ആലുവ : പ്രസവിച്ച കുഞ്ഞിനെ പാറമടയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തിരുവാണിയൂർ പഴുക്കാമറ്റം വീട്ടിൽ ശാലിനി (40) നെയാണ് എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് (സ്ത്രീകളുടെയും കുട്ടികളുടെയും) കോടതി ജഡ്ജി കെ.സോമൻ ജീവപര്യന്തം തടവും 50000 രൂപ പിഴയും വിധിച്ചത്.
ഭർത്താവുമായി അകന്നു കഴിയുന്ന കാലത്ത് ഗർഭിണിയായ യുവതി പ്രസവശേഷം കുട്ടിയെ ഷർട്ടിൽ പൊതിഞ്ഞ് കല്ലുകെട്ടി പാറമടയിൽ എറിയുകയായിരുന്നു. പ്രസവശേഷം വീട്ടിൽ അവശനിലയിൽ കിടന്ന ശാലിനിയെ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ നിന്നും വിവരങ്ങൾ കിട്ടിയതനുസരിച്ച് പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിനോടുവിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
യുവതി കുട്ടിയെ പ്രസവിച്ച ശേഷം എവിടെയോ ഉപേക്ഷിച്ചു എന്ന് കണക്കാക്കിയാണ് അന്നത്തെ ഇൻസ്പെക്ടറായ യു.രാജീവ് കുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രസവത്തെ തുടർന്ന് കുഞ്ഞിനെ പ്രതി തന്നെ കല്ലുകെട്ടിവെച്ച് മൂന്ന് ഷർട്ടുകളിലായി പൊതിഞ്ഞ് തൊട്ടടുത്ത പാറമടയിൽ കൊണ്ടുപോയി എറിയുകയായിരുന്നുവെന്ന് തെളിഞ്ഞത്.
ഇൻസ്പെക്ടർമാരായ മഞ്ജുദാസ്, ടി.ദിലീഷ്, എസ്.ഐമാരായ സനീഷ്, ശശീധരൻ, പ്രവീൺ കുമാർ, സുരേഷ് കുമാർ, ജോയി, മനോജ് കുമാർ സീനിയർ സി.പി.ഒമാരായ ബി.ചന്ദ്രബോസ്, യോഹന്നാൻ എബ്രഹാം, മിനി അഗസറ്റിൽ, സുജാത, മേഘ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
കേസിൽ 47 പേർ സാക്ഷികളായി. പ്രോസിക്യൂഷന് വേണ്ടി പി.എ.ബിന്ദു, സരുൺ മാങ്കര എന്നിവർ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: