കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിലെ മിനിക്കോയിയില്‍ ഐഎന്‍എസ് ജടായു എന്ന പേരില്‍ ഭാരതം ആരംഭിച്ച നാവികത്താവളം രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ വിപുലമാക്കുന്നതും അതിന് കരുത്തുപകരുന്നതുമാണ്. ഭാരതത്തിന്റെ വിമാനവാഹിനിക്കപ്പലുകളായ ഐഎന്‍എസ് വിക്രമാദിത്യയെയും ഐഎന്‍എസ് വിക്രാന്തിനെയും സാക്ഷിനിര്‍ത്തി നാവികസേനാ മേധാവി അഡ്മിറല്‍ ആര്. ഹരികുമാര്‍ കമ്മിഷനിങ് നിര്‍വഹിച്ച ഈ നാവികത്താവളത്തിന് അറബിക്കടലില്‍ ഭാരതം നേരിടുന്ന പ്രതിരോധപരമായ വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പോള്‍ നിര്‍ണായകമായ പ്രാധാന്യമുണ്ട്. 1980 മുതല്‍ പ്രവര്‍ത്തനക്ഷമമായ ഒരു നാവികത്താവളം ലക്ഷദ്വീപിലുണ്ട്. മറ്റൊന്നുകൂടി ഇവിടെ വേണമെന്ന് തീരദേശ സേന വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണെങ്കിലും അതിന് ചെവികൊടുക്കാന്‍ ഭരണാധികാരികള്‍ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ് ലക്ഷദ്വീപില്‍പ്പെടുന്ന ദ്വീപുകളില്‍ മാലദ്വീപിനോട് ഏറ്റവും അടുത്തുകിടക്കുന്ന മിനിക്കോയിയില്‍ രണ്ടാമത്തെ നാവികത്താവളമൊരുക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചതും, യുദ്ധകാലാടിസ്ഥാനത്തില്‍ അതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചതും. ഭാരതത്തിന്റെ സമുദ്രതീരം നേരിടുന്ന സാമ്പത്തികവും സൈനികവുമായ വെല്ലുവിളികളെ അതിജീവിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടുത്തിടെ പ്രഖ്യാപിക്കുകയുണ്ടായി. ചൈന ഉയര്‍ത്തുന്ന ഭീഷണികളെ മുന്‍നിര്‍ത്തിയാണ് പ്രതിരോധ മന്ത്രി ഇങ്ങനെ പറഞ്ഞത്. ഇത് വെറുംവാക്കല്ലെന്നാണ് മിനിക്കോയ് സൈനികത്താവളത്തിന്റെ നിര്‍മാണം തെളിയിച്ചിരിക്കുന്നത്.
ലക്ഷദ്വീപിലാണ് ഇങ്ങനെയൊരു സൈനികത്താവളം വരുന്നത് എന്നതിലും പ്രത്യേകതയുണ്ട്. മുന്‍പ് ഇവിടുത്തെ ചിലയാളുകള്‍ കടുത്ത ഭാരതവിരോധം വളര്‍ത്താന്‍ ശ്രമിച്ചിരുന്നു. അത് വിലപ്പോയില്ല. മാലദ്വീപിലെ ‘സാധാരണ വേഷത്തിലുള്ള’ ഭാരത സൈനികരും പുറത്തുപോകണമെന്ന് അവിടുത്തെ പ്രസിഡന്റ് മൊയ്സു പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ മിനിക്കോയിയിലെ ഭാരത നാവികത്താവളം പ്രവര്‍ത്തനം ആരംഭിച്ചതില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഭാരതത്തോട് ആഭിമുഖ്യമുള്ള സര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ടതിനു ശേഷം ചൈനയുടെ പിന്തുണയോടെ ഭരണത്തില്‍ വന്ന സര്‍ക്കാരാണ് മൊയ്സുവിന്റേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിനെ മാലദ്വീപിലെ മന്ത്രിമാര്‍ വിമര്‍ശിച്ചതിനെ തുടര്‍ന്ന് അവിടേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതും, ലക്ഷദ്വീപിലേക്കു പോകുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നതും വലിയ വാര്‍ത്തയാവുകയുണ്ടായി. തിരിച്ചടി ഭയന്ന് മാലദ്വീപിലെ ചില മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കുകയുണ്ടായി. മൊയ്സുവിന്റെ ഭാരതവിരോധത്തിനു പിന്നില്‍ ചൈനയാണെന്ന് വ്യക്തമാവുകയും ചെയ്തു. വിനോദ സഞ്ചാരത്തില്‍നിന്നുള്ള വരുമാനം കുറഞ്ഞതിനെതുടര്‍ന്ന് മാലദ്വീപിനെ സഹായിക്കാന്‍ ചൈന രംഗപ്രവേശം ചെയ്യുകയുണ്ടായി. മാലദ്വീപിലെ ഭാരതസൈനികരുടെ സാന്നിധ്യം തങ്ങളുടെ സാമ്രാജ്യത്വ താല്‍പ്പര്യത്തിന് എതിരാണെന്ന് മനസ്സിലാക്കിയാണ് ആ രാജ്യത്തെ ചൈന പലതരത്തില്‍ ഭാരതത്തിനെതിരാക്കാന്‍ നോക്കുന്നത്. ഇക്കാര്യം കണക്കിലെടുത്താണ് ഭാരതവും കരുക്കള്‍ നീക്കുന്നത്. ശ്രീലങ്കയെ ഭാരതത്തിനെതിരാക്കാനുള്ള ശ്രമം ചൈന കുറെക്കാലമായി നടത്തുകയായിരുന്നുവല്ലോ. എന്നാല്‍ ഇതിന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. ഭാരതം പറയുന്നതാണ് ഇപ്പോള്‍ ലങ്കന്‍ ഭരണകൂടം വിശ്വാസത്തിലെടുക്കുന്നത്. പാകിസ്ഥാനാണ് ചൈനയുടെ താളത്തിനു തുള്ളുന്ന മറ്റൊരു രാജ്യം. അടുത്തിടെ ആണവസാമഗ്രികളുമായി പാകിസ്ഥാനിലേക്കു പോകുന്ന ഒരു കപ്പലിനെ ഗുജറാത്ത് തീരത്ത് ഭാരതം പിടികൂടിയിരുന്നു.
തീരദേശസേനയ്ക്ക് ഉപയോഗിക്കാനാവുന്നവിധത്തിലുള്ള ഐഎന്‍എസ് ജടായുവിന്റെ നിര്‍മാണവും, ലക്ഷദ്വീപിലേക്കുള്ള സിവിലിയന്‍ വിമാനങ്ങള്‍ക്കു വന്നുപോകാനുള്ള വിമാനത്താവളം ഇവിടെ ഒരുക്കുന്നതും വാണിജ്യമുള്‍പ്പെടെ ചൈനയുടെ സ്ഥാപിതതാല്‍പ്പര്യങ്ങളെ പലവിധത്തില്‍ ബാധിക്കും. കടല്‍ക്കൊള്ള തടയുന്നതിനും ഇതിലൂടെ കഴിയും. അയല്‍രാജ്യങ്ങളെ ഭാരതത്തിന് എതിരാക്കുകയെന്നത് ചൈന വളരെക്കാലമായി തുടരുന്ന തന്ത്രമാണ്. ഈ ലക്ഷ്യത്തിനായി തുടക്കംകുറിച്ച ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി പക്ഷേ വേണ്ടതുപോലെ വിജയം കണ്ടില്ല. പല രാജ്യങ്ങളും ഇതില്‍നിന്നു പിന്മാറി. സാമ്പത്തിക കെണിയില്‍ അകപ്പെടുമെന്ന ആശങ്കകൊണ്ടാണിത്. ചൈനയ്ക്കൊപ്പം ഉറച്ചുനില്‍ക്കുന്നത് പാകിസ്ഥാന് മാത്രമാണ്. ചൈനയുടെ താളത്തിനുതുള്ളിയതിന്റെ ദുരന്തഫലമാണ് പാകിസ്ഥാന് ഇപ്പോള്‍ നേരിടുന്നത്. ഭാരതത്തിനെതിരെ പാകിസ്ഥാനെ ഉപയോഗിക്കുകയെന്ന ചൈനയുടെ നയം ദിനംപ്രതിയെന്നോണം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴിലുള്ളത് പഴയ ഭാരതമല്ലെന്ന് അതിര്‍ത്തിയിലൂടെയും മറ്റും ആധിപത്യം ചെലുത്താന്‍ ശ്രമിക്കുന്നതിന് തുടര്‍ച്ചയായി ലഭിക്കുന്ന തിരിച്ചടികളില്‍നിന്ന് ചൈന പഠിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മാലദ്വീപിനെ ഉപയോഗിച്ച് ഭാരതത്തെ ശല്യം ചെയ്യാനുള്ള നീക്കങ്ങള്‍ ചൈന ശക്തിപ്പെടുത്തുന്നത്. ഇതും വിജയിക്കാന്‍ പോകുന്നില്ലെന്ന് മിനിക്കോയ് ദ്വീപിലെ ഭാരതത്തിന്റെ സൈനിക നീക്കങ്ങള്‍ കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: