ന്യൂദല്‍ഹി: ബംഗാളിലെ സന്ദേശ്ഖാലിയില്‍ അതിക്രമത്തിന് ഇരകളായ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം. കര്‍ശന അന്വേഷണം നടത്തി അക്രമികളെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം.
അഞ്ഞൂറിലധികം കേന്ദ്രങ്ങളിലാണ് എബിവിപി പ്രതിഷേധം സംഘടിപ്പിച്ചത്. ദല്‍ഹിയിലെ ബംഗ ഭവനിലേക്ക് എബിവിപി സംഘടിപ്പിച്ച മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ദല്‍ഹിയിലെ വിവിധ കോളജുകളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ എബിവിപി പതാകയ്ക്കൊപ്പം കറുത്ത കൊടികളുമേന്തി മാര്‍ച്ചില്‍ പങ്കെടുത്തു. ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ടുനീങ്ങിയ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റുചെയ്തു നീക്കി.
മമത സര്‍ക്കാര്‍ നീതി നടപ്പാക്കണമെന്ന് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത എബിവിപി ദേശീയ സെക്രട്ടറി ഗുലാം മുസ്തഫ അലി ആവശ്യപ്പെട്ടു. സ്ത്രീ ഭരിക്കുന്ന ഒരു സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ ഇത്തരമൊരു സംഭവം ഉണ്ടായത് ഹൃദയഭേദകമാണെന്ന് ദല്‍ഹി സംസ്ഥാന സെക്രട്ടറി ഹര്‍ഷ് അത്രി പറഞ്ഞു.
സംസ്ഥാനത്തെ ഗുണ്ടകളെയും അക്രമികളെയും സംരക്ഷിക്കുന്നതിലാണ് മമതാ ബാനര്‍ജി സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് ദല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് സെക്രട്ടറി അപരാജിത പറഞ്ഞു. സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതുവരെ നിശബ്ദരായിരിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റ് തുഷാര്‍ ദേധ, ജോയിന്റ് സെക്രട്ടറി സച്ചിന് ബെയ്സ്ല, അങ്കിത മഞ്ചന്ത, ആശിഷ് സിങ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കൊല്‍ക്കത്തയില്‍ എബിവിപി നടത്തിയ പ്രതിഷേധ മാര്‍ച്ചിനുനേരെ പോലീസ് അതിക്രമമുണ്ടായി. എബിവിപി ദേശീയ സെക്രട്ടറിമാരായ ശിവാംഗി ഖര്‍വാള്‍, ശാലിനി വര്‍മ്മ എന്നിവരുള്‍പ്പെടെ അന്‍പതോളം പേരെ പോലീസ് അറസ്റ്റുചെയ്തു. ഇവരെ ലാല്‍ ബസാര്‍ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: