ആലപ്പുഴ: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ആലപ്പുഴയില്‍ ഉജ്വല വരവേല്‍പ്പ്. ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ വികസന കുതിപ്പിന്റെ പുതുചരിത്രം എഴുതാന്‍ മോദിയുടെ ഗ്യാരണ്ടി എന്ന സന്ദേശം ഉയര്‍ത്തിയെത്തിയ, സ്ത്രീ ശക്തിയുടെ പ്രതീകമായ ശോഭാ സുരേന്ദ്രന് സ്വീകരണം നല്കാന് വന്‍ജനാവലിയാണ് എത്തിയത്. ആലപ്പുഴ മുല്ലയ്ക്കലില്‍ റോഡ് ഷോ നടത്തിയാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിന്റെ ശതമാനക്കണക്കുകള്‍ അല്ല മറിച്ചു ജനങ്ങളാണ് തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണ്ണയിക്കുന്നത് എന്നും, ഇന്ന് അവര്‍ ബിജെപിക്ക് ഒപ്പമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്. കരിമണല്‍ കര്ത്താമാരെ വഴിവിട്ടു സഹായിച്ചു കോടികള്‍ കൈക്കലാക്കി സമസ്ത മേഖലകളിലും അഴിമതിക്ക് കളമൊരുക്കിയ സര്‍ക്കാര്‍ ആണ് ഇന്ന് കേരളം ഭരിക്കുന്നത്.ഒരു കാലത്ത് വ്യവസായങ്ങളുടെ നാടായിരുന്ന ആലപ്പുഴ ഇന്ന് വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു.
ആലപ്പുഴയില്‍ മാറ്റം വേണമെന്നുള്ളത് ജനങ്ങളുടെ ആഗ്രഹമാണ്. അത് അവര്‍ നിറവേറ്റുക തന്നെ ചെയ്യും, നരേന്ദ്ര മോദിയുടെ ഗ്യാരണ്ടി വെറും വാക്കല്ല, മറിച്ചു 100 ശതമാനം ഉറപ്പുള്ളതാണ് എന്ന് ജനങ്ങള്‍ക്കറിയാം, അതു കൊണ്ട് തന്നെ ആലപ്പുഴയില്‍ ഇത്തവണ ജനങ്ങള്‍ ബിജെപിയോടൊത്ത് താമര വിരിയിക്കും ശോഭ സുരേന്ദ്രന് പറഞ്ഞു.
മണ്ഡലത്തില്‍ വന്നിറങ്ങിയ ശോഭാ സുരേന്ദ്രനെ ആവേശം വാരി വിതറി മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന് ഷാള്‍ അണിയിച്ചു. തുടര്‍ന്ന് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ആരതി ഉഴിഞ്ഞു സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. ക്വിറ്റ് ഇന്ത്യ സ്മാരകത്തില്‍ പുഷ്പാര്‍ച്ച നടത്തിയ ശേഷം റോഡ് ഷോയും നടന്നു. പൊള്ളുന്ന വെയിലിനെ അവഗണിച്ച് കാല് നടയായാണ് റോഡ് ഷോ നടത്തിയത്. സ്ഥാനാര്‍ത്ഥിക്കൊപ്പം നൂറുകണക്കിന് പ്രവര്‍ത്തകരും പങ്കാളികളായി. വഴിയോരങ്ങളില്‍ തടിച്ചുകൂടിയവരോട് വോട്ട് അഭ്യര്‍ത്ഥിച്ചായിരുന്നു പര്യടനം.
തോണ്ടന്‍കുളങ്ങരയില്‍ റോഡ് ഷോ സമാപിച്ചു. മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തിന് എത്തിയ അമ്മമാര്‍ അടക്കമുള്ളവരുടെ അനുഗ്രഹവും, പിന്തുണയും തേടി. മതഭീകരവാദികള്‍ കൊലപ്പെടുത്തിയ ധീരബലിദാനി അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ വീട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. മറ്റു ബലിദാനി കുടുംബങ്ങള്‍, ആലപ്പുഴ രൂപതാ ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവരെയും സന്ദര്‍ശിച്ചു. വരും ദിവസങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ സജീവമാകും.
സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. ജ്യോതിസ്, ജില്ലാ പ്രസിഡന്റ് ടി. അനിയപ്പന്, ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമന്, ദേശീയ കൗണ്‍സില്‍ അംഗം വെളിയാകുളം പരമേശ്വരന്, മേഖല ഭാരവാഹികളായ ബി. കൃഷ്ണകുമാര്‍, ജിതിന് ദേവ്, ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധന്, ജില്ലാ ഭാരവാഹികളായ ജി. വിനോദ് കുമാര്‍, റ്റി. സജീവ് ലാല്‍, അഡ്വ. പി. കെ. ബിനോയ്, ശാന്തകുമാരി, പൊന്നമ്മ സുരേന്ദ്രന്, ശിവസേന ജില്ലാ പ്രസിഡന്റ് ദിനേശ് കട്ടച്ചിറ, ജില്ലാ സെല്‍ കോ ഓര്‍ഡിനേറ്റര്‍ അഡ്വ. കെ. വി. ഗണേഷ് കുമാര്‍, എല്‍. പി ജയചന്ദ്രന്, ആര്.ഉണ്ണികൃഷ്ണന്, വി.ശ്രീജിത്ത്, സംസ്ഥാന സമിതി അംഗങ്ങളായ സി. എ പുരുഷോത്തമന്, സി.മധുസൂദനന്, കൊട്ടാരം ഉണ്ണികൃഷ്ണന് ഐടി സെല്‍ കണ്‍വീനര്‍ ഹരിനാരായണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: