുണ്ടെങ്കില്‍, അത് ശിവരാത്രിയിലനുഷ്ഠിച്ചാല് പിതൃപ്രീതി കൈവരിക്കാന്‍ കഴിയുന്നതാണ്. മണ്‍മറഞ്ഞവര്‍ക്കായി, ശിവരാത്രിയിലോ തുടര്‍ന്നു വരുന്ന അമാവാസിയിലോ പിന്തലമുറകള് പിണ്ഡദാനമര്പ്പിച്ച് സായുജ്യമടയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: