കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിസിയുടെ ഭാഗത്ത് വീഴ്‌ച്ചയുണ്ടായതായി പോലീസ് റിപ്പോർട്ട്. സിദ്ധാർത്ഥ് മരിച്ച ദിവസം ഉച്ച മുതൽ വിസി ഡോ. എം ആർ ശശീന്ദ്രനാഥ് ക്യാംപസിൽ ഉണ്ടായിരുന്നു. മരണവിവരം അറിഞ്ഞിട്ടും അന്വേഷിക്കാൻ വിസി തയ്യാറായില്ല. മാനേജ്മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖങ്ങൾ നടത്തുകയായരുന്നു ശശീന്ദ്രനാഥ്. അഭിമുഖം കഴിഞ്ഞ് 21നാണ് വിസി ക്യാംപസിൽ നിന്ന് പോയത്.
സിദ്ധാർത്ഥന്റെ മൃതദേഹം പോലീസ് എത്തുന്നതിനു മുൻപുതന്നെ അഴിച്ചതായും റിപ്പോർട്ടുണ്ട്. പ്രതികൾ തന്നെയാണ് ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം അഴിച്ചത്. മർദന വിവരം വീട്ടിൽ അറിയിക്കാതിരിക്കാൻ സിദ്ധാർഥിന്റെ ഫോൺ പ്രതികൾ പിടിച്ചുവെച്ചതായും തിരികെ നൽകിയത് 18-ന് രാവിലെയാണെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഹോസ്റ്റലിൽ നടന്ന പീഡനം തന്നെ അറിയിച്ചില്ലെന്ന് മുൻ വിസി പറഞ്ഞു. മരണവിവരം മാത്രമാണ് അറിയിച്ചത്. മർദ്ദന വിവരം അദ്ധ്യാപകർ മറച്ചുവച്ചു. ആത്മഹത്യ നടന്ന വിവരം മാത്രമാണ് അറിയിച്ചത്. 18 ന് ക്യാംപസിൽ എത്തിയത് ഒഴിവാക്കാൻ കഴിയാത്ത അഭിമുഖമുണ്ടായിരുന്നതിനാലാണ്. മൃതദേഹം കൊണ്ടുവന്നപ്പോൾ അഭിമുഖം നിർത്തിവച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വിചിത്ര വാദങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതികള്‍. ആളുമാറിയാണ് സിദ്ധാര്‍ത്ഥനെ കോളേജിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പ്രതികൾ പറയുന്നത്. ക്ലാസിലെ മറ്റൊരു സിദ്ധാര്‍ത്ഥനെ വിളിച്ചപ്പോള്‍ നമ്പര്‍ മാറിയതാണെന്നും അന്വേഷണ സംഘത്തോട് പ്രതികളിലൊരാള്‍ പറഞ്ഞു.
16നും 17നും വീട്ടുകാര്‍ സിദ്ധാര്‍ഥനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. സഹപാഠികളിലൊരാളെ വിളിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും സിദ്ധാര്‍ഥന്‍ കിടക്കുകയാണെന്നും അറിയിച്ചു. ഈ സമയത്തെല്ലാം സിദ്ധാര്‍ഥന്റെ ഫോണ്‍ പ്രതികളുടെ കൈയിലായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: