ആദിശക്തിയുടെ വിവിധ രൂപങ്ങളില്‍ ദുര്‍ഗാദേവിയെ ആരാധിക്കുന്ന പുണ്യക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങള്‍. അവയുടെ എണ്ണം പുരാണങ്ങള്‍ക്ക് അനുസൃതമായി വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രധാനപ്പെട്ട 18 ശക്തിപീഠങ്ങള്‍ മധ്യകാല ഹൈന്ദവ ഗ്രന്ഥങ്ങളില്‍ അഷ്ടദശാശക്തിപീഠങ്ങള്‍ എന്നറിയപ്പെടുന്നു. അവയെക്കുറിച്ചുള്ള വിവരണം…
പുരുഹൂതിക ദേവി ക്ഷേത്രം, ആന്ധ്രാപ്രദേശ്
ആന്ധ്രപ്രദേശില്‍ കിഴക്കന്‍ ഗോദാവരി ജില്ലയിലെ പിതപുരം ഗ്രാമത്തിലുള്ള കുക്കുടേശ്വരസ്വാമി ക്ഷേത്ര സമുച്ചയത്തിലാണ് പുരുഹൂതികാ ശക്തിപീഠമുള്ളത്. സതീദേവിയുടെ ഇടത് കൈ പിതാപുരത്ത് വീണതായി പറയപ്പെടുന്നു. അഷ്ടാദശാ ശക്തിപീഠങ്ങളില്‍ പുരുഹൂതികയെ പ്രത്യേകം പരാമര്‍ശിക്കുന്നു. ദേവി സതിയെ പുരുഹൂതികയായും പരമശിവനെ കുക്കുടേശ്വര സ്വാമിയായും ആരാധിക്കുന്ന അപൂര്‍വ ക്ഷേത്രമാണിത്. പുരുഹൂതികാ ക്ഷേത്രം കാഴ്ചയില്‍ ചെറുതാണെങ്കിലും ചുവരുകളെല്ലാം അഷ്ടദശാ ശക്തിപീഠങ്ങളുടെ കൊത്തുപണികളാല്‍ അലം കൃതമാണ്. പിതൃതര്‍പ്പണത്തിന് ധാരാളം പേരെത്തുന്ന ക്ഷേത്രം കൂടിയാണിത്.
ബിരാജ ദേവി ക്ഷേത്രം, ഒഡീഷ
തന്ത്രചൂഡാമണി പ്രകാരം, സതിയുടെ പൊക്കിള്‍ വീണത് ഉത്കല രാജ്യത്താണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഇന്നത്തെ ഒഡീഷയാണ് ഉത്കലം.ഒഡീഷയിലെ ജാജ്പൂരിലാണ് ബിരാജ ദേവി ക്ഷേത്രമുള്ളത്. ആദിശങ്കരന്‍ തന്റെ അഷ്ടാദശ ശക്തിപീഠ സ്തുതിയില്‍ ദുര്‍ഗാദേവിയെ ഗിരിജയായി (ബിരാജ) അടയാളപ്പെടുത്തുന്നു. ക്ഷേത്രത്തില്‍ ബിരാജദേവിയുടെ വിഗ്രഹം തറ നിരപ്പില്‍ നിന്ന് 70 അടി ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. മഹാകാളി, മഹാസരസ്വതി, മഹാലക്ഷ്മി എന്നിങ്ങനെ ത്രിശക്തീ രൂപത്തിലാണ് ദേവിയെ ഇവിടെ ആരാധിക്കുന്നത്. തന്ത്രസാഹിത്യത്തില്‍, പൂര്‍വഭാരതത്തില്‍, വൈതരണീനദിക്ക് സമീപമുള്ള ഈ പ്രദേശം ഒഡ്ഡിയാണ പീഠമെന്നാണ് അറിയപ്പെട്ടിരുന്നത്. ഒറീസയിലെ സ്ത്രീകള്‍ അവരുടെ പൊക്കിളിനു ചുറ്റും ധരിക്കുന്ന ഒരു ആഭരണമായ ഒഡിയാനത്തില്‍ നിന്നാണ് ഒഡീഷ എന്ന സ്ഥലനാമോല്പത്തിയെന്നും പറയപ്പെടുന്നു.
ഒരു കോടിയിലേറെ ശിവലിംഗങ്ങളുള്ള പ്രദേശമത്രേ ജാജ്പൂര്‍ ജില്ല. ബിരാജദേവി ക്ഷേത്ര സമുച്ചയത്തിലേത്തിലേക്ക് പ്രവേശിക്കുമ്പോഴുള്ള ആദ്യ ആരാധനാലയം അറിയപ്പെടുന്നത് കോടിലിംഗമെന്നാണ്. അവിടെയും ധാരാളം ശിവലിംഗങ്ങള്‍ കാണാം.
മാണിക്യാംബ ഭീമേശ്വര സ്വാമി ക്ഷേത്രം, ആന്ധ്രാപ്രദേശ്
ആന്ധ്രപ്രദേശില്‍ കിഴക്കന്‍ ഗോദാവരി ജില്ലയിലെ ദ്രാക്ഷാരാമത്താണ് മാണിക്യാംബ ഭീമേശ്വരസ്വാമി ക്ഷേത്രമുള്ളത്. ഇവിടെ ശിവഭഗവാനും ദേവിയ്‌ക്കും തുല്യസ്ഥാനമാണുള്ളത്. അഷ്ടദശാ ശക്തിപീഠങ്ങളുടെ കൂട്ടത്തില്‍ സതീദേവിയുടെ ഇടത് കവിള്‍ വീണതായി പറയപ്പെടുന്ന പുണ്യസ്ഥലമാണ് മാണിക്യാംബ ദേവി ക്ഷേത്രം. ഐതിഹ്യമനുസരിച്ച്, സൂര്യദേവനാണ് ക്ഷേത്രത്തിലെ ശിവലിംഗം നിര്‍മ്മിച്ചത്. വ്യാസന്‍ ഭഗവാന്‍ ഇവിടെയെത്തി ശിവനെ ആരാധിച്ചിരുന്നതായി പറയപ്പെടുന്നു. രണ്ടു നിലകളിലുള്ള ക്ഷേത്രം ചോള, ചാലൂക്യ വാസ്തുവിദ്യപ്രകാരമാണ് നിര്‍മ്മിച്ചിരിക്കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: