ന്യൂദല്‍ഹി: ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ദേശീയ വനിതാ കമ്മിഷന്. സന്ദേശ്ഖാലിയില്‍ ടിഎംസി നേതാവ് ഷാജഹാന് ഷെയ്ഖിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ശിപാര്‍ശ. രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖാ ശര്‍മ്മ ഇക്കാര്യം സ്ഥിരീകരിച്ചു. നേരത്തെ ദേശീയ പട്ടിക ജാതി കമ്മിഷനും ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരുന്നു.
സന്ദേശ്ഖാലിയിലേത് ഒറ്റപ്പെട്ട സംഭവമല്ല. ഇതിനുമുമ്പും സംസ്ഥാനത്ത് നിരവധി അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമങ്ങള്‍ തടയാനോ നിഷ്പക്ഷമായി നടപടി സ്വീകരിക്കാനോ ബംഗാള്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നെന്നും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഷാജഹാനും കൂട്ടാളികളും സ്ത്രീകളെ തടവിലാക്കുകയും ബലാത്സംഗം, ശാരീരികപീഡനം എന്നിവയ്ക്ക് വിധേയരാക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഷാജഹാനെതിരെ നിരവധി പരാതികള്‍ ഉണ്ടായിട്ടും ഒരു നടപടിയും എടുത്തില്ല. രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം പല സംഭവങ്ങളും പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നില്ല.
അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കേന്ദ്ര ഏജന്‍സിയെയോ ജുഡീഷ്യല്‍ കമ്മിഷനെയോ നിയമിക്കുക, സന്ദേശ്ഖാലിയിലെ പോലീസ് ഉദ്യോഗസ്ഥരെ മാറ്റുക, രഹസ്യാന്വേഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, ഗ്രാമീണര്‍ക്കായി കൂടുതല്‍ സാമൂഹിക- സാമ്പത്തിക പദ്ധതികള്‍ നടപ്പാക്കുക, അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കായി കൗണ്‍സലിങ്, നിയമസഹായം, പുനരധിവാസം എന്നിവയുള്‍പ്പെടെ ഏര്‍പ്പെടുത്താനും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.
ബംഗാളിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് രാഷ്ട്രപതി പറഞ്ഞെന്ന് രേഖാ ശര്‍മ്മ കൂടികാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: