‘ശിവ പാര്‍ഷദന്മാരില്‍ പ്രമുഖനായ നീ പാര്‍വതിദേവിയേയും ചുമലില്‍ വഹിച്ച് പ്രദിക്ഷണം ചെയ്തതിനാല്‍ അതിന്റെ അടയാളമായി എന്നും നിന്റെ കഴുത്തില്‍ ചൈതന്യാനുഗ്രഹ ചിഹ്നമായ ശിവലിംഗം ഉണ്ടാകും. നിന്റെ പിറക്കും സന്താനപരമ്പരയ്‌ക്കും മുതുകു ഭാഗത്ത് ഇത് ഉണ്ടാകും. ഉമാമഹേശ്വരന്‍മാരെ ചുമലില്‍ വഹിച്ചതിനാല്‍ കടുത്ത ഭാരവും നിനക്ക് ചുമക്കാനാകും. അതിനുള്ള കായിക ബലം നിനക്കുണ്ടാകും ”.
ശിവഭഗവാന്‍ നന്ദിയെ അനുഗ്രഹിച്ചു. മറ്റെങ്ങും പോകരുതെന്ന് പറഞ്ഞ് മഹാദേവനെ നോക്കികൊണ്ട് അഭിമുഖമായി കിടക്കാനും ആവശ്യപ്പെട്ടു. ധര്‍മ്മത്തിന്റെ പുറത്താണ് ഭഗവാന്റെ യാത്ര. സത്യം, ധര്‍മ്മം, ദയ, നീതി എന്നിവയാണ് ശിവതത്ത്വങ്ങള്‍. ധര്‍മ്മത്തെ കാളയായിട്ടാണ് പുരാണങ്ങളില്‍ പറഞ്ഞിട്ടുള്ളത്. കാളയുടെ നാല് കാലുകള്‍ പ്രതീകാത്മകമായി സത്യം, ധര്‍മ്മ, ദയ, നീതി എന്നിവയില്‍ അധിഷ്ഠിതമാണ്. മഹാദേവന്റെ മുമ്പില്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള നന്ദിയെ മറികടന്ന് പോകുവാനോ ക്ഷേത്രങ്ങളില്‍ തിരക്കുള്ള സമയത്ത് നന്ദിയെ മറഞ്ഞ് നിന്ന പ്രാര്‍ത്ഥിക്കാനോ പാടില്ല. നന്ദിക്ക് ശിവനേയും ശിവഭഗവാന് നന്ദീശ്വരനേയും എപ്പോഴും കാണത്തക്ക വിധത്തിലാണ് പ്രതിഷ്ഠനടത്താറുള്ളത്.
കൊടിമരച്ചുവട്ടിലെ നന്ദി ക്ഷേത്രാധികാരിയാണ്. ലോകനന്മയ്‌ക്കായി സദാജ്ഞാനദീപമായി പ്രകാശിക്കുന്നതുകൊണ്ടും, മഹാദേവനുമായുള്ള ബന്ധത്തിനാലുമാണ് ഈ ശിവപാര്‍ഷദന് നന്ദി എന്ന് പേരുണ്ടായത്. സമ്പത്ത്, സമൃദ്ധി എന്നിവയുടെ പ്രതീകമാണ് നന്ദി. അഹോരാത്രം നമഃശിവായമന്ത്രം ജപിച്ചു കൊണ്ടാണ് കിടപ്പ്. കാതോര്‍ത്തു കിടക്കുന്ന ചെവികളില്‍ പറയുന്ന സങ്കടം ഇരുചെവിയറിയാതെ മഹേശ്വര സമീപം എത്തിക്കുമെന്നാണ് വിശ്വാസം.
നന്ദി ജന്മം കൊണ്ട് ഋഷി പുത്രനാണ്. സ്വയം ഋഷീശ്വരനാണ്. ദക്ഷശിഷ്യരില്‍ ഒരുവനുമായിരിന്നു. ജ്ഞാനിയും സാത്വികനുമായതിനാല്‍ ദക്ഷനുമായുള്ള സഹവാസം അവസാനിപ്പിച്ച് ശിവസന്നിധിയില്‍ എത്തി ഭഗവാനെ സ്തുതിച്ചു. ‘ദധീചി മുനിയുടെ ശിഷ്യനായ എനിക്ക് എപ്പോഴും അങ്ങയെ കണ്ടുകൊണ്ടിരിക്കാനുള്ള ഭാഗ്യമുണ്ടാകണം.’ ഇതുകേട്ട് ഭഗവാന്‍ ‘നീ സദാ എന്റെ മുന്നില്‍തന്നെ ഇരുന്നുകൊള്ളൂ. എന്റെ ഭൂതങ്ങളുടെ നായകനായി ഇവിടെ വസിക്കുക’ എന്ന് വരംനല്‍കി അനുഗ്രഹിച്ചു.
നന്ദിയുടെ ജന്മം ശിലാനന്ദന്‍ എന്ന മുനിയുമായി ബന്ധപ്പെട്ടതാണ്. ശിലാനന്ദന് മക്കളില്ലായിരുന്നു. അതില്‍ ദുഃഖിതനായി അദ്ദേഹം ശിവനെ തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തി. ശിവന്‍, ഋഷിക്ക് പുത്രനുണ്ടാകാനുള്ള വരം നല്‍കി അനുഗ്രഹിച്ചു. സന്താന ലബ്ധിക്കായി യാഗം നടത്തുന്നതിനായി നിലം ഉഴുതപ്പോള്‍ ഉഴുവു ചാലില്‍ നിന്ന് ഋഷിക്ക് ഒരു പുത്രനെ ലഭിച്ചു. മൂന്ന് കണ്ണുകളും നാല് കയ്യുകളും ജടാധാരിയുമായ ഒരു ബാലന്‍. ഏകദേശം ശിവാകൃതിയിലായ അത്ഭുതശിശുവിനെ എടുത്ത് ശിലാനന്ദമുനി ആശ്രമത്തില്‍ എത്തി. ആശ്രമത്തിലെത്തിയ ഉടനെ കുഞ്ഞിന്റെ രൂപം മാറി അതൊരു മനുഷ്യശിശുവായി മാറി. നന്ദികേശന്‍ ശിലാനന്ദന്റെ പുത്രനായി വളര്‍ന്നു. ഉപനയനാദികള്‍ കഴിഞ്ഞ് പത്തു വയസ്സായപ്പോഴേയ്‌ക്കും ഒരു മഹാപണ്ഡിതനായി മാറിക്കഴിഞ്ഞു. ഒരിക്കല്‍ മിത്രവരുണന്മാരില്‍ നിന്നും അല്പായുസ്സാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നന്ദികേശന്‍ ശിവനെ തപസ്സു ചെയ്ത് പ്രസാദിപ്പിച്ചു. ശിവന്‍ നന്ദീശന് അമരത്ത്വം നല്‍കി അനുഗ്രഹിച്ചു.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നന്ദി ശില്പങ്ങള്‍ അനവധിയാണ്. ക്ഷേത്ര ചൈതന്യത്തിന് കോട്ടം വരാത്ത നന്ദിയേ പാടുള്ളൂ. ചുണ്ണാമ്പ് കൊണ്ടാണ് വേദനന്ദിയെ നിര്‍മ്മിക്കുന്നത്. കൊടി മര ചുവട്ടിലെ നന്ദി ആത്മനന്ദിയാണ്. പ്രദോഷ സമയത്ത് നന്ദി പൂജ ചെയ്താല്‍ സര്‍വ ഐശ്വര്യങ്ങളും ഉണ്ടാകും. കൈലാസത്തില്‍ മഹേശ്വരന്റെ അരികില്‍ ധര്‍മ്മനന്ദി കാത്തു കിടക്കുന്നു. ശിവലോകത്തിന്റേയും ക്ഷേത്രത്തിന്റേയും കാവലാണ് അധികാര നന്ദി. ഗര്‍ഭഗൃഹത്തിന് എതിര്‍വശത്ത് മണ്ഡപത്തില്‍ കിടക്കുന്ന വൃഷഭനന്ദി, കൊടിമരച്ചുവട്ടിലുള്ള ഋഷഭധ്വജ നന്ദി ഇതെല്ലാം ഈശ്വര ചൈതന്യസ്വരൂപമുള്ളവയാണ്. മഹേശ്വരനുള്ള എല്ലാ പൂജകളും വഴിപാടുകളും നടത്തുമ്പോള്‍ നന്ദിദേവനേയും പരിഗണിക്കണം. ആദ്യം നന്ദി, പിന്നീടാണ് ഭഗവാനെ തൊഴേണ്ടത.് ഓം നമഃ ശിവായ.
ഇറക്കത്ത് രാധാകൃഷ്ണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: