ആലത്തൂര്‍: കേരള മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പുതിയ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കാരം ഒന്നര ലക്ഷത്തോളം കുടുംബങ്ങളെ പട്ടിണിയിലാക്കുമോയെന്ന് ആശങ്ക.
ഏഴായിരത്തോളം ചെറുതും വലുതുമായ ഡ്രൈവിങ് സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇവയില്‍ ഒന്നരലക്ഷത്തോളം ജീവനക്കാരുമുണ്ട്. പുതിയ നിയമം പ്രാവര്‍ത്തികമാക്കിയാല്‍ 90 ശതമാനത്തോളം സ്കൂളുകളും പൂട്ടേണ്ടിവരും. മിക്ക സബ്, ആര്‍ടി ഓഫീസുകളിലും ഒരു വാഹനംപോലുമില്ല. വൈദ്യുതിതടസം നേരിട്ടാല്‍ പരിഹരിക്കുന്നതിനുള്ള സംവിധാനവുമില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയുമാണ് നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
86 ടെസ്റ്റ് കേന്ദ്രങ്ങളുള്ള സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന് സ്വന്തമായി സ്ഥലമുള്ളത് ഒമ്പത് എണ്ണം മാത്രമാണ്. അമ്പലപ്പറമ്പ്, പൊതു- സ്വകാര്യ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് ടെസ്റ്റുകള്‍ നടക്കുന്നത്. ഇവിടെ നിയമത്തില്‍ പറയുന്ന ട്രാക്കുകള്‍ ഒരുക്കാന്‍ കഴിയില്ല. മെയ് ഒന്ന് മുതല്‍ ട്രാക്ക് ഒരുക്കുകയെന്നതും പരിശീലിച്ച് പാസാവുകയെന്നതും അപ്രായോഗികമാണെന്നാണ് ഈ രംഗത്തെ സംഘടനാ നേതാക്കള്‍ പറയുന്നത്.
നിലവില്‍ രണ്ടായിരത്തോളം അപേക്ഷകര്‍ ടെസ്റ്റിന് തീയതി ലഭിക്കാതെ വലയുകയാണ്. ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ലേണേഴ്സ്, ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറച്ചതും സ്കൂളുകളെയും ജനങ്ങളേയും വലയ്ക്കുന്നുണ്ട്. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ഒഴിവാക്കണമെന്നത് കേന്ദ്രനിയമത്തില്‍ പോലുമില്ല. ഇതാണ് ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അതുപോലെ വൈദ്യുതി- ഓട്ടോമാറ്റിക് വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ലെന്നതും കേന്ദ്ര നിമയത്തിലില്ല.
കൈയിലുള്ള ഗിയര്‍ വാഹനങ്ങള്‍ ഒഴിവാക്കാന്‍ തയാറാണെന്ന് ഡ്രൈവിങ് സ്കൂള്‍ ഓണേഴ്സ് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹരിസൂന്‍ നായര്‍ പറഞ്ഞു. അപ്രായോഗിക നിയമം പരാജയപ്പെട്ടാല്‍ അത് മന്ത്രിയുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമം. വിരമിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കോര്പ്പറേറ്റ്വല്കരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: