അബുദാബിയിലെ ബാപ്സ് ഹിന്ദുക്ഷേത്രത്തില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച മാത്രം 65,000ത്തിലധികം പേര് ക്ഷേത്രം സന്ദര്ശിച്ചിതായ മാനേജ്മെന്റ് ഔദ്യോഗികമായി അറിയിച്ചു. ബസുകളിലും കാറികളിലുമായി അതിരാവിലെ മുതല്‍ തന്നെ വന്‍ ഭക്തജനത്തിരക്കിലായിരുന്നു ബാപ്സ് ക്ഷേത്ര പരിസരം.
തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ അബുദാബി സിറ്റിയില്‍ നിന്നുള്ളവര്‍ക്ക് ഹിന്ദു ക്ഷേത്രം സന്ദര്‍ശിക്കാനായി ഒരു പുതിയ ബസ് സര്‍വീസ് ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
അബുദാബി ബസ് ടെര്‍മിനലില്‍ നിന്ന് ആരംഭിച്ച് മുറൂര്‍ സ്ട്രീറ്റ് എന്നറിയപ്പെടുന്ന സുല്‍ത്താന്‍ ബിന്‍ സായിദ് ഫസ്റ്റ് സ്ട്രീറ്റിലൂടെ ഹംദാന്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റ് വഴി അല്‍ ബഹ്യ, അല്‍ ഷഹാമ, ബിഎപിഎസ് മന്ദിര്‍ എന്നിവിടങ്ങളിലേക്കാണ് പുതിയ ബസ് സര്‍വീസ്.
അബുദാബി സിറ്റിയില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ഏകദേശം 90 മിനിറ്റ് യാത്രയുണ്ട്. സബര്‍ബന്‍ പ്രദേശങ്ങളില്‍ 201 വരെ സര്‍വീസ് നടത്തുന്ന ബസ് നിലവിലുള്ള സ്റ്റോപ്പുകള്‍ കൂടാതെ ക്ഷേത്രത്തിലേക്കും സര്‍വീസ് നടത്തും.
വാരാന്ത്യത്തില്‍ (ശനി, ഞായര്‍ )സര്‍വീസ് നടത്തുമ്പോള്‍ നിലവിലുള്ള ബസ് നമ്പര്‍ 201 (അല്‍ ബഹ്യാ സൂഖ്) മാറി 203 (ബാപ്സ് ടെംപിള്‍) ആയി മാറും. അബുദാബിയിലെ ജനപ്രിയ റോഡുകളെ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന ഒരു മികച്ച ബസ് സര്‍വീസ് ആണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: