മുംബൈ: രഞ്ജി ട്രോഫിയില്‍ മുംബൈ ഫൈനലില്‍. തമിഴ്നാടിനെ ഇന്നിങ്സിനും 70 റണ്‍സിനും തകര്‍ത്ത് മുംബൈ രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ചത്. 232 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ തമിഴ്നാട് രണ്ടാം ഇന്നിങ്സില്‍ 162 റണ്‍സിന് ഓള് ഔട്ടായി.
നാല് പേര് മാത്രം രണ്ടക്കം കടന്ന തമിഴ്നാട് ഇന്നിങ്സില്‍ 70 റണ്‍സെടുത്ത ബാബാ ഇന്ദ്രജിത് മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. 25 റണ്‍സെടുത്ത പ്രദോഷ് രഞ്ജന്‍ പോള്‍, 24 റണ്‍സെടുത്ത വിജയ് ശങ്കര്‍, 21 റണ്‍സെടുത്ത നായകന് സായ് കിഷോര്‍ എന്നിവരാണ് തമിഴ്നാട് രണ്ടാം ഇന്നിങ്സില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. നാലു വിക്കറ്റ് വീഴ്ത്തിയ ഷംസ് മുലാനിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷാര്‍ദുല്‍ താക്കൂര്‍, തനുഷ് കൊടിയാന്‍, മൊഹിത് അവാസ്തി എന്നിവര്‍ ചേര്‍ന്നാണ് തമിഴ്നാടിനെ തകര്‍ത്തത്.
ഒരു ദിവസത്തിലേറെ ബാക്കി നില്‍ക്കേയാണ് മുംബൈയുടെ ആധികാരിക വിജയം. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഉജ്ജ്വല പ്രകടനം നടത്തിയ ഷര്‍ദുല്‍ താക്കൂറാണ് കളിയിലെ താരം. മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയ മുംബൈ ഒന്നാം ഇന്നിങ്സില്‍ ഒന്‍പതാമനായി ക്രീസിലെത്തി തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഷര്ദുലിന്റെയും പത്താമനായി ക്രീസിലെത്തി പുറത്താകാതെ 89 റണ്‍സ് നേടിയ തനുഷിന്റെയും കരുത്തിലാണ് മുംബൈ ഒന്നാം ഇന്നിങ്സില്‍ 232 റണ്‍സിന്റെ ലീഡ് നേടിയത്. രണ്ടിന്നിങ്സിലുമായി ഷര്‍ദുല്‍ നാല് വിക്കറ്റും വീഴ്ത്തി മുംബൈയുടെ വിജയത്തില്‍ നിര്‍ണായക സ്വാധീനമായി.
ഇത് 48-ാം തവണയാണ് മുംബൈ രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. മുന്‍പ് കളിച്ച് 47 ഫൈനലില്‍ 41 തവണയും മുംബൈ കിരീടം സ്വന്തമാക്കി. ഫൈനലില്‍ വിദര്‍ഭ-മധ്യപ്രദേശ് സെമിഫൈനല്‍ വിജയികളെയാണ് മുംബൈ നേരിടുക. മാര്‍ച്ച് 10 മുതല്‍ വാംഖഡെ സ്റ്റേഡിയത്തിലാണ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: