കോഴിക്കോട്: പിഎസ്‌സിയുടെ അനുകൂല വിധികാത്ത് ഡിഎല്‍എഡ് (ഡിപ്ലോമ ഇന്‍ എലമെന്ററി എജുക്കേഷന്‍) കോഴ്‌സ് വിദ്യാര്‍ത്ഥികള്‍. കേരള പിഎസ്‌സി നടത്തുന്ന യുപി-എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനായുള്ള തീയതി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ഥികള്‍.
യുപി-എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷയുടെ അവസാന തീയതി കഴിഞ്ഞ ജനുവരി 31ന് അവസാനിച്ചിരുന്നു. എന്നാല്‍ എല്‍പി-യുപി സ്‌കൂള്‍ അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) ഫലം വരാത്തതുകൊണ്ട് നൂറുകണക്കിന് ഉദ്യോഗാര്‍ഥികളാണ് അപേക്ഷിക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായത്.
കഴിഞ്ഞ മാസം 28ന് കെ- ടെറ്റ് ഫലം വന്നു. എന്നാല്‍ യുപി-എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനായുള്ള തീയതി കഴിഞ്ഞതോടെയാണ് ഉദ്യോഗാര്‍ഥികള്‍ പിഎസ്‌സിയുടെ കനിവ് കാത്ത് കഴിയുന്നത്. 2023 ഡിസംബര്‍ 29, 30 തീയതികളിലാണ് വിവിധ ജില്ലകളില്‍ കെ-ടെറ്റ് പരീക്ഷ നടന്നത്. ഫലം വരാത്തതിനാല്‍ ഈ വര്‍ഷത്തോടെ പ്രായപരിധി കഴിയുന്ന ഉദ്യോഗാര്‍ത്ഥികള്‍ കൂടുതല്‍ പ്രതിസന്ധിയാലായി. പിഎസ്‌സിക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി നല്‍കണമെന്നാണ് വിദ്യാര്‍ത്ഥികളുടെയും, ഉദ്യോഗാര്‍ഥികളുടെയും ആവശ്യം. കെ-ടെറ്റ് വര്‍ഷത്തില്‍ രണ്ടു തവണയുണ്ടാകുമെങ്കിലും യുപി-എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷകള്‍ മൂന്ന് വര്‍ഷ ഇടവേളകളിലാണ് നടക്കാറുള്ളത്. റാങ്ക് ലിസ്റ്റിന് കുറഞ്ഞത് ഒരുവര്‍ഷവും പരമാവധി മൂന്നു വര്‍ഷവുമാണ് കാലാവധി.
2023ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് 2025ലായിരിക്കും. ഇതോടെ പ്രായപരിധി കഴിയുന്നവരുടെ അവസരം അനിശ്ചിതത്വത്തിലാകും. കെ-ടെറ്റ് പരീക്ഷ പാസായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എല്‍പി-യുപി പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള അവസരം പിഎസ്‌സി ചെയ്തു തരണമെന്ന് കെ-ടെറ്റിന് കോച്ചിങ് നല്‍കുന്ന പ്രൈവറ്റ് സ്ഥാപനങ്ങള്‍ ഹൈക്കോടതില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ട്രൈബ്യൂണല്‍ മുഖാന്തരം നടക്കുന്ന കേസായതിനാല്‍ കോടതി പിഎസ്‌സിയോട് കെ-ടെറ്റ് പരീക്ഷ പാസായ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും അപേക്ഷിക്കാന്‍ ഉതകുന്ന രീതിയില്‍ സൈറ്റ് ഓപ്പണ്‍ചെയ്തു കൊടുക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. എന്നാല്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍ തീരുമാനം അറിയിക്കാം എന്നാണ് പിഎസ്‌സി കോടതിയോട് പറഞ്ഞത്. തങ്ങള്‍ക്ക് അനുകൂലമായ വിധി പിഎസ്‌സി എടുക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: