മലയാളത്തിന്റെ കറകളഞ്ഞ നിരൂപകപ്രമാണി മുണ്ടശ്ശേരിക്കുശേഷം ആര് എന്നതിനുത്തരം നല്കിയ സാഹിത്യ സാമ്രാട്ട് എം.ആര്. ചന്ദ്രശേഖരന്റെ ജന്മദിനമാണിന്ന്. ചങ്ങമ്പുഴയും മുണ്ടശ്ശേരിയും മാരാരും തൊട്ട് എന്‍.വിയും അഴീക്കോടും വരെയുള്ള കുലപതികളോടൊപ്പം സാഹിതീസപര്യ ജീവിതവ്രതമാക്കിയ നാളുകള്‍ തലയെടുപ്പോടെ അയവിറക്കിയ ‘സംഗ്രാമപര്വ്വം’ രചിച്ച എം.ആര്. ചന്ദ്രശേഖരന് തൃശ്ശൂര്‍ ചെമ്പുകാവ് ധന്യശ്രീയില്‍ വിശ്രമ ജീവിതത്തിലാണ്. ഇന്ന് തൃക്കേട്ട നക്ഷത്രത്തില്‍ 95 തികയുന്ന ഫ്രൊ.എം.ആര്. ചന്ദ്രശേഖരന് ഇതുവരെ മലയാള സാഹിത്യത്തിന് സംഭാവന നല്‍കിയത് അമ്പതിലധികം കൃതികള്‍. എം.ആര്.സിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘കല്‍ക്കത്തയില്‍ നിശ്ചയിച്ച കമ്യൂണിസ്റ്റ് അധികാരകൈയേറ്റത്തിന്റെ കുത്തിയൊഴുക്കില്‍പ്പെട്ട് മൂന്ന് കൊല്ലം വിദ്യാഭ്യാസം മുടങ്ങി. 52 ലെ ഡിഗ്രി തുടങ്ങിയിട്ടുള്ളൂ’.
വയല്‍ വരമ്പിലൂടെ ഇരമ്പി പോകുന്ന കൂറ്റന്ജാഥ കണ്ട് ഭ്രമിച്ച കുട്ടിക്കാലവും കര്‍ഷക കുടുംബത്തിന്റെ വ്യഥകളും വിശപ്പിന്റെ കൂട്ടുമായി കഴിഞ്ഞ വേദനകളും തികട്ടുന്ന നൊമ്പരപ്പെടുത്തുന്ന കഥയെഴുതിയ സഖാവ് ചന്ദ്രേട്ടന് മുംബൈയിലേക്ക് വണ്ടി കയറി രണദിവേയെ കണ്ടത് എന്തിനായിരുന്നു? അനവധി കാലത്തെ അനുഭവസമ്പത്തുള്ള സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റില്‍ വാദിച്ച ആശാന്റെ ദുരവസ്ഥയ്ക്കുണ്ടായ ദുര്‍വിധി എന്തായിരുന്നു? മാതൃഭൂമിയിലെ എഡിറ്ററായ എംആര്‍സിക്ക് അവര്‍ അനഭിമതരായത് എങ്ങിനെയായിരുന്നു? മലയാള മണ്ണിന്റെ മണമറിയിച്ചപ്പോള് കുലംകുത്തിയായി കുറ്റപ്പെടുത്തിയ നേരത്താണ് ഹൃദയം പൊട്ടുന്ന രോദനമായി ‘സംഗ്രാമപര്‍വ്വങ്ങള്‍’ മുള പൊട്ടിയത്. എന്നിട്ടും ഘോരഘോരമായി അലറാനുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ ആഹ്വാനം കൈവിടാതെ ഇന്നും പന്തവുമേറി നെഞ്ചേറ്റി നടക്കുന്നു. പരിക്കേല്പിച്ചിട്ടും പലായനം ചെയ്യാതെ, മര്‍മ്മത്തിന് കൊള്ളുന്ന നര്‍മ്മവും ഒളിയമ്പുമായി. ഏറ്റവുമൊടുവില്‍ വെറ്റിറിനറി കോളജിലെ സിദ്ധാര്‍ത്ഥനെ കൊന്ന ചോര ചിന്തിയ കൊടിയെ വല്ലാതെ, നോവോടെ അയവിറക്കി കൊണ്ട് പറഞ്ഞത്, സ്റ്റാലിന്റെ സ്വത്വം പേറുന്നവരെ കുറിച്ചാണ്. ഇന്ന് ജീവിച്ചിരിക്കുന്ന സാഹിത്യകാരന്മാരില് എന്തുകൊണ്ടും അഗ്രേസരനായ എംആര്‍സിയുടെ ആത്മകഥ ‘സംഗ്രാമ പര്‍വ്വങ്ങള്‍’ 2023 ജനുവരിയില്‍ കോഴിക്കോട്ടെ ഇന്ത്യാ ബുക്സാണ് പ്രസീദ്ധീകരിച്ചത്.
തൃശൂരിലെ തിരൂരില്‍ സാധാരണ കര്‍ഷക കുടുംബത്തിലായിരുന്നു ജനനമെങ്കിലും പട്ടിണിയനുഭവിച്ച കഥ അമ്മയോടൊപ്പം ചേര്‍ത്ത് എപ്പോഴും പറയാറുണ്ട്. എസ്എന്‍ഡിപി ഓഫീസിലെ ആദ്യ ജോലിയും സഹോദരന് അയ്യപ്പനുമായുള്ള ബന്ധവും ക്വിറ്റിന്ത്യാ കാലത്തെ സമരങ്ങളും ഒളിവ് പ്രവര്‍ത്തനങ്ങളും കമ്യൂണിസ്റ്റ് ആശയത്തിലേക്ക് നയിച്ചു. എകെപിസിടിയുടെ സ്ഥാപകരിലൊരാളായി. സര്‍വ്വകലാശാലകളിലെ ഉപപ്ലവങ്ങള്‍ കണ്ടെത്തി സംഘടനയില്‍ അനഭിമതനായി. നായനാര്‍ ഭരിക്കുന്ന കാലത്തെ കോഴിക്കോട് സര്‍വ്വകലാശാലയിലെ അഴിമതിക്കഥകള്‍ പുറത്ത് വിട്ട് ‘യൂനിവേഴ്സിറ്റികളിലെ ഉപപ്ലവങ്ങള്‍’ രചിച്ചു. ഡിഗ്രിക്ക് മുമ്പ് കുറേകാലം മുംബൈയില്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തനത്തില്‍ മുഴുകി. ഡാങ്കെ, രണദിവെ എന്നിവരോടൊപ്പം ഇടപഴകാനായി.
പിന്നീട് സെനറ്റിലും സിന്‍ഡിക്കേറ്റിലും മെമ്പറായി. ഈ പൊതു പ്രവര്‍ത്തനകാലം ഇ.എം.എസ്സില്ലാത്തിടത്തെല്ലാം വിശദീകരണ താത്വികാചാര്യനായി തീര്‍ന്നു. പക്ഷേ ചോരയുറ്റാത്ത വിപ്ലവത്തിന്റെ മൂശയില്‍ വാര്‍ത്തെടുക്കേണ്ട നല്ല നാളെയെ കുറിച്ച് മാത്രം. അനിഷ്ടക്കേടുണ്ടാക്കിയ അത്തരം നീക്കമാണ് അദ്ദേഹത്തെ പുറത്തുനിര്‍ത്തി പൊരിക്കാന്‍ പാര്‍ട്ടി ഒരുമ്പെട്ടത്. അങ്ങിനെ അദ്ദേഹത്തെ ‘മലയാള മണ്ണിന്റെ’മണമറിയാന്‍ പ്രേരിപ്പിച്ചു. ബദല്‍രേഖ രചിച്ച എം.വി.ആറിനോടൊപ്പം നിന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി അദ്ദേഹത്തെ അനഭിമതനാക്കി. ദേശീയതയുടെ ‘ചതുര്സാരഥി’കളായ ഗാന്ധിജി, നെഹ്റു, പട്ടേല്‍, നേതാജി എന്നിവരെ പ്രണയിക്കാനുള്ള വേദികള്‍ കണ്ടെത്തിതുടങ്ങി. ഒരു കാലത്ത് കമ്യൂണിസ്റ്റ് കവിത്രയങ്ങളായറിയപ്പെട്ട വയലാര്‍, ഒഎന്‍വി, ഭാസ്കരന് എന്നിവര്‍ക്കേറ്റ വിമര്ശമുനയെപ്പറ്റി അദ്ദേഹം തന്നെ പറയുന്നത് ‘വിയോജിക്കുന്നതില്‍ യോജിക്കുന്നതാണല്ലൊ ജനാധിപത്യത്തിന്റെ സത്ത’ എന്നാണ്.
ഏറ്റവുമൊടുവില്‍ മലയാളത്തിലിറങ്ങിയ ആദ്യത്തെ ‘മലബാര്‍ മാപ്പിള ലഹള’ യെന്ന കെ. രാമന്‍പിള്ളയും പി.വി.കെ.നെടുങ്ങാടിയുമെഴുതിയ ഇന്ത്യ ബുക്സ് പ്രസിദ്ധീകരിച്ച, പരിഷ്കരിച്ച പതിപ്പിന് അവതാരികയെഴുതിയപ്പോള് ‘മലബാറിലെ മുസ്ലീംങ്ങളുടെ പ്രപിതാമഹന്മാര് വളരെ കണ്ണീര്പ്പൊഴിച്ചാവും ദീനിന് വശപ്പെട്ടത്. അവരുടെ അനന്തര തലമുറകള്‍ അതോര്‍ത്താല്‍ നന്നായിരുന്നു.’ എന്നെഴുതി. കൂടാതെ ‘അവര്‍ക്ക് തങ്ങളല്ലാത്തവരെല്ലാം കാഫിര്‍ ആണ്. ഭാരതീയ ജനസമുദായത്തോടു രജ്ഞിക്കാന് അവര്‍ കാഫിര്‍ വിളി മറക്കണം. തൊപ്പി വെച്ച് ബാലപാഠശാലകളില് പോകുന്ന കുഞ്ഞുങ്ങളുടെ നാവിലുമുണ്ട് കാഫിര്‍. തെളിവിന് എം.ടി. വാസുദേവന്‍ നായരുടെ ആദ്യ നോവല്‍ പാതിരാവും പകല്‍വെളിച്ചവും മറിച്ച് നോക്കുക’ എന്നദ്ദേഹം കുറിച്ചത് നാടിന്റെ സ്പന്ദനം തിരിച്ചറിഞ്ഞതുകൊണ്ടാണ്.
കൊട്ടിഘോഷിക്കുന്ന കമ്യൂണിസ്റ്റ് സമരങ്ങളിലെ പൊള്ളത്തരങ്ങള്‍ ഒരോന്നായി തുറന്നെഴുതിയതുമാത്രമല്ല ‘സാഹിത്യത്തിലെ ഉഷ്ണരാശി’ക്കാരെയും വെറുതെ വിട്ടില്ല. അവരുടെ ഭൂസ്പര്‍ശമില്ലാത്ത കിനാവിനെ കളിയാക്കിയാണ് ‘സ്വപ്നാടനം’ എന്ന കൃതി എഴുതിയത്. പക്ഷേ അതേ കൃതിയില്‍ ഒ.വി. വിജയന്റെ കമ്യൂണിസത്തോടുള്ള വിപ്രതിപ്പത്തി അനാസ്പദമല്ലന്നും കൂട്ടിച്ചേര്‍ത്തു. കമ്യൂണിസം വിജയന്റെ മനസ്സിലുണ്ടാക്കിയ മുറിപ്പാട് അശാമ്യമായിരുന്നുവത്രേ. കുട്ടിക്കാലത്ത് തന്നെ സ്റ്റാലിന് ആവേശം തലക്കു പിടിച്ച കാലത്ത് തുടങ്ങിയതാണ് എംആര്‍സിയുടെ ആദര്‍ശം. ഊണിലും ഉറക്കിലും ഇത് പ്രചരിപ്പിക്കാനുള്ള ഇടങ്ങള്‍ തീര്‍ക്കുകയാണ് സംഘാടകരുടെ പണി. എന്നാല്‍ കുത്തും കുന്തമുനയുമേറ്റ് മുറിവേറ്റ സിംഹമായി പിന്നീട്. ഒരിക്കലും ചോര ചിന്തരുതെന്ന് മനസ്സുരുകി പറഞ്ഞ എംആര്‍സി തൃശൂര്‍ സീതാറാം മില്ലില്‍ നേതാവായ ഒരു ‘കെ’യെ കത്തിയെടുത്ത് കുത്തി കൊല്ലാന്പോയ നേതാവിനെ തടഞ്ഞുവെച്ചത് അതുകൊണ്ടാണ്. അതാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെഴുതിയ അക്കിത്തത്തെ എംആര്‍സി ഇഷ്ടപ്പെട്ടത്.
‘തന്റെ സമയവും ഊര്‍ജ്ജവും മറ്റ് രംഗത്ത് വാരിക്കോരിച്ചെലവാക്കിയില്ലായിരുന്നെങ്കില് എംആര്‍സി മറ്റൊരു മുണ്ടശ്ശേരിയായേനെ’- എന്നാണ് ഡോ.എം.ലീലാവതി സംഗ്രാമ പര്‍വ്വത്തില്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: