കൊൽക്കത്ത : ഇന്നലെ വൈകിട്ട്കൊൽക്കത്തയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമകൃഷ്ണ മഠവും മിഷൻ പ്രസിഡൻ്റുമായ സ്വാമി സ്മരണാനന്ദജി മഹാരാജ് ചികിത്സയിൽ കഴിയുന്ന രാമകൃഷ്ണ മിഷൻ സേവാ പ്രതിഷ്ഠാനിലെത്തി ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു.
കൊൽക്കത്തയിലെത്തിയ ശേഷം ആശുപത്രിയിൽ എത്തിയാണ് രാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും പ്രസിഡൻ്റായ ശ്രീമത് സ്വാമി സ്മരണാനന്ദ ജി മഹാരാജിനോട് ആരോഗ്യവിവരം അന്വേഷിച്ചറിഞ്ഞത്.
“അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു,”- മോദി പറഞ്ഞു.
രാമകൃഷ്ണ മഠത്തിന്റെ 16-ാമത് പ്രസിഡൻ്റായ 95 കാരനായ സന്യാസി വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിൽ കഴിയുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. സന്യാസിയെ സന്ദർശിച്ച ശേഷം പ്രധാനമന്ത്രി രാജ്ഭവനിലേക്ക് വിശ്രമത്തിനായി പോയി.
മിഷനുമായും സന്യാസിമാരുമായും ശക്തമായ ബന്ധമുള്ള മോദി നേരത്തെ ഹൗറയിലെ ബേലൂരിലുള്ള ആസ്ഥാനം നേരത്തെ അദ്ദേഹം സന്ദർശിച്ചിരുന്നു.
അതേ സമയം ഇന്ന് ഒരു പിടി പദ്ധതികളാണ് പ്രധാനമന്ത്രി നഗരത്തിൽ ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ, ഹൂഗ്ലി നദിക്ക് താഴെയുള്ള കൊൽക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് മെട്രോ ഇടനാഴിയിലെ ഹൗറ മൈതാൻ-എസ്പ്ലനേഡ് സെക്ഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ കവി സുഭാഷ്-ഹേമന്ത മുഖോപാധ്യായ, തരാതല-മജെർഹത്ത് മെട്രോ സെക്ഷനുകൾ, മറ്റ് പദ്ധതികൾ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് ശേഷം അദ്ദേഹം പൊതു റാലിയെ അഭിസംബോധന ചെയ്യാൻ ബറാസത്തിലേക്ക് പോകും.
തൃണമൂൽ നേതാക്കൾ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സന്ദേശ്ഖാലിയിലെ പീഡിപ്പിക്കപ്പെട്ട സ്ത്രീകൾ റാലിയിൽ പങ്കെടുക്കുമെന്ന് സംസ്ഥാന ബിജെപി വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. പീഡിപ്പിക്കപ്പെട്ട സ്ത്രീകൾ പ്രധാനമന്ത്രിയെ കാണാൻ സന്നദ്ധത അറിയിച്ചാൽ പാർട്ടി യോഗം ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അന്താരാഷ്‌ട്ര വനിതാ ദിനത്തിന് രണ്ട് ദിവസം മുമ്പാണ് പ്രധാനമന്ത്രിയുടെ റാലി നടക്കുക.
കഴിഞ്ഞയാഴ്ച പശ്ചിമ ബംഗാളിലെ രണ്ട് റാലികളിലും ഹൂഗ്ലി ജില്ലയിലെ ആറാംബാഗിലും നാദിയ ജില്ലയിലെ കൃഷ്ണനഗറിലും ഓരോ റാലികളിലും മോദി സംസാരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: