ചെന്നൈ: തനിക്കു കുടുംബമില്ലെന്നു പറയുന്നതാണ് പ്രതിപക്ഷ ഇൻഡി സംഘത്തിന്റെ പുതിയ സൂത്രവാക്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിൽ ബിജെപിയുടെ മഹാറാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ മകനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പേര് പരാമർശിക്കാതെ പ്രധാനമന്ത്രി വിമർശനം തുടങ്ങി. കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തെ അപമാനിക്കുന്നത് പാരമ്പര്യ പാർട്ടികളുടെ സ്വത്വമാണെന്ന് മോദി ആരോപിച്ചു. ഡിഎംകെയുടെ യൂത്ത് വിംഗ് സെക്രട്ടറി കൂടിയായ ഉദയനിധിയുടെ സനാതൻ ധർമ്മം ഉന്മൂലനം ചെയ്യുക എന്ന പരാമർശത്തിൽ സുപ്രീം കോടതി തിങ്കളാഴ്ച പരസ്യമായി ശാസിച്ചിരുന്നു.
കോൺഗ്രസും ഡിഎംകെയും അഴിമതിയിലും പാരമ്പര്യത്തിലും മുങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അവർക്ക് അവരുടെ കുടുംബം മാത്രമാണ് എല്ലാമെന്നും അവർക്ക് അഴിമതിയാണ് എല്ലാമെന്നും പ്രധാനമന്ത്രി വിമർശിച്ചു. ജെഎംഎം കൈക്കൂലി കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി വിധി സംശുദ്ധ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞു.
ഇൻഡി സഖ്യത്തിലെ അഴിമതിക്കാരായ നേതാക്കൾക്ക് ലഭിച്ചിരുന്ന സംരക്ഷണം സുപ്രീം കോടതി റദ്ദാക്കി. ഞാൻ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മോദി പറഞ്ഞു.
പതിറ്റാണ്ടുകളായി ഇൻഡി സഖ്യകക്ഷികൾ കൊള്ളയുടെ രാഷ്ട്രീയമാണ് ചെയ്തു വരുന്നത്. അവർ കാരണം യുവാക്കൾ രാഷ്ട്രീയത്തിൽ നിരാശരാണ്. പാരമ്പര്യ പാർട്ടികൾക്ക് കഠിനാധ്വാനവുമായി യാതൊരു ബന്ധവുമില്ല. ജനങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നത് തങ്ങളുടെ ഉത്തരവാദിത്തമായി അവർ കാണുന്നില്ല. അതിനാൽ പാരമ്പര്യ പാർട്ടികൾ അഹങ്കാരം കൊണ്ടുവരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമെ വികസിത തമിഴ്നാടിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. ഒരു വികസിത തമിഴ്നാടിന് മാത്രമേ ഒരു വികസിത് ഭാരതത്തിന് വഴിയൊരുക്കാൻ സാധിക്കുകയുള്ളു. ഒരു വികസിത് ഭാരത് നിർമ്മിക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: