കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ നേതാവും ഗുണ്ടാതലവനുമായ ഷാജഹാന്‍ ഷെയ്ഖിന്റെ അനുയായികള്‍ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ. കേസ് കേന്ദ്ര ഏജന്‍സിക്കു വിടണമെന്ന ഹര്‍ജിയില്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ വാദം തുടരുന്നതിനിടെയാണ് സിബിഐ അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സിബിഐക്ക് കൈമാറണമെന്ന ഇ ഡിയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. റേഷന്‍ വിതരണ കുംഭകോണവുമായി ബന്ധപ്പെട്ട് ഷാജഹാന്‍ ഷെയ്ഖിന്റെ വീട്ടില്‍ റെയ്ഡിനെത്തിയപ്പോഴാണ് ഇ ഡി ഉദ്യോഗസ്ഥരെ ഇയാളുടെ അനുയായികള്‍ ആക്രമിച്ചത്.
കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. സംസ്ഥാന പോലീസ് പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്നും ഷാജഹാന്‍ ഷെയ്ഖിനെതിരെയുള്ള നാല്പതിലധികം കേസുകള്‍ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വ്യക്തമാക്കി.
ആയിരത്തോളം വരുന്ന ഷാജഹാന്റെ അനുയായികളാണ് ജനുവരി അഞ്ചിന് റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ മനപൂര്‍വം ആക്രമിച്ചത്. കേസ് സിബിഐക്ക് അടിയന്തരമായി കൈമാറിയില്ലെങ്കില്‍ 14 ദിവസത്തിനുശേഷം പോലീസ് കസ്റ്റഡി അവസാനിക്കുമെന്നും ഇ ഡി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്ത ഇ ഡിയുടെ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: