ചെന്നൈ: റൂപേ പ്രൈം വോളിബോള്‍ ലീഗ് മൂന്നാം സീസണിലെ ത്രില്ലര്‍ പോരില്‍ കാലിക്കറ്റ് ഹീറോസിനെ കീഴടക്കി ബംഗളൂരു ടോര്‍പിഡോസ് സൂപ്പര്‍ ഫൈവ്സ് പ്രതീക്ഷ നിലനിര്‍ത്തി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ അഞ്ച് സെറ്റ് പോരാട്ടത്തിലായിരുന്നു ജയം. സ്കോര്‍: 14-16, 19-17, 13-15, 15-10, 15-11. സേതു ടി.ആര്. ആണ് കളിയിലെ താരം.
സെര്‍വീസ് ലൈനില്‍നിന്ന് സേതുവിന്റെ തകര്‍പ്പന്‍ പ്രകടനം കാലിക്കറ്റിനെ തുടക്കത്തില്‍തന്നെ സമ്മര്‍ദത്തിലാക്കി. അതേസമയം, സെര്‍വുകളില്‍ കാലിക്കറ്റും തീപ്പൊരി പ്രകടനം പുറത്തെടുത്തു. ചിരാഗായിരുന്നു ആസൂത്രകന്‍. പങ്കജ് ശര്‍മയുടെ ആക്രമണനീക്കങ്ങള്‍ കാലിക്കറ്റ് പ്രതിരോധത്തെ വിഷമിപ്പിച്ചെങ്കിലും പിഴവുകള്‍ ബംഗളൂരുവിന് തിരിച്ചടിയായി. ചിരാഗിന്റെ കിടയറ്റ സെര്‍വുകള്‍ കാലിക്കറ്റിന് തുടക്കത്തില്‍തന്നെ ലീഡ് നല്കി.
ആക്രമണാത്മക സെര്‍വുകളുമായി സേതു കളംവാഴുമ്പോള്‍ ചിരാഗിലൂടെയായിരുന്നു കാലിക്കറ്റിന്റെ മറുപടി. മുജീബിന്റെ പ്രതിരോധമികവാണ് ബംഗളൂരുവിന് കളിയിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുക്കുയത്. സേതു അപ്പോഴും കുതിച്ചുകൊണ്ടിരുന്നു. അതിനിടെ ഡാനിയലും ഷഫീക്കും ഉള്‍പ്പെട്ട മിഡില്‍ ബ്ലോക്കേഴ്സിന് ഉക്ര അവസരമൊരുക്കാന്‍ തുടങ്ങിയതോടെ കാലിക്കറ്റ് നിയന്ത്രണം നേടാന്‍ തുടങ്ങി. ഐബിന്‍ ജോസ് ബംഗളൂരുവിന് പുതിയ ആക്രമണമുന പകര്‍ന്നു. തുടര്‍ച്ചയായ സൂപ്പര്‍ പോയിന്റ് ജയങ്ങളോടെ കളി അഞ്ചാം സെറ്റിലേക്ക് നീണ്ടു.
ജെറോം കൃത്യ സമയത്ത് ആക്രമണനിരയില്‍ താളം കണ്ടെത്തിയത് കാലിക്കറ്റിന് ഉണര്‍വ് നല്കി. പക്ഷേ, സേതുവിനെ തടയാനായില്ല. ഇടിമുഴക്കം പോലുള്ള സെര്‍വുകള്‍ കൊണ്ട് കാലിക്കറ്റ് പ്രതിരോധത്തെ ചിതറിച്ചു. തകര്‍പ്പന്‍ ബ്ലോക്കുകളിലൂടെ ജിഷ്ണു പകരക്കാരനായെത്തിയ തീരുമാനത്തിന് പ്രതിഫലം നല്കി. സമ്മര്‍ദത്തില്‍ കുടുങ്ങി കാലിക്കറ്റ് പിഴവുകള്‍ വരുത്താന്‍ തുടങ്ങി. പിന്നാലെ സേതുവിന്റെ ഒരു സ്പെഷ്യല്‍ സ്പൈക്കിലൂടെ ബംഗളൂരു മിന്നുംജയം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: